3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025
December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024

രാഷ്ട്രീയം പറയുമ്പോള്‍ ഗതിമാറുന്ന വയനാട്

ജയ്സൺ ജോസഫ്
കല്പറ്റ
November 11, 2024 9:09 am

ഏഴുമാസത്തിനിടെ രണ്ടാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് വയനാട്ടിൽ. രൂപീകൃതമായതുമുതൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ വിജയം യുഡിഎഫിനൊപ്പമാണ്. 2009ലും 2014ലും കോൺഗ്രസിലെ എം ഐ ഷാനവാസ് ലോക്‌സഭയിലെത്തി. 2009ൽ 1,53,439 വോട്ടായിരുന്നു ഭൂരിപക്ഷം. 2014ൽ ഇത് 20,870 വോട്ടായി കുറഞ്ഞു. പി വി അൻവർ ഇടതുപക്ഷത്തിനെതിരെ നിന്ന് അന്ന് 35,000ത്തിലധികം വോട്ടുകൾ നേടിയിരുന്നു. അല്ലെങ്കിൽ വിജയം ഇടതുചേരിയിലെത്തുമായിരുന്നു. വയനാടിന്റെ ചരിത്രവും മാറുമായിരുന്നു. 2019ൽ 4,31,770 വോട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഘോഷിച്ചായിരുന്നു പ്രചരണം. 2024ൽ അത് 3,64,422 വോട്ടായി കുറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ രണ്ടാം മണ്ഡലമായ റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ എണ്ണം 16 ആണ്. എൽഡിഎഫിലെ സത്യൻ മൊകേരി, യുഡിഎഫിലെ പ്രിയങ്കാ ഗാന്ധി, എൻഡിഎയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
സത്യൻ മൊകേരി സിപിഐ ദേശീയ കൗൺസിൽ അംഗവും മൂന്നുതവണ നാദാപുരം എംഎൽഎയുമായിരുന്നു. മികച്ച നിയമസഭാ അംഗത്തിനുള്ള പുരസ്കാരം നേടിയയാൾ. രാജ്യം ശ്രദ്ധിക്കുന്ന കർഷക നേതാവ്. ഐഐസിസി ജനറൽ സെക്രട്ടറിയാണ് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധി. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമാണ് നവ്യ. 

വയനാട് കാലങ്ങളായി നേരിടുന്ന വികസന വിഷയങ്ങൾ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചർച്ചയാക്കുന്നു. ദേശീയപാത 766ലെ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാ വിലക്ക്, വനാതിർത്തി പ്രദേശങ്ങളിലെ അതിരൂക്ഷമായ മനുഷ്യവന്യജീവി സംഘർഷം, കാർഷിക പ്രതിസന്ധി എന്നീ വിഷയങ്ങളിൽ കോൺഗ്രസും ബിജെപിയും തുല്യ കുറ്റവാളികളെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കർണാടകയിലേത് കോൺഗ്രസ് സർക്കാരായിട്ടും രാത്രിയാത്രാ വിലക്ക് നീങ്ങുന്നതിനുതകുന്ന നിലപാട് സ്വീകരിപ്പിക്കാൻ രാഹുൽഗാന്ധിക്ക് കഴിഞ്ഞില്ലെന്ന് ജനങ്ങൾ തിരിച്ചറിയുന്നുമുണ്ട്. ജനസൗഹൃദമായി വനം — വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിലെ വിമുഖത അസാനിപ്പിക്കണം. കാർഷികപ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്രത്തിൽ അധികാരമേറിയ കോൺഗ്രസ്, ബിജെപി സർക്കാരുകളിൽ ചുറ്റിപ്പിണഞ്ഞിരിക്കുന്നു. 

എന്നാല്‍ രാഷ്ട്രീയം ചർച്ച ചെയ്യാനില്ലെന്ന നിലപാടിൽ ഉറച്ചാണ് പ്രിയങ്കയും സംഘവും. ജനങ്ങളെ ബാധിക്കുന്നതൊന്നും പറയാനില്ല. തെരഞ്ഞെടുപ്പ് ദേശീയ വിഷയമാണ്. രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയാന്‍ കോണ്‍ഗ്രസില്ല. അതിന്റെയും ആളെക്കൂട്ടുന്നതിന്റെയും ചുമതല ലീഗിനാണ്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ആഘോഷിക്കുന്നതും ലീഗ് തന്നെയാണ്. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും പലതരത്തില്‍ മുസ്ലിം ലീഗായി മാറുന്ന കാഴ്ചയും വയനാട്ടിൽ പ്രകടം. ജനങ്ങളുടെ പ്രതിപക്ഷമാകുകയാണ് പ്രത്യക്ഷത്തിൽ മുസ്ലിം ലീഗ്. രാഷ്ട്രീയ ചോദ്യങ്ങൾക്കുനേരെ വാപൂട്ടിയാല്‍ പ്രിയങ്കയുടെ ഭർത്താവ് ബിജെപിക്ക് തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ നൽകിയ 170 കോടി മൂടാനാകുമെന്നാണ് ലീഗ് — കോൺഗ്രസ് നേതൃത്വം കരുതുന്നത്. പക്ഷെ മറ്റൊരു അഴിമതി ബിംബമായി വാദ്രെ യുഡിഎഫ് രാഷ്ട്രീയത്തിൽ നിറഞ്ഞിരിക്കുന്നു. 

സത്യൻ മൊകേരിക്ക് മണ്ഡലത്തിൽ രണ്ടാം മത്സരമാണ്. 2019ൽ കോൺഗ്രസിലെ എം ഐ ഷാനവാസിനെ ഇടതുമുന്നണിക്കുവേണ്ടി നേരിട്ടിരുന്നു. കർഷക ആത്മഹത്യകൾ തുടർക്കഥയായ യുഡി
എഫ് ഭരണകാലം. കിസാൻസഭയുടെ നേതൃത്വത്തിൽ വയനാട്ടിൽ മുള്ളന്‍കൊല്ലി, പുൽപ്പള്ളി, പൂതാടി പഞ്ചായത്തുകളിൽ നടത്തിയ കർഷക കാൽനടജാഥ, തുടർഫലമായി നിലവിൽ വന്ന കാർഷിക കടാശ്വാസ കമ്മിഷൻ- ഇതിന്റെയെല്ലാം നേതൃസ്ഥാനത്ത് സത്യൻ മൊകേരിയുണ്ടായിരുന്നു. വയനാട്ടിലെ കാർഷിക പ്രശ്നങ്ങളിലുള്ള വ്യക്തതയും വയനാടൻ ജനതയുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകളും പ്രശ്നങ്ങളും പുതുതലമുറയുൾപ്പെടെ ശ്രദ്ധയോടെ ഉൾക്കൊള്ളുന്നതും പ്രകടമാണ്. 2014ൽ കപ്പിനും ചുണ്ടിനുമിടിയിൽ വഴുതിയ മണ്ഡലം വീണ്ടെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതുപക്ഷം. വയനാട് ജില്ല പൂർണമായും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങള്‍ ഉൾപ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇതിൽ നാലു മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും മൂന്നു മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പവുമാണ്. 

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.