25 December 2024, Wednesday
KSFE Galaxy Chits Banner 2

മലബാർ കലാപത്തിന്റെ ഓർമ്മകൾക്ക് 100 വയസ്

കെ ജി ശിവാനന്ദൻ
August 20, 2021 7:31 pm

ന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം ഭരണാരംഭം കുറിച്ച നാളായി ചരിത്രകാരന്മാർ വിശേഷിപ്പിച്ചിട്ടുള്ളത് 1757‑ൽ പ്ലാസിയുദ്ധത്തിൽ ഇംഗ്ലീഷുകാർ നേടിയ വിജയദിവസത്തെയാണ്. ബ്രീട്ടീഷ് ഭരണരീതികളുടെ പ്രത്യേകതയെ സംബന്ധിച്ച് ജവഹർലാൽ നെഹ്റു ഇങ്ങനെ പ്രതിപാദിക്കുന്നു. “ഈസ്റ്റിന്ത്യാ കമ്പനിയിലെ കച്ചവടക്കാർക്ക് ആദായവിഹിതത്തിലും പൊന്നിലും പണത്തിലുമായിരുന്നു പ്രതിപത്തി. തങ്ങളുടെ ഭരണാധീനതയിലുള്ളവരുടെ പരിഷ്ക്കാരത്തിലോ, അവരുടെ രക്ഷയിലോ ലവലേശം താത്പര്യം ഉണ്ടായിരുന്നില്ല. അധികാരത്തേയും ഉത്തരവാദിത്തത്തേയും രണ്ടായിട്ടാണവർ കണ്ടിരുന്നത്. ” ഭരണാരംഭം കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിട്ടശേഷം “ഭിന്നിപ്പിച്ച് ഭരിക്കുക” യെന്ന ഭരണ തന്ത്രം പ്രയോഗിച്ചു. ഇത്തരം ബ്രിട്ടീഷ് തന്ത്രങ്ങൾക്കൊന്നും സർക്കാർ വിരുദ്ധ കലാപങ്ങൾക്ക് അറുതിയുണ്ടാക്കാനായില്ല.

ഏതൊരു ജനതയ്ക്കും തനതായ ചരിത്രവും പാരമ്പര്യവും സംസ്കാരവും ഉണ്ടാകും. ഇതിൽ മുറുകെ പിടിക്കുകയെന്നത് ആ ജനതയുടെ സ്വഭാവവിശേഷങ്ങളിൽ കാണാവുന്ന ഒന്നാണ്. സാമൂഹിക സാഹചര്യം മൂലം വൈരുധ്യങ്ങൾ ഉണ്ടാകുകയും മാറ്റങ്ങൾക്ക് വിധേയമാകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ബ്രീട്ടീഷ് ഭരണം ഈ വൈരുദ്ധ്യങ്ങളെ മൂർച്ഛിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ആ വിധത്തിലുള്ള അസഹിഷ്ണുതകളും അസ്വസ്ഥതകളും പുകയുകയും പലപ്പോഴും കലാപങ്ങളായി രൂപാന്തരപ്പെടുകയും ചെയ്തു. അങ്ങിനെ രൂപാന്തരം പ്രാപിച്ച കലാപങ്ങളിലൊന്നാണ് ചരിത്രത്തിൽ ഇടം പിടിച്ച മലബാർ കലാപം. ഔദ്യോഗികകണക്കുകൾ നിരത്തി സർക്കാർ പറഞ്ഞിരുന്നത് ഈ കലാപത്തിൽ 3000 പേർ മരണപ്പെട്ടിട്ടുണ്ടാകുമെന്നാണ്. എന്നാൽ ആഴത്തിൽ വേരോടിയ അന്വേഷണങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. കലാപത്തിൽ ജീവഹാനി സംഭവിച്ചവരുടെ സംഖ്യ പതിനായിരത്തോളം വരുമെന്നാണ്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും മലബാർ കലാപത്തിന്റെ ചരിത്രാനുഭവങ്ങൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ആഴം മനസിലാക്കണമെങ്കിൽ അന്നത്തെ മദിരാശി ഗവർണറുടെ കൗൺസിലിന്റെ രേഖകൾ മറിച്ചുനോക്കിയാൽ മതി. “വെറും ലഹളകളോ അതിക്രമങ്ങളോ മാത്രമല്ല, മറിച്ച് ചക്രവർത്തി തിരുമനസ് വാണരുളുന്ന അധിനിവേശനാടുകളിലെവിടെയും കേട്ടുകേൾവിയില്ലാത്ത വിധത്തിലാണ് അറുകൊലക്കാരുടെ ആക്രമണങ്ങൾ മലബാറിൽ അരങ്ങേറിയത്. ” അധികാരത്തോടുള്ള ഭക്തിയും കൂറും മാത്രമല്ല ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്, പ്രക്ഷോഭത്തിന്റെ ആഴവും പരപ്പും അളന്നു നോക്കപ്പെടുകയാണ്.

