25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 3, 2024
November 1, 2024
October 27, 2024
October 24, 2024
October 16, 2024
October 2, 2024
September 23, 2024
September 22, 2024
August 23, 2024
August 22, 2024

മഴ കനക്കുന്നു; ഓറഞ്ച് അലര്‍ട്ട്

Janayugom Webdesk
July 5, 2022 9:15 pm

കാറ്റില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു

ജില്ലയില്‍ മഴ കനത്തതോടെ വ്യാപക നാശ നഷ്ടം. വിവിധ ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൂടാതെ ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞതോടെ ചിലയിടങ്ങിലെ റോഡ് ഗതാഗതം ദുരിതത്തിലാണ്. ചിലയിടങ്ങളിലെ പാലങ്ങളുടെ മുകളിലൂടെയും വെള്ളമൊഴുകുകയാണ്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമന്റെ വീടിന് മുകളില്‍ മരം വീണു. ക്ലായിക്കോട് വില്ലേജിലെ പി ഗോപി, പടന്ന വില്ലേജിലെ അഴിത്തലയിലെ സംഗീത, നീലേശ്വരം വില്ലേജിലെ അമ്മാളു, എന്നിവരുടെ വീടുകളാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത്. പടന്നയില്‍ തകര്‍ന്ന സംഗീതയുടെ വീടിന് 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോപിയുടെ വീടിന് 10,000 രൂപയുടെയും മറ്റു വീടുകള്‍ക്ക് 15,000 രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. തൃക്കരിപ്പൂരില്‍ വൈക്കത്തെ കെ വി പത്മിനിയുടെ വീട് ഭാഗികമായി തകർന്നു. വീടിന്റെ കിടപ്പുമുറിയിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ചുമരുകൾ തകർന്നതിനാൽ കുടുംബത്തിന് സുരക്ഷിതമായി താമസിക്കാൻ കഴിയാത്ത നിലയിലാണ്. ഏകദേശം മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കരുതുന്നു. ഈയ്യക്കാട് പാടശേഖരത്തിന് കീഴിൽ വൈക്കത്ത്, മൈത്താണി പ്രദേശങ്ങളിൽ കൃഷി നാശവും ഉണ്ടായി. ശക്തമായ കാറ്റിൽ വൈക്കത്തെ കെ തമ്പാന്റെ 50 ലധികം കുലച്ചതും കുലക്കാറായതുമായ നേന്ത്രവാഴകൾ നശിച്ചു. പ്രദേശത്തെ ഏക്കറു കണക്കിനു വരുന്ന നെൽവയലുകളും വെള്ളത്തിനടിയിട്ടുണ്ട്. കൃഷിനാശം വന്ന കർഷകർക്ക് അടിയന്തരമായും സഹായം അനുവദിക്കണമെന്ന് ഈയ്യക്കാട് പാടശേഖര സമിതി പ്രസിഡന്റ് പരങ്ങേൻ സദാനന്ദൻ, സെക്രട്ടറി വി വി സുരേശൻ എന്നിവർ കൃഷിവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ വില്ലേജിൽ നാഷണൽ ഹൈവേ റോഡ് വികസന പ്രവൃത്തി നടക്കുന്നതിനാൽ റോഡിൽ നിന്നും വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് നാല് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. മഴയില്‍ പാലാവയല്‍ — പറോട്ടിപ്പൊയില്‍ ബൈപാസ് റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. തകര്‍ന്ന ഭാഗത്ത് റോഡിനടിയില്‍നിന്നും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. എസ്എബിഎസ് കോണ്‍വെന്റില്‍ നിന്നുള്ളവര്‍ക്കും മുപ്പതോളം കുടുംബങ്ങള്‍ക്കും പാലാവയല്‍ ടൗണുമായി ബന്ധപ്പെടുന്നതിനുള്ള ഏക റോഡാണിത്. രണ്ടുവര്‍ഷം മുമ്പാണ് പഞ്ചായത്ത് ഏറ്റെടുത്ത് 15 ലക്ഷം രൂപ ചെലവില്‍ ടാറിംഗ് നടത്തി നവീകരിച്ചത്. തകര്‍ന്ന ഭാഗം അടിയന്തിരമായി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അവശേഷിക്കുന്ന ഭാഗവും അപകടാവസ്ഥയിലാകുമെന്ന നിലയാണ്. തൈക്കടപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണു. അഴിത്തല കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന സംഗീത ഷാജിയുടെ വീടിന് മുകളിലാണ് പുലർച്ചെ 3.30ഓടെ തെങ്ങ് കടപുഴകി വീണത്. ഈ സമയം ഒറ്റമുറി വീട്ടിൽ കിടന്നുറങ്ങുകയായിരിന്നു സംഗീതയും മകൻ വിഷ്ണുവും മേൽക്കൂര തകർന്ന വീട്ടിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സംഗീതയും മകനും ആദ്യം വീടിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. വാതിലിന് മുകളിൽ പതിച്ച തെങ്ങ് നിലം പൊത്തിയിരുന്നെങ്കിൽ വൻ ദുരന്തം സംഭവിച്ചേനെ. പുലർച്ചെ തോരാതെ പെയ്യുന്ന മഴയിൽ ഇരുവരും തൊട്ടടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.