സാങ്കേതിക വിഭാഗം ജീവനക്കാരെ കൂടി ഉൾപ്പെടുത്തി ഓഡിറ്റ് സംവിധാനം പുനഃക്രമീകരിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതാർഹവും കര്‍ഷക ക്ഷേമപരവുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്). കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ നിരന്തരമായ ആവശ്യപ്രകാരം കൂടിയാണ് പുതിയ ഉത്തരവ്. കൃഷി വകുപ്പിലെ ആഭ്യന്തര കണക്ക് പരിശോധന കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സർക്കാർ ഉത്തരവുകൾ മുൻപ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവുകൾ അനുസരിച്ച് വകുപ്പിലെ ആഭ്യന്തര കണക്ക് പരിശോധന വിഭാഗം യഥാസമയം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിലും അവ തീർപ്പു കല്പിക്കുന്നതിലും വീഴ്ച വരുത്തുന്നത് കാരണം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
വിരമിച്ച് വർഷങ്ങൾക്ക് ശേഷവും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും വ്യാപക പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിശദമായ പരിശോധന നടത്തുകയും അത് പരിഹരിക്കുന്നതിന് സാങ്കേതിക വിഭാഗം ജീവനക്കാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഓഡിറ്റ് സംവിധാനം പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ദീർഘകാലമായി കൃഷി വകുപ്പിലെ കണക്ക് പരിശോധന സംബന്ധിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് പര്യാപ്തമാണെന്ന് കെജിഒഎഫ് വ്യക്തമാക്കി.
എന്നാൽ ഈ ഉത്തരവിനെതിരെ ഒരു വിഭാഗം മിനിസ്റ്റീരിയൽ ജീവനക്കാർ ദുഷ്‌പ്രചാരണം നടത്തി സർക്കാരിന്റെ സദുദ്ദേശത്തെ തുരങ്കം വയ്ക്കാൻ ശ്രമിക്കുകയാണെന്ന് കെജിഒഎഫ് പറഞ്ഞു. കൃഷി വകുപ്പ് ഒഴികെ മറ്റെല്ലാ സാങ്കേതിക വകുപ്പുകളിലും സാങ്കേതിക വിഭാഗം ജീവനക്കാരെ കൂടി ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഓഡിറ്റ് വിഭാഗം സംഘടിപ്പിച്ചിട്ടുള്ളതെന്ന് കെജിഒഎഫ് ചൂണ്ടിക്കാട്ടി. പുതുക്കിയ ഉത്തരവ് അടിയന്തരമായി പ്രാബല്യത്തിൽ വരുത്തണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ, ജനറൽ സെക്രട്ടറി ഡോ. വി എം ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.
English Summary;Audit system in agriculture department revamped for farmer welfare: KGOF
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.