മലബാറിലെ ജനങ്ങളെ ലഹളയിലേക്ക് നയിച്ച പാശ്ചാത്തലത്തെ സംബന്ധിച്ച് പരിശോധിച്ച് പോകേണ്ടതാവശ്യമാണ്. മലബാർ പ്രദേശം മുഴുവൻ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായത് 1800 മെയ് 21 നായിരുന്നു. ഒരു പ്രിൻസിപ്പൽ കലക്ടറും ഏതാനും സബോർഡിനേറ്റ് കളക്ടർമാരും നയിക്കുന്ന ജില്ലാ ഭരണകൂടം നിലവിൽ വന്നു. 1801 ഒക്ടോബർ ഒന്നിന് പ്രഥമ കലക്ടർ ആയി മേജർ മക്ലോയിഡ് ചുമതലയേറ്റു. ബ്രിട്ടന്റെ തനതു രീതിയിലുള്ള ഭരണത്തിന് നാന്ദിക്കുറിച്ചു.

1792 ന് മുമ്പ്, മൈസൂർ മുസ്ലിം ഭരണാധികാരികളായ ഹൈദ്രാലിയുടെയും ടിപ്പുവിന്റെയും അധിനിവേശങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരുന്ന പ്രദേശങ്ങളായിരുന്നു മലബാർ. സുൽത്താൻ ഭരണത്തിൽ മലബാർ വലിയ തോതിലുള്ള ഭരണപരിഷ്കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. പരമ്പരാഗത രീതിയിലുള്ള നെൽകൃഷിയാണ് പ്രധാന ജീവിതോപാദിയായി ജനങ്ങൾ ആശ്രയിച്ചിരുന്നത്. അതിനുപുറമെ തോട്ടം മാതൃകയിൽ കാപ്പി, തേയില, കറുവാ, കുരുമുളക്, ജാതി തുടങ്ങിയ കൃഷിയും പല മേഖലകളായി അഭിവൃദ്ധി പ്രാപിച്ചു വന്നിരുന്നു. വ്യവസായമെന്ന നിലയിൽ ഓട്ടു കമ്പനികളും നെയ്ത്ത്ശാലകളും ആരംഭം കുറിച്ചിരുന്നു. ഇടിമിന്നൽപോലെപ്പതിച്ച മുതലാളിത്തം ജന്മി-ഫ്യൂഡൽ വ്യവസ്ഥയ്ക്കുമേലെ വിള്ളൽ വീഴ്ത്താൻ തുടുങ്ങിയിരുന്നു. എങ്കിലും ജനസംഖ്യയുടെ അറുപത് ശതമാനം പേരും തൊഴിലിനായി ആശ്രയിച്ചത് കാർഷികമേഖലയെയായിരുന്നു.

ജന്മി വ്യവസ്ഥയുടെയും ജാതി ശ്രേണിയുടെയും അടിത്തട്ട് ഇളക്കാത്ത വിധത്തിലുള്ള ഭരണതന്ത്രമാണ് ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചിരുന്നത്. എന്നിരുന്നാലും വൈരുദ്ധ്യങ്ങൾ രൂപപ്പെടുകയും മൂർച്ഛിക്കുകയും ചെയ്തു. ജന്മിവ്യവസ്ഥ നടത്തിയ ചൂഷണങ്ങൾ ജനജീവിതത്തെ ബാധിച്ചു. ജനജീവിതം കൂടുതൽ ദുഃസഹമാകുകയും ചെയ്തു. പ്രതിരോധങ്ങൾ എന്ന നിലയിൽ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ചില സന്ദർഭങ്ങളിൽ കലാപങ്ങളായി പരിണമിച്ചു. മലബാറിന്റെ നാനാമേഖലകളിൽ പ്രത്യേകിച്ച ഏറനാട്- വള്ളുവനാട് താലൂക്കുകളിൽ 1836‑നും 1853 നുമിടയിൽ പന്ത്രണ്ടോളം കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടതായി സർക്കാർ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കലാപങ്ങൾ ഉണ്ടാകുന്നതിന്റെ സാഹചര്യങ്ങൾ ഇല്ലാതാക്കാനല്ല സർക്കാർ പ്രവർത്തിച്ചത്. കലാപങ്ങൾ ഉണ്ടായാൽ അടിച്ചമർത്തുകയെന്ന ഉദ്ദ്യേശത്തോടെ സർക്കാർ പ്രത്യേകസേന രൂപീകരിക്കാൻ തീരുമാനിച്ചു. 1854‑ൽ മലബാർ സ്പെഷ്യൽ പൊലീസ് അഥവാ എംഎസ്പി സർക്കാർ സേനയുടെ ഭാഗമായി രൂപികരിച്ചു.

