ഒരു അടിപൊളി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ എല്ലാം ചേരുവകളും കൃത്യമായി ചേര്‍ത്ത ഒരു സ്വപ്നഫൈനല്‍. അങ്ങനെയാകും വരും കാലം ഖത്തര്‍ ലോകകപ്പിന്റെ കിരീടപോരാട്ടത്തെ വിശേഷിപ്പിക്കുക. നാടകീയത നിറഞ്ഞ പോരാട്ടവഴിയില്‍ വില്ലന്മാരില്ല,നയകര്‍ മാത്രം. അര്‍ജന്റീനയുടെ കയ്യിലമര്‍ന്ന ആദ്യപകുതി, ഫ്രാന്‍സ് കരുത്ത് കാണിച്ച രണ്ടാം പകുതി. ഒപ്പത്തിനൊപ്പം നിന്ന് അധികസമയം. പിന്നെ വിധിനിര്‍ണയിച്ച ഷൂട്ടൗട്ട്. പ്രതീക്ഷിക്കുക ഏറ്റവും അപ്രതീക്ഷിതത്തെ എന്നതുപോലെയായിരുന്നു കാര്യങ്ങള്‍. ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു ലുസെയ്ല്‍ സ്‌റ്റേഡിയത്തിലെ ഫൈനല്‍ മത്സരത്തെ ലോകം കാത്തിരുന്നത്. എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്തെ, എന്തും സംഭവിക്കാമെന്ന തരത്തില്‍ ഒരു അത്യുഗ്രന്‍ പോരാട്ടം. അതായിരുന്നു എല്ലാവരുടേയും മനസില്‍. പക്ഷെ കളി തുടങ്ങിയതോടെ കാര്യങ്ങള്‍ അപ്രതീക്ഷിതം. ഡി മരിയയും മെസിയും അല്‍വാരസുമൊക്കെ നടത്തുന്ന മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ വിറകൊള്ളുന്ന ഫ്രാന്‍സിന്റെ താരനിര. പ്രതിരോധത്തിലും അര്‍ജന്റീന കടുകട്ടി.
കടലാസിലെ ബലാബലമെല്ലാം മാഞ്ഞുപോയ അവസ്ഥ. മെസിപ്പടക്ക് വ്യക്തമായ മേല്‍ക്കൈ. അതിനനുസരിച്ച് തന്നെ ഗോളും. ഡി മറിയയെ തളക്കാനാകാതെ ഫ്രഞ്ച് പ്രതിരോധം ആടി ഉലഞ്ഞപ്പോള്‍ രണ്ടുഗോളുകള്‍. രണ്ടിലും മറിയ ടച്ച്. ആദ്യ പകുതി പിന്നിടുമ്പോള്‍ രണ്ട് ഗോളുകള്‍ക്ക് തെക്കേ അമേരിക്കന്‍ ടീം മുന്നില്‍. ഒരവസരം പോലും ലഭിക്കാതെ മൈതാനത്ത് നിഴലായി മാറിയ ജിറൂദിനെ പെട്ടന്നു തന്നെ കോച്ച് ദഷാംസ് വലിക്കുന്നു. കളിമെനയാന്‍ കെല്‍പ്പുള്ള ഗ്രീസ്മാന്‍ ഒന്നിനും കഴിയാതെ അലയുന്നു. ഈ നിലയ്ക്കാണെങ്കില്‍ രണ്ടാം പകുതിയല്‍ അത്ഭുതങ്ങളുണ്ടാകില്ലെന്ന് ഫുട്‌ബോള്‍ വിദഗ്ധരടക്കം തീര്‍ത്തു പറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങളില്‍ മാറ്റമില്ല. ഗ്രീസ്മാനെ പിന്‍വലിച്ച് തന്ത്രങ്ങള്‍ മെനയുന്ന ഫ്രാന്‍സ് പരിശീലകന്‍. മറുഭാഗത്ത് എതിരാളികളുടെ പേടിസ്വപ്നമായ ഡി മരിയയെ പിന്‍വലിച്ച അക്യൂനയെ സ്‌കലോണി ഗ്രൗണ്ടിലിറക്കുന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. പെനാല്‍റ്റി ബോക്‌സില്‍ ഓട്ടമെന്റിയുടെ ഫൗളിന് ശിക്ഷയായി പെനാല്‍റ്റി കിക്ക്. തന്റെ അവസരം വന്നു എന്ന ഭാവത്തില്‍ സടകുടഞ്ഞ് എംബാപ്പെ.
