കരുതിക്കൂട്ടി ഉണ്ടാക്കിയ നിസ്സംഗതയോടെ ദസ്തയേവ്സ്കി, പതിഞ്ഞ സ്വരത്തിൽ അന്നയോട് ചോദിച്ചു:
“കുറേനാൾ മുമ്പാണ്. ഞാൻ എന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പോൾ ഓർകുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലുംകൊണ്ടാണോ നീ വന്നിരിക്കുന്നത്?”
അന്ന വിളറിപ്പോയി…
നിയമ പഠന കാലത്താണ് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ആദ്യം വായിക്കുന്നത്. ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരൻ ദസ്തയേവ്സ്കി കഥാപാത്രമായി വരുന്ന നോവൽ. ദസ്തയേവസ്കിയുടെ രണ്ടോ മൂന്നോ ആഴ്ചക്കാലത്തെ ജീവിതം പ്രതിപാദിക്കുന്ന നോവൽ, അന്നയും ദസ്തയേവ്സ്കിയും തമ്മിലുള്ള പ്രണയമേ അല്ലെന്ന് കഥാകാരൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദസ്തയേവസ്കിയും അന്നയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണെന്ന് പറയുമ്പോഴും, ആ പ്രണയം പോലും ദസ്തയോവസ്കി അനുഭവിച്ച കൊടിയ ദുരന്തങ്ങളുടെ കഥയായിരുന്നു. ചൂതാട്ടവും, മദ്യവും, പ്രസാധകന്റെ ഭീഷണിയും മൂലം താളം തെറ്റിയ ദസ്തയേവ്സ്കിക്ക് പ്രണയ സാന്ത്വനവുമായി കടന്നുവരുന്ന സ്റ്റെനോഗ്രാഫർ അന്ന. വായനയിലുടനീളം അന്നയുടെ സ്ഥാനത്ത് ഞാൻ എന്നെ പ്രതിഷ്ഠിച്ചിരുന്നു. അന്ന് ദസ്തയവ്സ്കിയെക്കാൾ എന്നെ സ്വാധീനിച്ചത് അന്നയായിരുന്നു.
പെരുമ്പടവം ശ്രീധരൻ കേരള സാഹിത്യ സഹകരണ സംഘത്തിന്റെ ഡയറക്ടറായിരുന്ന കാലത്താണ് ഈ നോവൽ എഴുതുന്നത്. പുസ്തകം സംഘം വഴി പ്രസിദ്ധീകരിക്കാമായിരുന്നു. പക്ഷേ മറ്റൊരു എഴുത്തുകാരന് കിട്ടേണ്ട അവസരം നേടിയെടുക്കുന്നതിന് അദ്ദേഹം തയ്യാറല്ലായിരുന്നു. അപ്പോഴാണ് ആശ്രാമം ഭാസി പുസ്തകം അച്ചടിക്കാൻ തയ്യാറായി വരുന്നത്. 1000 കോപ്പി പോലും വിറ്റുപോവില്ലെന്ന് കരുതി, ഭാസിയെ നിരുത്സാഹപ്പെടുത്തി യെങ്കിലും ഒടുവിൽ ഭാസിയുടെ നിർബന്ധത്തിനു മുന്നിൽ കീഴടങ്ങി. ശേഷം ചരിത്രം. ഒരു നോവൽ എഴുത്തുകാരന്റെ എഴുത്ത് ജീവിതത്തെ രണ്ട് ഘട്ടമായി മാറ്റുന്നതും മലയാള സാഹിത്യ ലോകം കണ്ടു. ‘ഒരു സങ്കീർത്തനംപോലെ’ എന്ന നോവൽ 122-ാം പതിപ്പിലെത്തി നിൽക്കുന്നു.
ഹൈസ്ക്കൂൾ പഠനകാലത്ത് വായിച്ച ‘അഭയം’, ‘അന്തിവെയിലിലെ പൊന്ന്’ എന്നീ നോവലുകളിലൂടാണ് പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരൻ എന്റെ പരിമിതമായ വായനാ ലോകത്തേയ്ക്ക് എത്തുന്നത്. എഴുത്തിൽ കാല്പനികതയും കാവ്യാത്മകതയും സമന്വയിപ്പിച്ച കഥാകാരൻ. എത്രയോനാൾ അഭയത്തിലെ സേതു ലക്ഷ്മിയ്ക്കും അന്തിവെയിലിലെ പൊന്നിലെ മായയ്ക്കും ഒപ്പം ഞാനും നടന്നു.