പൊലീസിനെ ഉപയോഗിച്ചുള്ള സർക്കാർ നടപടികൾ ശക്തിപ്പെട്ടതോടെ സംഘർഷങ്ങൾ നിത്യസംഭവങ്ങളായി, കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. 1855‑ൽ മലബാർ ജില്ലാ മജിസ്ട്രേറ്റായിരുന്ന എച്ച് വി കൊനോലിയെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് നാല് മാപ്പിളമാർ സംഘം ചേർന്ന് വധിച്ചു. നാട്ടിൽ വലിയ കോളിളക്കമാണ് ഈ സംഭവം മൂലം ഉണ്ടായത്. മലബാറിലെ മുസ്ലിങ്ങളെ പൊതുവെ മാപ്പിളമാർ എന്നാണ് വിളിച്ചിരുന്നത്. ഈ സംഭവത്തോടെ മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിന്റെ കണ്ണിലെ കരടായി മാറി. ഇവരെ സർക്കാർ ശത്രുക്കളായി മുദ്രകുത്തി. അതുകൂടാതെ അക്രമണങ്ങളെയും കലാപങ്ങളെയും വർഗീയ വൽക്കരിക്കാനുള്ള ശ്രമം തുടങ്ങി. ജനങ്ങളെ വേർതിരിച്ചു നിർത്തുന്ന നയമാണ് സർക്കാർ തുടക്കം മുതൽ പിൻതുടർന്നത്.

കൊടിയ ദാരിദ്യ്രവും ജന്മിമാർ നടത്തിയിരുന്ന കഠിനമായ ചൂഷണങ്ങളും അവരുടെ വകയായ മറ്റ് പീഡനങ്ങളും സഹിക്കവയ്യാതായപ്പോൾ പ്രതികരിക്കുന്ന സംഭവങ്ങളും ഉണ്ടായി. അങ്ങിങ്ങായി സംഘർഷങ്ങൾ രൂപപ്പെട്ടു. അസ്വസ്ഥതകൾ അനിയന്ത്രിതമായപ്പോൾ ചില സമ്പന്ന ജന്മി ഗൃഹങ്ങൾക്കു നേരേയും ആക്രമണങ്ങൾ ഉണ്ടായി. ഇതിന്റെയെല്ലാം ആകെതുകയാണ് കലാപങ്ങളായി പരിണമിച്ചത്. ജനങ്ങൾ കലാപത്തിലേക്ക് നയിക്കപ്പെട്ടതിന്റെ പ്രധാനകാരണം കാർഷിക മേഖലയിലെ കഠിനമായ ചൂഷണം തന്നെയായിരുന്നു. സർക്കാർ തുടർച്ചയായി ഇടപെടുന്ന വിധത്തിൽ സാഹചര്യങ്ങൾ സംജാതമാകുകയും സംഘർഷങ്ങൾ വ്യാപകമായി ഉടലെടുക്കുകയും ചെയ്തപ്പോൾ, വില്യംലോഗനെ സ്പെഷ്യൽ കമ്മിഷണറാക്കിയുള്ള ഒരു കമ്മിഷനെ 1881 ‑ൽ സർക്കാർ നിയോഗിക്കുയുണ്ടായി. മലബാറിലെ ഭൂവുടുമ സമ്പ്രദായത്തെയും കുടിയാൻമാരുടെ അവകാശങ്ങളെപ്പറ്റിയും അന്വേഷിക്കുന്നതോടൊപ്പം മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നതായിരുന്നു കമ്മിഷണനിൽ നിക്ഷിപ്തമായിരുന്ന ചുമതല. പരമ്പരാഗത സമ്പ്രദായമനുസരിച്ച് നിലവിലില്ലായിരുന്ന അധികാരങ്ങൾ കൂടി ഭൂവുടമകൾക്ക് നൽകിക്കൊണ്ടുള്ള നടപടിയാണ് ബ്രിട്ടീഷ് ഗവണ്മെന്റ് സ്വീകരിച്ചിരുന്നത്.

