23 January 2026, Friday

Related news

January 19, 2026
January 13, 2026
January 3, 2026
January 3, 2026
January 3, 2026
December 24, 2025
December 18, 2025
December 15, 2025
December 7, 2025
December 5, 2025

തൃശൂർ പൂരം നടത്തിപ്പിൽ ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടരുത്; സുരക്ഷയിൽ വിട്ടുവീഴ്ച വരരുതെന്നും മുഖ്യമന്ത്രി

Janayugom Webdesk
തൃശൂർ
March 1, 2025 9:54 pm

തൃശൂർ പൂരം നടത്തിപ്പിൽ ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടരുതെന്നും സുരക്ഷയിൽ വിട്ടുവീഴ്ച വരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.മേയ് ആറിന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിര്‍ദേശം നൽകി. 

നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൽ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ്ഗ നിര്‍ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. 

കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും അദ്ദേഹം നിർദേശം നൽകി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, റവന്യു വകുപ്പ് മന്ത്രി കെ രാജൻ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, മന്ത്രി ഡോ. ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റവന്യു പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഇൻ്റലിജൻസ് മേധാവി പി വിജയൻ, വനം വകുപ്പ് മേധാവി ഗംഗാ സിങ്, തൃശൂർ എംഎല്‍എ പി ബാലചന്ദ്രൻ, തൃശൂർ മേയർ എം കെ വർഗ്ഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.