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റേയും ലക്ഷ്മിയുടേയും മകനായി 1938 ഫെബ്രുവരി 12 നാണ് ശ്രീധരന്റെ ജനനം.
നാലു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചതിനാൽ അമ്മ ലക്ഷ്മിയാണ് ശ്രീധരനെ ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ ചേർക്കാൻ കൊണ്ടുപോയത്. അമ്മയ്ക്ക് മകന്റെ ജനനത്തീയതി കൃത്യമായി ഓർക്കാൻ കഴിഞ്ഞിരുന്നില്ല. അന്നവിടെ ഉണ്ടായിരുന്ന അധ്യാപകരിൽ ആരോ എഴുതിയ ജനനതീയതിയാണത്രെ 1938 ഫെബ്രുവരി 12.
കുട്ടിക്കാലം മുതലേ വായനയിലും സാഹിത്യത്തിലും ആകൃഷ്ടനായിരുന്നു ശ്രീധരൻ. ആറാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നോട്ടുബുക്കിന്റെ പിന്നിൽ പൂവിനെക്കുറിച്ച് എഴുതിയതാണ് ആദ്യ കവിത. അന്ന് സ്കൂളിലെ പ്രധാന മലയാള അധ്യാപികയായിരുന്നു കവി സിസ്റ്റർ മേരി ബനീഞ്ജ. കവിത വായിച്ച സിസ്റ്റർ പറഞ്ഞു; ” വായനമുടക്കരുത്. നല്ല ഭാവിയുണ്ട്.” സിസ്റ്ററിന്റെ ഈ വാക്കുകളായിരുന്നു കുട്ടിയായ ശ്രീധരന്റെ സാഹിത്യ ജീവിതത്തിലെ ആദ്യ അംഗീകാരം.
ഹൈസ്കൂൾ കഴിഞ്ഞതോടെ കൂടുതൽ നേരം വായനയുടെ ലോകത്തായി. ശ്രീധരന്റെ ഉള്ളിൽ വായനയുടെ വഴികൾ തുറന്നവരിൽ അയൽപക്കത്തെ ബീഡിതെറുപ്പുകാരനായ രാമകൃഷ്ണനും നാട്ടിലെ യുക്തിവാദിയായിരുന്ന പി കെ നായർക്കും ഉള്ള പങ്ക വലുതായിരുന്നു. നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാമകൃഷ്ണനാണ് മാർക്സിലേക്കും ഏംഗൽസിലേക്കും ശ്രീധരനെ നയിച്ചത്. നിരവധി വാരികളുടെയും മാസികകളുടെയും കെട്ടുകൾ രാമകൃഷ്ണൻ കൊണ്ടുവരും. രണ്ടുപേരും ചേർന്ന് അവയൊക്കെ വായിക്കും.
ഹൈസ്ക്കൂൾ വിട്ട ശേഷം കവിതയിൽ നിന്നും പതിയെ മനസ്സ് കഥയിലേക്ക് മാറി. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വായിച്ചതാണ് വഴിത്തിരിവായതെന്ന് കഥാകാരൻ. ചുററും കാണുന്ന ജീവിതത്തെക്കുറിച്ച് ഒരു കഥ എഴുതണമെന്ന മോഹം കലശലായി. നാട്ടിലെ സർപ്പക്കാവിനെ ചുറ്റിപ്പറ്റി എഴുതി. എഴുതിയെഴുതി അതൊരു നോവലായി. നോവൽ പൂർത്തിയായപ്പോൾ ജനയുഗത്തിലേക്ക് അയച്ചു കൊടുത്തു. അക്കാലത്ത് ഏറെ പ്രചാരമുള്ള വാരികയാണ് ജനയുഗം. നോവൽ മടക്കി അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ശ്രീധരനെ അത്ഭുതപ്പെടുത്തി കൊണ്ട് ആദ്യ നോവൽ ജനയുഗത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു. അങ്ങനെ ശ്രീധരൻ, പെരുമ്പടവം ശ്രീധരൻ എന്ന എഴുത്തുകാരനായി.