വില്യംലോഗന്റെ കമ്മിഷൻ നടത്തിയ ആഴത്തിലുള്ള പഠനത്തിലൂടെ തയാറാക്കിയ റിപ്പോർട്ടിന്റെ ഒരു ഭാഗത്ത് ഇങ്ങനെ സൂചിപ്പിക്കുന്നു. “പാട്ടത്തിന്റെ പേരിൽ കുടിയാന്മാരെ ഇറക്കി വിടാനും ഭൂമി ഒഴിപ്പിച്ചെടുക്കാനും ലഭിച്ച പുതിയ അവകാശങ്ങളെ ബ്രിട്ടീഷ് കോടതിയുടെ സഹായത്തോടുകൂടി നടപ്പിലാക്കിക്കൊണ്ടിരുന്ന ജന്മികളുടെ ഭാരിച്ച സ്വാധീന ശക്തിയെ നേരിടാൻ ചെയ്യുന്ന ശ്രമങ്ങളുടെ ഫലമായിട്ടാണ് കലാപങ്ങൾ ഉണ്ടാകുന്നത്. ”

നാട്ടിലെ പ്രബല ശക്തികളായ ജന്മിമാർ സവർണ വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളായിരുന്നു. കർഷകരിൽ ഭൂരിപക്ഷം പേരും മാപ്പിളമാരായിരുന്നു. അവർക്ക് ഭൂമിയിൽ യാതൊരവകാശവും ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് സർക്കാർ കൈക്കൊണ്ട നീതികരിക്കാനാവാത്ത നികുതി നയമാണ് കലാപങ്ങൾ ഉണ്ടാകാൻ കാരണമായതെന്നും ലോഗന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിലെ കുടിയാൻ അനുകൂല പരാമർശങ്ങൾ, ലോഗനെ കുടിയാൻ പക്ഷപാതിയാക്കി ചിത്രീകരിക്കാൻ ഇടവരുത്തി. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് ശേഷം, അധികം വൈകാതെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലബാർ കുടിയാൻ കുഴിക്കൂർ ചമയ ആക്ട്1887 ‑ൽ പ്രാബല്യത്തിൽ വന്നു. ജന്മിമാർ നിയമരഹിതമായി ബലം പ്രയോഗിച്ച് കുടിയൊഴിപ്പിക്കുന്നതിൽ നിന്ന് കുടിയാന്മാർക്ക് സംരക്ഷണം നൽകുന്ന ഒരു വ്യവസ്ഥ ഈ നിയമത്തിലൂടെ കൈവന്നുവെങ്കിലും യാഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ആക്ട് പരാജയമായിരുന്നു.

മലബാറിലെ വിവിധ പ്രദേശങ്ങളിലെ ഭൂമി സംബന്ധമായുണ്ടായ പ്രശ്നങ്ങളെല്ലാം സംഘർഷത്തിലേക്കാണ് നീങ്ങിയത്. ഇത് ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായിട്ടാണ് സർക്കാരിന്റെ നിലപാട്. ഇരുപതാംനൂറ്റാണ്ട് ആരംഭിച്ചിട്ടും മലബാറിൽ ഈ സ്ഥിതി തന്നെ തുടർന്നു. സാധാരണ ജനങ്ങളുടെ ജീവിത പ്രതീക്ഷയെ തകർക്കുന്ന വിധത്തിലുള്ള അസംതൃപ്ത ജീവിതം പ്രതിഷേധരൂപത്തിൽ സാമൂഹികാന്തരീക്ഷത്തിൽ പുകഞ്ഞുകൊണ്ടിരുന്നു. കുമിഞ്ഞുകൂടി പുകഞ്ഞുകൊണ്ടിരുന്ന സംഘർഷാവസ്ഥയുടെ ധൂമപടലങ്ങൾക്കൊടുവിൽ പൊട്ടിയൊലിക്കുന്ന അഗ്നിപർവതലാവപോലെ കലാപങ്ങളായി ഒഴുകുവാൻ തുടങ്ങി. ഇക്കാലത്ത് ഇവിടെ ചില സാമൂഹ്യ മാറ്റങ്ങൾ ഉരുത്തിരിഞ്ഞ് വന്നു. ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ യുവാക്കളിൽ ഒരു വിഭാഗം പട്ടാളത്തിൽ ചേർന്നു.

