
രാജേഷ് മാധവൻ സംവിധാനം ചെയ്യുന്ന ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് മലയാള സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബേസിൽജോസഫ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, സിബി മലയിൽ, രഞ്ജിത് തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ട്രൈലർ സോഷ്യൽ മീഡിയയയിലൂടെ വളരെ ആവേശത്തോടെ പങ്കുവെച്ചിരിക്കുന്നത്.
സുട്ടു എന്ന നായയെ കേന്ദ്ര കഥാപാത്രമാക്കി, പുതുമുഖങ്ങളോടൊപ്പം ഒരുക്കുന്ന ചിത്രം, മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സിനിമാനുഭവം തന്നെയാകുമെന്ന സൂചനയാണ് ട്രയിലർ നൽകുന്നത്. ആക്ഷൻ, കോമഡി, ഇമോഷൻ എന്നിവ സമന്വയിപ്പിച്ചുകൊണ്ട്, ഗ്രാമീണ ജീവിതത്തിന്റെ മണം പകരുന്ന അവതരണമാണ് ട്രെയിലറിൽ നിറയുന്നത്. ഫാന്റസിയും സോഷ്യൽ സറ്റയറും ചേർത്തിണക്കുന്ന കഥാപരിസരം, ‘പെണ്ണും പൊറാട്ടും’ ഒരു കൾട്ട് സിനിമ എന്ന നിലയിൽ തന്നെ മുന്നോട്ടുവയ്ക്കുന്നു.
ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിൽ ഒന്ന്, സുട്ടു എന്ന നായയ്ക്ക് ശബ്ദം നൽകുന്നത് ടോവിനോ തോമസ് ആണെന്നത് തന്നെയാണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. കോമഡിയിലും ആക്ഷനിലും ഉൾപ്പെടെ, ഭൂരിഭാഗം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ് അവതരിപ്പിക്കുന്നത്, എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ പുതുമകൾ അവതരിപ്പിച്ച നിർമ്മാതാവ് സന്തോഷ് ടി. കുരുവിളയുടെ STK Frames ആണ് ചിത്രം നിർമ്മിക്കുന്നത്. STK Frames നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായി ഒരു നായ നായകനാകുന്നു എന്നതും ‘പെണ്ണും പൊറാട്ടും’ നെ ഏറെ വ്യത്യസ്തമാക്കുന്നു.
ചിത്രത്തിന്റെ OTT അവകാശം തിയേറ്റർ റിലീസിന് മുൻപേ തന്നെ NETFLIX സ്വന്തമാക്കിയതാണ് സിനിമയെ ചുറ്റിപ്പറ്റിയ മറ്റൊരു വലിയ വാർത്ത. അടുത്ത കാലത്തായി ഒരു മലയാള സിനിമ പോലും തിയേറ്റർ റിലീസിന് മുൻപ് ഇത്തരത്തിൽ ഒരു ഗ്ലോബൽ OTT പ്ലാറ്റ്ഫോം സ്വന്തമാക്കിയിട്ടില്ല എന്നതും, ‘പെണ്ണും പൊറാട്ടും’ നെ വിനോദ വ്യവസായ തലത്തിൽ തന്നെ ഏറെ ശ്രദ്ധേയമാക്കുന്നു.
STK Frames–ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്ന കൂട്ടുകെട്ടിൽ, സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവർ ചേർന്നാണ് നിർമ്മാണം.
കാസ്റ്റിംഗ് ഡയറക്ടറായി തുടക്കം കുറിച്ച് പിന്നീട് അഭിനേതാവായും നായകനായും ശ്രദ്ധ നേടിയ രാജേഷ് മാധവൻ, ഇപ്പോൾ സംവിധായകനായി ‘പെണ്ണും പൊറാട്ടും’ അവതരിപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻ അനുഭവങ്ങളും ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് കരുത്തേകുന്നു. ഗോവയിൽ ഗാല പ്രീമിയർ വിഭാഗത്തിൽ ഈ വർഷം പ്രദർശിപ്പിക്കപ്പെട്ട ഒരേയൊരു മലയാള സിനിമ എന്ന അംഗീകാരം കൂടി ചിത്രത്തിനുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. കട്ട ലോക്കൽ ഡയലോഗുകളും ശക്തമായ തിരക്കഥയും ചിത്രത്തിന്റെ പ്രധാന കരുത്തുകളാണെന്ന് ട്രൈലർ വ്യക്തമാക്കുന്നു.
സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. സംഗീതം ഡോൺ വിൻസെന്റ്. നാനൂറിലധികം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന ‘പെണ്ണും പൊറാട്ടും’, ഒരു വ്യത്യസ്തവും പുതുമയുമുള്ള സിനിമാ പരീക്ഷണം തന്നെയാണെന്ന് ട്രൈലർ ഉറപ്പിക്കുന്നു. ഫെബ്രുവരി 13 മുതൽ ‘പെണ്ണും പൊറാട്ടും’ തിയേറ്ററുകളിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.