ഉക്രെയ്‌നിലെ യുദ്ധഭൂമിയില്‍ നിന്ന് ജീവന്‍പിടിച്ച് തിരികെയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലേക്ക്. മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള യോഗ്യത നിര്‍ണ്ണയിക്കുന്ന നീറ്റ് പരീക്ഷയിലെ മികവിന്റെ അഭാവവും ഒപ്പം ഫീസ് എന്നീ രണ്ടു ഘടകങ്ങളാണ് ഇന്ത്യയില്‍ നിന്നും മെഡിക്കല്‍ പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന രണ്ടു മുഖ്യ കാരണങ്ങള്‍. ഉക്രയിനില്‍ നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനാനുമതി നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിയമ പ്രകാരം സംവിധാനങ്ങളില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
ഉക്രെയ്നില്‍ നിന്നും മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ഹര്‍ജികള്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ ലോക്‌സഭാ സമിതി ഉക്രെയ്നില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന ശുപാര്‍ശ നല്‍കിയിരുന്നു. ശുപാര്‍ശയുടെ പശ്ചാത്തലത്തിലാണ് വിഷയം സുപ്രീം കോടതിയില്‍ ഉന്നയിക്കപ്പെട്ടത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാംശു ധുലിയ എന്നിവരുള്‍പ്പെട്ട ബഞ്ച് ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും.
ഉക്രെയ്നില്‍ നിന്നും മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനാനുമതി നല്‍കുന്നത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീറ്റ് പരീക്ഷയില്‍ യോഗ്യത കുറഞ്ഞവരെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അനുമതി നല്‍കിയാല്‍ അത് കൂടുതല്‍ നിയമ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കും. മെറിറ്റ് കുറഞ്ഞവര്‍ക്ക് മെഡിക്കല്‍ സീറ്റിന് പ്രവേശനം നല്‍കിയാല്‍ അതിനര്‍ഹതയുള്ളവര്‍ ചോദ്യമുയര്‍ത്തും. മാത്രമല്ല ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസ് ഒടുക്കാന്‍ അവര്‍ക്കാകുമോ എന്നതും പരിഗണിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
English Summary: Can’t admit Ukraine returnee students to Indian medical colleges
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.