തോട്ടങ്ങൾ, റയിൽവേ, വാണിജ്യം, വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം ചെറിയ തോതിലാണെങ്കിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ മേഖലയിൽ വന്നുപെട്ടവർ പിന്നീട് ദേശീയ പ്രസ്ഥാനത്തോടും സ്വാതന്ത്രപ്രസ്ഥാനത്തോടും അനുഭാവം പുലർത്തുന്നവരായി. നവതലമുറയിലെ മാറ്റം പുതിയ ചിന്തകൾക്ക് തുടക്കമിട്ടു. കുടിയാൻ പ്രശ്നം മലബാറിന്റെ വിവിധമേഖലകളിൽ സജീവചർച്ചവിഷയമായി. കുടിയാൻ സംഘങ്ങൾ രൂപീകരിക്കപ്പെട്ടു. അതിൽ ശ്രദ്ധേയമായ സംഘമായിരുന്നു കെ പി രാമൻ മേനോന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട “സാമൂതിരി എസ്റ്റേറ്റ് കുടിയാൻ സങ്കട നിവാരണ സംഘം” കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാർ, വക്കീൽ എം പി നാരായണമേനോൻ എന്നിവരും കുടിയാൻമാർക്കുവേണ്ടി നേതൃത്വരംഗത്ത് പ്രവർത്തിച്ചു. ഇവരുടെ മുൻകൈയിൽ “കുടിയാൻ” എന്ന പേരിൽ ഒരു പത്രവും തുടങ്ങി.

ഇതേ കാലത്തുതന്നെയാണ് മലബാറിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആവിർഭാവം. കൊണ്ടോട്ടിയായിരുന്നു ഖിലാഫത്തിന്റെ പ്രധാനകേന്ദ്രം. മതപരമായ വൈകാരികത ഈ സംഘടനയ്ക്കുണ്ടായിരുന്നു. അതിനാൽ ഖിലാഫത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. 1920 ‑ൽ ചേർന്ന ഖിലാഫത്ത് യോഗത്തിൽ പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്. ഒറ്റപ്പാലത്തുവെച്ച് ഒന്നാംസംസ്ഥാനസമ്മേളനവും നടന്നു. ഗാന്ധിജി ഖിലാഫത്തുമായി ചേർന്നാണ് 1921 ൽ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചത്. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്ത്വവാഴ്ചയ്ക്കുമെതിരെ പുതിയ വെല്ലുവിളി ഉയർത്താൻ ഖിലാഫത്ത് ‑നിസഹകരണ പ്രസ്ഥാനത്തിനു സാധിച്ചു.

മലബാറിൽ വേരുറപ്പിക്കാൻ ആദ്യകാലം മുതൽ ദേശീയ പ്രസ്ഥാനത്തിന് കഴിഞ്ഞിരുന്നു. 1920- ൽ നാഗപ്പൂരിൽ വച്ച് ചേർന്ന എഐസിസി സമ്മേളനമാണ് നിസഹകരണ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. വിദേശ വസ്തുക്കളും, കോടതികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ബഹിഷ്ക്കരിക്കാനുള്ള ഗാന്ധിജിയുടെ ആഹ്വാനം ജനങ്ങൾ ആവേശപൂർവം ഏറ്റെടുത്തു. മലബാറിലും സമരാഹ്വാനം സജീവചലനം ഉണ്ടാക്കിയിരുന്നു. ദേശീയ പ്രസ്ഥാനത്തിന് വേരോട്ടം നേരത്തേതന്നെ മലബാറിലെ ഭൂമികയിൽ ഉണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലേക്ക് മലബാറിന്റെ സംഭാവനയുണ്ടായിരുന്നു. സർ. സി ശങ്കരൻ നായർ മലബാറിന്റെ സംഭാവനയായിരുന്നു. അദ്ദേഹമായിരുന്നു 1897‑ൽ അമരാവതിയിൽ ചേർന്ന എഐസിസി സമ്മേളനത്തിന്റെ അധ്യക്ഷൻ. 1903‑ൽ കോഴിക്കോട് വച്ച് മലബാർ റീജിയണൽ സമ്മേളനം ചേരുകയുണ്ടായി. 1916 മുതൽ നിരവധി രാഷ്ട്രീയ സമ്മേളനങ്ങൾക്ക് മലബാർ സാക്ഷ്യം വഹിച്ചു, ഗാന്ധിജിയും മൗലാന ഷൗക്കത്ത് അലിയും ഒരുമിച്ചാണ് കേരള സന്ദർശനം നടത്തിയത്. കോൺഗ്രസിന്റെ കേരളഘടക സമ്മേളനം 1921 ഏപ്രിൽ മാസത്തിൽ മലബാറിന്റെ ഭാഗമായ ഒറ്റപ്പാലത്തുവച്ചാണ് ചേർന്നത്. എം പി നാരായണമേനോൻ, കെ മാധവൻനായർ, കെ പി കേശവമേനോൻ, കെ കേളപ്പൻ, ഇ മൊയ്തുമൗലവി, മുഹമ്മദ് അബ്ദുൾറഹ്‌മാൻ എന്നിവരായിരുന്നു കോൺഗ്രസിന്റെ മലബാറിലെ ആദ്യക്കാല നേതാക്കളിൽ പ്രധാനികൾ, അബ്ദുൾ റഹ്‌മാൻ ഖിലാഫത്തിന്റെ സെക്രട്ടറിയുമായിരുന്നു.