മുഴുവന്‍ ഊര്‍ജവും കാലിലേക്ക് ആവാഹിച്ച തകര്‍പ്പനടി ഗോള്‍കീപ്പര്‍ എമിലിയാനോക്ക് ഒരവസരവും നല്‍കാതെ ഗോള്‍. ഒരു മിനിറ്റു പിന്നിട്ടപ്പോഴേക്കും അടുത്ത ഗോള്‍ എംബാപ്പെയുടെ ബൂട്ടില്‍ നിന്ന് ഗര്‍ജനം പോലെ. മത്സരത്തിലെ എഴുപതു മിനിറ്റുകള്‍ നിറം മങ്ങിയതിന്റെ കടം തീര്‍ത്ത് ആഞ്ഞടിക്കുന്ന ഫ്രാന്‍സിനു മുന്നില്‍ എല്ലാം നഷ്ടമായ അവസ്ഥയില്‍ മെസിയുടെ സംഘം. അടിയും തിരിച്ചടിയും നിറഞ്ഞ് ശരിക്കും ത്രില്ലടിപ്പിച്ച റഗുലര്‍ ടൈം. എല്ലാം മാറ്റിമറിച്ച അവസാനത്തെ പത്തു നിമിഷങ്ങള്‍. കപ്പ് ചുണ്ടിനു മുന്നില്‍ നഷ്ടമായെന്ന ആശങ്ക മെസിയുടെ മുഖത്തും പ്രകടം. പക്ഷേ അധികസമയത്ത് കളി വീണ്ടും അര്‍ജന്റീനയുടെ കൈയില്‍. കിരീട മോഹങ്ങള്‍ക്ക് വര്‍ണം പകര്‍ന്ന് മെസി ഗോള്‍. എന്നാല്‍ വിട്ടുകൊടുക്കാന്‍ എംബാപ്പെയുടെ ഫ്രാന്‍സ് തയ്യാറായിരുന്നില്ല. മെസിയുടെ ഗോളിന് പത്ത് മിനിറ്റിനുശേഷം വീണ്ടും എംബാപ്പെ പെനാല്‍റ്റിയിലൂടെ മറുപടി. അധികസമയം കഴിഞ്ഞപ്പോള്‍ വീണ്ടും സമനില. (3–3). ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസിലൂടെ അര്‍ജന്റീനയ്ക്ക് 36 വര്‍ഷത്തിനുശേഷം ലോകകിരീടം.
ഇതോടെ കഴിഞ്ഞ നാല് ലോകകപ്പിലും ലോക കിരീടം കിട്ടാക്കനിയായിരുന്ന മെസിയുടെ കരിയറില്‍ ലോകകപ്പിന്റെ തിളക്കവും. ഒപ്പം ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണ പന്തും കാല്‍പ്പന്തുകളിയുടെ മിശിഹയ്ക്ക് സ്വന്തം. സമ്മര്‍ദത്തിന്റെ പരകോടിയില്‍ ഒരു ചാഞ്ചല്യവുമില്ലാതെ ഷൂട്ടൗട്ടില്‍ ഉള്‍പ്പെടെ നാല് തവണ അയാള്‍ വല കുലുക്കിയ എംബാപ്പെയുടെ പ്രകടനം ഫൈനലിന്റെ ഹൈലൈറ്റായി. ഷൂട്ടൗട്ടിലും ആദ്യ കിക്കെടുത്ത് വീണ്ടും എംബാപ്പെ അര്‍ജന്റീനയെ ഞെട്ടിച്ചു. കളിയില്‍ നാല് തവണ മാര്‍ട്ടിനസിനെ കീഴടക്കിയ അക്ഷോഭ്യനായ പോരാളി. ഒടുവില്‍ കിങ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനസ് രക്ഷപ്പെടുത്തുകയും ഷൊവാമെനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തുപ്പോള്‍ കാലത്തിന്റെ കാവ്യനീതി പോലെ മെസി ആ മോഹകപ്പില്‍ ചുംബിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.