
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് 1.8 ലക്ഷം മുതൽ 7.5 ലക്ഷം രൂപ വരെ വിലയ്ക്ക് കുട്ടികളില്ലാത്ത ദമ്പതികൾക്ക് മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഒരു ഡോക്ടറുൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് ഒരു വയസ്സിന് താഴെയുള്ള ആറ് കുട്ടികളെ രക്ഷപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.
പ്രധാന പ്രതിയായ സുന്ദർ(35) എന്നയാളും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു. മെഡിക്കൽ റെപ്രസൻറിറ്റീവ് ആയ ഇയാളാണ് കുട്ടികളുടെ യത്ഥാർത്ഥ മാതാപിതാക്കളെയും കുട്ടികളെ വാങ്ങാൻ എത്തുന്ന ആളുകളെയും തമ്മിൽ ബന്ധപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ആഗ്ര ജില്ലയിലെ ഫത്തേഹാബാദ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന കെ.കെ. ആശുപത്രിയുടെ ഉടമയായ കമലേഷ് കുമാർ (33) എന്ന ഡോക്ടറും മറ്റ് പ്രതികളിൽ ഉൾപ്പെടുന്നു. ഗർഭം അവസാനിപ്പിക്കാൻ കഴിയാതെ എത്തുന്ന അമ്മമാരിൽ നിന്നും പണം വാങ്ങി പ്രസവശേഷം അവരുടെ കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്.
രോഗികളുടെ വേഷത്തിൽ ആശുപത്രിയിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ബിഎഎംഎസ് അവസാന വർഷ വിദ്യാർത്ഥിനിയായ കൃഷ്ണ (28), ബിഎഎംഎസ് ബിരുദം പൂർത്തിയാക്കിയ പ്രീതി (30) എന്നീ രണ്ട് സഹോദരിമാരും കേസിലെ മറ്റ് പ്രതികളാണ്.
ഉത്തർപ്രദേശിലെ ബന്ദയിൽ നിന്നുള്ള ഇഷ്ടിക നിർമ്മാതാവായ സുരേഷ് ഓഗസ്റ്റ് 22 ന് രാത്രിയിൽ തന്റെ ഇളയ മകനെ ഐഎസ്ബിടി സരായ് കാലെ ഖാനിൽ നിന്ന് കാണാതായതായി പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) ഹേമന്ത് തിവാരി പറഞ്ഞു.
ഭാര്യയും നാല് കുട്ടികളുമൊത്ത് ബെഹ്‌റോറിലേക്ക് യാത്ര ചെയ്യുകയായിരുന്ന സുരേഷ് വിശ്രമിക്കാൻ ഐ.എസ്.ബി.ടി.യിൽ എത്തിയിരുന്നു. കുടുംബം രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ഉറങ്ങുമ്പോൾ രാത്രി 11 മണിയോടെയാണ് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായതായി കണ്ടെത്തിയത്.
ഐ.എസ്.ബി.ടിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സംഘം, ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടിയെ പുറത്തേക്ക് കൊണ്ടുപോകുന്ന പ്രതികളെ കണ്ടെത്തി. പിന്നീട് ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ പിനാഹട്ടിൽ വച്ച് പൊലീസ് വീർഫാൻ(30) പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, വീർഭൻ കുറ്റകൃത്യത്തിൻറെ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഡോക്ടർ കമലേഷിന് കുറ്റകൃത്യത്തിലുള്ള പങ്ക് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.