ഫ്ലോറിഡയിലെ വിക്ഷേപണത്തറയിൽ നിന്നും സുനിതയെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം ഉയർന്നുപൊങ്ങിയപ്പോൾ ലോകമെങ്ങും ആകാംക്ഷ തളംകെട്ടി. എന്നാൽ മൂന്നാമത്തെ ബഹിരാകാശ യാത്ര ആഘോഷമാക്കാൻ ഒരുങ്ങിയ സുനിതാ വില്യംസിന് അത് വീട്ടിലേക്കുള്ള മടക്കയാത്ര പോലെയായിരുന്നു. പാട്ടും കളിയും പിറന്നാളാഘോഷവുമൊക്കെയായി ബഹിരാകാശ ജീവിതം ആഘോഷിക്കുകയാണ് സുനിത വില്യംസ് എന്ന സഞ്ചാരി. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോഡും സുനിത ഇപ്പോൾ സ്വന്തമാക്കി.
ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെയുള്ള രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് മാർച്ചിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് സുനിത. കഴിഞ്ഞ ജൂൺ അഞ്ചിന് എട്ട് ദിവസത്തെ ഗവേഷണപരിപാടികൾക്കായാണ് സുനിതയും സഹയാത്രികൻ ബുച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ഐഎസ്എസിലെത്തിയത്. പക്ഷേ, പേടകത്തിന്റെ സാങ്കേതികത്തകരാർ മൂലം ബഹിരാകാശവാസം അനന്തമായി നീണ്ടുപോയി. ജനുവരി അഞ്ചിന് ബഹിരാകാശ നിലയത്തിലെ ‘താമസം’ എട്ട് മാസം പിന്നിട്ടു. ഈ ദൗത്യത്തിൽ ജീവിതം ആഘോഷിക്കുകയാണ് 59–കാരിയായ സുനിത വില്യംസ്.
ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും സന്മനസുള്ളവർക്ക് സമാധാനം. എവിടെയും പ്രസന്നവദനയാണ് ഈ ചരിത്ര വനിത. ഭൂമിയിൽ നിന്നും 400 കിലോമീറ്റർ മുകളിലുള്ള ബഹിരാകാശത്തിൽ നാസയുടെ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും എത്തിയത് വെറും എട്ട് ദിവസം മാത്രം നീണ്ട ദൗത്യത്തിനായിരുന്നു. ഇവരെത്തിയ പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെ തിരിച്ചുവരവ് പ്രതിസന്ധിയിലായി. ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിന്റെ ആദ്യ പരീക്ഷണയാത്രയിലും ഇടം നേടി സുനിത ചരിത്രം കുറിക്കുമ്പോൾ ഇന്ത്യക്കാർക്കും അഭിമാനിക്കാനേറെ. ഗുജറാത്തിലെ മെഹ്സാന ജില്ലക്കാരനായിരുന്നു സുനിതയുടെ പിതാവ് ഡോ. ദീപക് പാണ്ഡ്യ. പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ ശേഷം അവിടെ വച്ച് സ്ലൊവേനിയക്കാരിയായ ബോണി പാണ്ഡ്യയെ വിവാഹം ചെയ്തു. 1998ലാണ് ബഹിരാകാശ സഞ്ചാരിയായി നാസ സുനിത വില്യംസിനെ തെരഞ്ഞെടുത്തത്. അതിന് മുമ്പ് നാവിക സേനയിൽ ടെസ്റ്റ് പൈലറ്റായിരുന്നു.
