22 January 2026, Thursday

ഹോണ്ടയും നിസാനും മിറ്റ്സുബിഷിയും ലയിക്കുന്നു

Janayugom Webdesk
ന്യൂഡൽഹി
December 23, 2024 11:09 pm

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ടയും നിസാനും ഒന്നിക്കുന്നു. ലയനം സംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവച്ചതായി ഇരു കമ്പനികളും അറിയിച്ചു. നിസാൻ സഖ്യത്തിലെ ചെറിയ കമ്പനിയായ മിറ്റ്സുബിഷി മോട്ടോഴ്‌സും ലയനത്തില്‍ പങ്കുചേരാൻ സമ്മതിച്ചതായി കമ്പനികൾ അറിയിച്ചു.
ലയനത്തോടെ വാഹന വില്പനയില്‍ ലോകത്തെ മൂന്നാമത്തെ വലിയ കമ്പനിയായി ഇതു മാറും. സംയോജനം വിജയിച്ചാൽ, വിശാലമായ ഉപഭോക്തൃ അടിത്തറയിലേക്ക് ഇതിലും വലിയ മൂല്യം എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി, നിസാൻ സിഇഒ മക്കോട്ടോ ഉചിദ പ്രസ്താവനയിൽ പറഞ്ഞു. ലയനത്തോടെ പുതിയ കമ്പനിയുടെ മൂല്യം 50 ബില്യൺ ഡോളറിലധികമാകുമെന്നാണ് വിലയിരുത്തല്‍. 2021ൽ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസും പിഎസ്എയും ലയിച്ച് 52 ബില്യൺ ഡോളറിന്റെ സ്റ്റെല്ലാന്റിസ് രൂപീകരിച്ചതിന് ശേഷം ആഗോള വാഹന വ്യവസായത്തിലെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാണിതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. മിറ്റ്സുബിഷിയുടെ ഏറ്റവും വലിയ ഓഹരിയുടമ നിസാനാണ്.

ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം ഹോണ്ടയ്ക്കും നിസാനും വലിയ വെല്ലുവിളികളാണ് ഉയർത്തിയത്. ഇലോണ്‍ മസ്കിന്റെ ടെസ്‌ല, ചൈനീസ് നിര്‍മ്മാതാക്കളായ ബിവെഡി തുടങ്ങിയ കമ്പനികള്‍ക്കാണ് ഈ മേഖലയിലെ ആധിപത്യം. ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഏറെ വൈകിയെങ്കിലും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

അതേസമയം ലയനം ഉണ്ടായാലും ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായി ജാപ്പനീസ് കമ്പനി തന്നെയായ ടൊയോട്ട തുടരും. 11.5 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം കമ്പനി പുറത്തിറക്കിയത്. നിസാനും ഹോണ്ടയും മിറ്റ്സുബിഷിയും ചേര്‍ന്നാൽ ഏകദേശം എട്ട് ദശലക്ഷത്തോളം വാഹനങ്ങളാകും നിർമ്മിക്കാനാകുക. ഫോക്സ്‌വാഗണാണ് ആഗോളതലത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ വാഹനനിര്‍മ്മാതാക്കള്‍.

Hon­da, Nis­san and Mit­subishi merge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.