26 December 2024, Thursday
KSFE Galaxy Chits Banner 2

പട്ടാളത്തിൽ നിന്ന് വിമരിച്ച ശേഷം കൃഷിയിടത്തിൽ: മണ്ണിൽ പൊന്നു വിളയിച്ച് ജോബിഷ് ജോസ്

സോമൻ പിലാത്തോട്ടം
കോഴിക്കോട്
April 12, 2022 4:24 pm

ഇരുപത് വർഷക്കാലത്തെ സേവനത്തിന് ശേഷം പട്ടാളത്തിൽ നിന്നും വിരമിച്ച ജോബിഷ് ജോസ് ഇപ്പോൾ മണ്ണിൽ പൊന്നുവിളയിക്കുകയാണ്. ബാലുശ്ശേരി വയലട സ്വദേശിയായ ജോബിഷ് പന്ത്രണ്ട് വർഷത്തോളമായി താമരശ്ശേരി ചുങ്കത്താണ് കുടുംബത്തോടപ്പം താമസിക്കുന്നത്. വീടിന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ നൂറു മേനി വിളയിച്ച് സമൂഹത്തിന് മാതൃകയായി മാറിയിരിക്കുകയാണ് ജോബിഷ്.

 

ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമി എടുത്ത ശേഷം പല സ്ഥലങ്ങളിലും ജോലി നോക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുത്തത്. സെലക്ഷൻ നേടിയ ജോബിഷ് ജോസ് നാസിക്കിൽ ട്രെയിനിംഗ് പൂർത്തിയാക്കി. രാജസ്ഥാൻ മരുഭൂമിയിലും കാശ്മീരിലെ പർവ്വത നിരകളിലടക്കം ജോലി നോക്കി. ഇരുപത് വർഷത്തെ സേവനത്തിന് ശേഷം നാട്ടിലെത്തിയ ജോബിഷ് ജീവിതത്തിന്റെ രണ്ടാം ഘട്ടം എങ്ങിനെ തുടങ്ങണമെന്ന ആലോചനയിൽ കൃഷി തെരഞ്ഞെടുക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തിയെങ്കിലും ജോബിഷ് കൃഷിയിൽ സജീവമാകുകയായിരുന്നു. താമസ സ്ഥലത്തിന് തൊട്ടടുത്ത പ്രദേശമായ മിച്ചഭൂമിക്ക് സമീപം എളോത്ത് കണ്ടിയിലെ അഞ്ചേക്കൽ തരിശു സ്ഥലം സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്നും പാട്ടത്തിനെടുത്താണ് ജോബിഷ് കൃഷി തുടങ്ങിയത്. റബ്ബർ മരങ്ങൾക്കിടയിൽ കാട് നിറഞ്ഞ സ്ഥലം വെട്ടിതെളിയിച്ചാണ് ജോബിഷ് കൃഷിയിൽ പൊന്നു വിളയിച്ചത്. നാലായിരത്തോളം നേന്ത്രവാഴകൾ, ഇഞ്ചി, ചേമ്പ്, മഞ്ഞൾ, കപ്പ, എന്നിവയെല്ലാം കൃഷിയിടത്തിൽ വിളയിച്ചെടുക്കുകയാണ് ജോബിഷ്. കൂടാതെ മത്സ്യ കൃഷിയിലും സമയം കണ്ടെത്തുന്നുണ്ട് 42 കാരനായ ജോബിഷ്. രണ്ടു കുളങ്ങൾ സ്ഥലത്തുള്ളതിനാൽ മത്സ്യകൃഷി എളുപ്പമായി. പാഴ്മരങ്ങൾ നിറഞ്ഞ കാടു പിടിച്ച സ്ഥലമായിരുന്നതിനാൽ നിലം ഒരുക്കുന്നതിനും ചെളി നിറഞ്ഞ സ്ഥലത്തുനിന്ന് അവ ഒഴുക്കി വിടേണ്ടതിനുമായി വലിയ തുക തന്നെ ചിലവാക്കേണ്ടി വന്നതായി ജോബിഷ് പറഞ്ഞു. പന്നി മുള്ളൻപന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്യവും തൊഴിലാളികളെ കിട്ടാത്ത പ്രശ്നവും എല്ലാം അതിജീവിച്ചാണ് ജോബിഷ് കൃഷിയിൽ മുന്നേറി കൊണ്ടിരിക്കുന്നത്. രാജ്യത്തെ സ്നേഹിച്ച തനിക്ക് കൃഷിയിൽ അഭിമാനമുണ്ടെന്ന് ജോബിഷ് ജനയുഗത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി എ കെ ശശീന്ദ്രൻ കൃഷിയിടത്തിലൊരുക്കിയ ചടങ്ങിൽ വെച്ച് ജോബിഷിനെ ആദരിച്ചിരുന്നു.
ജോബിഷിന്റെ ഭാര്യ അനു മോൾ നഴ്സായി ജോലി ചെയ്യുന്നു. മക്കൾ: എയ്ഞ്ചൽ, ജുവാൻ, ജൊഹിൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.