22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 25, 2024
September 5, 2024
January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023

ഉള്ളിയിലൂടെ ഇ കോളി ബാക്ടീരി; ഉള്ളി ഒഴിവാക്കി മക് ഡോണാള്‍ഡ്, 10 വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

Janayugom Webdesk
October 25, 2024 7:46 pm

1. പുതുക്കിയ കേന്ദ്ര ക്രിമിനൽ നിയമങ്ങൾക്ക്, കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഭേദഗതികൾ കൊണ്ടുവരേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പരിശോധിച്ച് അഭിപ്രായം ലഭ്യമാക്കാൻ സംസ്ഥാന നിയമ പരിഷ്കരണ കമ്മിഷന് സർക്കാർ നിർദ്ദേശം നൽകി. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമെന്ന നിലയിൽ പുതുക്കിയ കേന്ദ്ര നിയമങ്ങളിൽ സംസ്ഥാന ഭേദഗതി ആവശ്യമെങ്കിൽ അതേക്കുറിച്ച് പരിശോധിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് നിയമ മന്ത്രി പി രാജീവ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

2. തൃശ്ശൂർ പൂരം കലക്കലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ ഡിജിപി ഷെയ്ഖ് ദർവേഷ് സിങ് സാഹിബിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് ഡിജിപി റിപ്പോർട്ടിൽ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എഡിജിപി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിവാദം അന്വേഷിക്കാൻ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

3. പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് ഹൈക്കോടതി റദ്ദാക്കി. ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ രാഹുൽ പി ഗോപാലും പരാതിക്കാരിയായ ഭാര്യയും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ഇരുവർക്കും കൗൺസിലിങ് നൽകാനും അതിന്റെ റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് കഴിഞ്ഞ ഓഗസ്റ്റിൽ സമർപ്പിച്ചിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എ. ബദറുദീൻ കേസ് റദ്ദാക്കാൻ ഉത്തരവിട്ടത്. 

4. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപ്പിള്ളയുടെ സ്മരണാര്‍ത്ഥം പി ജി സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന പി ജി ദേശീയ പുരസ്കാരത്തിന്​ പ്രമുഖ ചരിത്ര പണ്ഡിത പ്രൊഫ. റോമില ഥാപ്പർ അർഹയായി. ഇന്ത്യ എന്ന ആശയത്തെ നിലനിർത്തുന്നതിനും ബഹുസ്വരത, മതേതരത്വം, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും നൽകിയ ബൗദ്ധിക സംഭാവനകൾ പരിഗണിച്ചാണ്​ പുരസ്കാരം.

5. സംസ്ഥാനത്ത് ജിഎസ്ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. വ്യാജ രജിസ്‌ട്രേഷനിലൂടെയുള്ള കോടികളുടെ നികുതി വെട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സംസ്ഥാനത്ത് പ്രാബല്യത്തിൽ കൊണ്ടുവന്നത്. 

6. കൂറുമാറ്റത്തിനു കോഴ എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ താൻ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ആന്റണി രാജു എംഎല്‍എ പറഞ്ഞു. ഇതുസംബന്ധിച്ച് താൻ മുഖ്യമന്ത്രിയുമായി നേരത്തെ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മുഖ്യമന്ത്രിയുമായി പങ്കുവച്ചു. മുന്നണിയിൽ നിൽക്കുന്ന കക്ഷിയെന്ന നിലയിൽ കൂടുതൽ പറയാൻ പരിമിതിയുണ്ടെന്നും ആന്റണി രാജു പറഞ്ഞു. 

7. വയനാട് ദുരിതാശ്വാസത്തിന് പ്രത്യേക സഹായം കേന്ദ്ര സർക്കാർ നൽകിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ. സംസ്ഥാന സർക്കാർ നൽകിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ല. തീവ്ര സ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ആവശ്യം അംഗീകരിച്ചെങ്കിൽ പുനർ നിർമ്മാണത്തിനായി ആഗോള സഹായം ലഭിക്കുമായിരുന്നു. ദുരിത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.

8. സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് ഈ ജില്ലകളിൽ നൽകിയിരിക്കുന്നത്.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.

9. ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജികാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരനാകുമ്പോൾ വക്കീൽ വേഷം ധരിക്കാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

10. മക്ഡൊണാള്‍ഡ്സിന്‍റെ ബര്‍ഗറുകള്‍ കഴിച്ചതിലൂടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട സംഭവത്തെ തുടർന്ന് അടിയന്തര നടപടികളുമായി യുഎസ് ഫാസ്റ്റ്ഫുഡ് ബ്രാൻഡുകൾ. ഉള്ളിയിലൂടെ ഇ കോളി ബാക്ടീരിയ കലർന്നതോടെ മുൻകരുതൽ ആയി യു എസ് ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ അവരുടെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയിരിക്കുകയാണ്. കെ എഫ് സി, പിസ്സ ഹട്ട്, ടാക്കോ ബെല്‍, ബര്‍ഗര്‍ കിംഗിന്‍റെ മാതൃ കമ്പനിയായ റെസ്റ്റോറന്‍റ് ബ്രാന്‍ഡ് ഇന്‍റര്‍നാഷണൽ എന്നിവയാണ് ഉള്ളി ഒഴിവാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.