മനുഷ്യ ചരിത്രത്തിലെ നിർണായക നേട്ടങ്ങളിൽ ഒന്നാണ് 24 വർഷമായി ഭൂമിക്ക് പുറത്ത് മനുഷ്യർ വസിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം. മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്ന ഈ പരീക്ഷണ ശാലയ്ക്ക് സവിശേഷതകളേറെയാണ്. ആറ് സ്ലീപ്പിങ് ക്വാർട്ടേഴ്സുകളും രണ്ട് കുളിമുറികളും ഒരു ജിമ്മും അടങ്ങിയതാണ് ഈ നിലയം. ഗുരുത്വാകർഷണത്തിന്റെ അഭാവമുള്ളതിനാൽ മുറികളിലേക്ക് പറന്നാണ് സഞ്ചാരികളുടെ യാത്ര. ഒരു ഭാരവുമില്ലാതെ പറക്കാനും ആരും കാണാത്ത മനോഹര കാഴ്ചകൾ കാണാനുമെല്ലാം ഇവിടെ കഴിയുന്നു. ബഹിരാകാശത്ത് മനുഷ്യനെ താമസിപ്പിച്ചുകൊണ്ട് ഗവേഷണങ്ങൾക്കും ഭൗമ നിരീക്ഷണത്തിനും സഹായിക്കുന്ന പേടകമാണിത്. അമേരിക്ക, കാനഡ, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ബ്രസീൽ, സ്പെയിൻ, ഡെന്മാർക്ക്, ഇറ്റലി, നോർവേ, ബെൽജിയം, നെതർലാൻഡ്സ്, സ്വീഡൻ എന്നിങ്ങനെ 15 രാജ്യങ്ങൾ സഹകരിച്ചാണ് ഒരു ലക്ഷംകോടി രൂപ ചെലവിൽ ഈ ഭീമൻ പരീക്ഷണശാലയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
മനുഷ്യൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വില കൂടിയ വസ്തുവാണ് എന്ന സവിശേഷതയും ബഹിരാകാശ നിലയത്തെ വേറിട്ട് നിർത്തുന്നു. ഏഴ് ബഹിരാകാശ സഞ്ചാരികൾക്ക് ഇവിടെ ഏത് സമയവും താമസിക്കാം. ഹ്രസ്വസന്ദർശനങ്ങൾക്കായി ബഹിരാകാശയാത്രികർ എത്തുമ്പോൾ സഞ്ചാരികളുടെ എണ്ണം വർധിക്കാറുണ്ട്. 19 രാജ്യങ്ങളിൽ നിന്നായി 241 പേരാണ് ഇതുവരെ ബഹിരാകാശ നിലയത്തിൽ എത്തിയത്. അമേരിക്ക (151), റഷ്യ (48), ജപ്പാൻ (9), കാനഡ (8), ഇറ്റലി (5), ഫ്രാൻസ് (4), ജർമ്മനി (3), ബെൽജിയം, ബ്രസീൽ, ഡെൻമാർക്ക്, ഗ്രേറ്റ് ബ്രിട്ടൻ, കസാക്കിസ്ഥാൻ, മലേഷ്യ, നെതർലാൻഡ്സ്, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (ഒന്ന് വീതം) എന്നിങ്ങനെയാണ് സഞ്ചാരികളുടെ കണക്ക്.
ഭൂമിക്കകത്തും പുറത്തും പിറന്നാളാഘോഷം നടന്നതും സുനിത വില്യംസിനെ ചരിത്രത്തിൽ ഇഴചേർക്കുന്നു. ബഹിരാകാശത്ത് സഹപ്രവർത്തകർക്കൊപ്പം 59-ാം പിറന്നാൾ ആഘോഷിച്ചപ്പോൾ ആശംസയുമായി മുഹമ്മദ് റാഫിയുടെ ‘ബാർ ബാർ ദിൻ ആയെ’ എന്ന മനോഹരഗാനം സുനിതയ്ക്ക് സമർപ്പിച്ചു. 2012ലും സുനിത തന്റെ പിറന്നാൾ ബഹിരാകാശത്തായിരുന്നു ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ ലാബിലെ അറ്റകുറ്റപ്പണികളിലും ശുചീകരണത്തിലും ഗവേഷണത്തിലുമായി തിരക്കിലായിരുന്നു സുനിത. സഹസഞ്ചാരിയായ ഡോൺ പെറ്റിറ്റിനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനായും അവർ തന്റെ ജന്മദിനം സമർപ്പിച്ചു.
1983ൽ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നതാണ് സുനിത വില്യംസിന് ജീവിതത്തിൽ വഴിത്തിരിവായത്. നാവികസേനയിൽ നിന്ന് ബഹിരാകാശയാത്രികയിലേക്കുള്ള മാറ്റം സുനിത വില്യംസിനെ ചരിത്രത്തിന്റെ ഭാഗമാക്കി. 1998 ജൂണിലാണ് നാസ ബഹിരാകാശയാത്രികയായി സുനിത വില്യംസിനെ തെരഞ്ഞെടുക്കുന്നത്.
ഓറിയന്റേഷൻ ബ്രീഫിങ്ങുകൾക്കും ടൂറുകൾക്കും പുറമെ ശാസ്ത്ര സാങ്കേതിക രംഗത്തെ പ്രമുഖരുമായി ഇടപെടാനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സംവിധാനങ്ങൾ പരിശീലിക്കാനും ഒക്കെ മികച്ച അവസരം ലഭിച്ചു. എക്സ്പെഡിഷൻ 32ന്റെ ഫ്ലൈറ്റ് എന്‍ജിനീയർ, എക്സ്പെഡിഷൻ 33 ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ കമാൻഡർ എന്നീ നിലയിൽ പ്രവർത്തിച്ചു. ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ പ്രധാന അധ്യായമാണ് സുനിത വില്യംസിന്റെ ദൗത്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.