ജീവിത യാതനകളെ സർഗശക്തിയാക്കി മാറ്റിയ കഥാകാരനാണ് പെരുമ്പടവം ശ്രീധരൻ. അഭയം എഴുതുന്ന കാലം. ആരാധന മൂത്ത് ഒപ്പം കൂടിയ ഭാര്യ ലൈല പൂർണ ഗർഭിണിയാണ്. സാമ്പത്തിക ഞെരുക്കും ദിവസം പ്രതി കൂടുന്നു. മൂവാറ്റുപുഴയാറിന്റെ തീരത്ത് പുഴക്കടവിനടുത്ത് ശിവൻകുന്നിലാണ് അക്കാലത്ത് താമസം. നോവൽ ഏറെക്കുറെ പൂർത്തിയായി. ജീവിതം വല്ലാത്ത പ്രതിസന്ധിയിലും. പുഴയിൽച്ചാടി ജീവിതം അവസാനിപ്പിക്കാമെന്ന് ഒരു നിമിഷം ചിന്തിച്ചു. അപ്പോൾ പിന്നിലൊരു പെൺശബ്ദം, “ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ… ” നോവലിലെ നായിക കഥാപാത്രമായ, മരണം വരിച്ച സേതുലക്ഷ്മി തന്നെ ജീവിതത്തിലേക്ക് മടക്കിയ അനുഭവം അദ്ദേഹം പലതവണ പങ്കുവച്ചിട്ടുണ്ട്.
കേരളശബ്ദം നടത്തിയ നോവൽ മത്സരത്തിൽ, ഒന്നാം സമ്മാനമായ 1000 രൂപ അഭയത്തിന് ലഭിച്ചു. കുങ്കുമം വാരികയിലാണ് നോവൽ പ്രസിദ്ധീകരിച്ചത്. പിന്നീട് കോട്ടയത്തെ സാഹിത്യ പ്രസിദ്ധീകരണ സഹകരണ സംഘം പുസ്തകമാക്കി. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ട് അഭയം സിനിമയാക്കി.
അഷ്ടപദി, ആയില്യം, ഒറ്റച്ചിലമ്പ്, അർക്കവും ഇളവെയിലും, ആരണ്യഗീതം, കാൽവരിയിലേക്ക് വീണ്ടും, ഇടത്താവളം, മേഘച്ഛായ, ഏഴാം വാതിൽ, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, തേവാരം, പകൽപൂരം, ഇലത്തുമ്പുകളിലെ മഴ, ഹൃദയരേഖ, അസ്തമയത്തിന്റെ കടൽ, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടിൽ പറക്കുന്ന പക്ഷി, തൃഷ്ണ, സ്മൃതി, ഏഴാംവാതിൽ തുടങ്ങിയവയാണ് പെരുമ്പടവത്തിന്റെ മറ്റു പ്രധാനകൃതികൾ.
കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്. മലയാറ്റൂർ അവാർഡ് എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്ക്കാരങ്ങൾ അദ്ദേഹത്തിന്റെ വിവിധ രചനകൾക്ക് ലഭിച്ചിട്ടുണ്ട്.
ഭാര്യ ലൈലയുടെ അസുഖങ്ങളും ചികിത്സയും മരണവും കാരണം മുടങ്ങിയ എഴുത്ത് ‘അവനി വാഴ്വ് കിനാവ്’… എന്ന നോവലിലൂടെ തുടരുന്നു. മഹാകവി കുമാരനാശാനാണ് കേന്ദ്ര കഥാപാത്രം.
വരുമാനമില്ലാതിരുന്ന കാലത്ത് ഒപ്പം കൂടിയ പ്രണയിനി, ലൈലയായിരുന്നു ശ്രീധരന്റെ ജീവിതത്തിലെ വിളക്ക്. ഭാര്യയുടെ മരണം അദ്ദേഹത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ല. ഫെബ്രുവരി 12ന് 85ന്റെ നിറവിലെത്തിയ കഥാകാരന്‍ എഴുത്തുകൊണ്ട് ആ ഏകാന്തതയെ മറികടക്കുന്നു.
“അത്രമേൽ സ്നേഹിച്ച ഒരാളുടെ മരണം നമ്മുടെ ജീവിതത്തെ എത്ര നിശ്ശൂന്യമാക്കിതീർക്കുമെന്ന് ഇപ്പോൾ ഞാനറിയുന്നു…” ഒപ്പം നടക്കുന്ന സ്നേഹിതനോടെന്നപോലെ സ്വയം സംസാരിക്കുന്ന ദസ്തയേവ്സ്കിയുടെ രൂപം മനസ്സിൽ മിന്നിമറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.