ഖിലാഫത്തിന്റെ മുന്നേറ്റം ബ്രിട്ടീഷ് സർക്കാരിലുണ്ടാക്കിയ അങ്കലാപ്പ് ചെറുതായിരുന്നില്ല. ദേശീയ പ്രസ്ഥാനത്തെയും കുടിയാൻ സംഘത്തേയും സംശയദൃഷ്ടിയോടെയാണ് സർക്കാർ വീക്ഷിച്ചിരുന്നത്, ബ്രിട്ടീഷ് ഭരണത്തെ എരിച്ചു കളയാൻ ഉള്ള തീ കൊള്ളിയാണിവയെല്ലാം എന്നായിരുന്ന സർക്കാരിന്റെ കാഴ്ചപ്പാട്. സർക്കാരിനെതിരായുള്ള ഏതൊരു നീക്കത്തിനെതിരെയും 144 വകുപ്പ് പ്രയോഗിക്കുന്നത് സാധാരണ സംവിധാനമാക്കി അധികാരികൾ മാറ്റിയിരുന്നു.

മലബാറിലെ രാഷ്ട്രീയ സ്ഥിതിഗതികൾ അതിവേഗം മാറിവന്നു. രാഷ്ട്രീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും പ്രധാന സംഭവമായിരുന്നു അത്. മലബാർ കലാപത്തിന്റെ പേരിൽ പ്രതിചേർക്കപ്പെട്ട് വിചാരണ തടവുകാരനായി വെല്ലൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടിവന്ന മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് പറഞ്ഞത്, മലബാറിൽ നടന്ന രാഷ്ട്രീയ പ്രക്ഷോഭം ഒരു കലാപത്തിൽ എത്തിച്ചേരുകയായിരുന്നുവെന്നാണ്. ഒരർത്ഥത്തിൽ പ്രക്ഷോഭത്തെ സർക്കാർ കലാപത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് എന്നുപറയാം.

ഏറനാട്, വള്ളുവനാട് താലൂക്കുകൾ ഐപിസി 144 നിയമത്തിന്റെ കീഴിലായി. നിസാര കാര്യങ്ങൾക്കുപോലും മാപ്പിളമാരെ തെരഞ്ഞുപിടിച്ച് മർദ്ദിക്കുകയും അവരുടെ പേരിൽ കേസുകൾ ചാർജ്ജ് ചെയ്യുകയുമുണ്ടായി. ജനരോക്ഷം ആളിക്കത്തുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. ഒരു ദിവസം, പൂക്കോട്ടൂർ പ്രദേശത്തെ ഖിലാഫത്ത് സെക്രട്ടറി വടക്കെവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇത് പലയിടങ്ങളിലും സംഘർഷങ്ങൾക്ക് ഇടയുണ്ടാക്കി. 1921 ഓഗസ്റ്റ് 20 ന് പാട്ടാളത്തിന്റെ സ്റ്റാഫ് ഓഫീസർ ഇവാൻസിന്റെയും സെക്കന്റ് ലഫ്റ്റനന്റ് ജോൺസന്റെയും നേതൃത്വത്തിൽ പള്ളി റെയ്ഡ് ചെയ്തു, ഏതാനും നേതാക്കളെയും പ്രവർത്തകരെയും പട്ടാളം പിടിച്ചുകൊണ്ടുപോയി. നേതാക്കളെ മോചിപ്പിക്കാൻ താന്നൂർ കുഞ്ഞിക്കാദറുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ പട്ടാളത്തെ വളഞ്ഞു. ഇത് ഒരു തുറന്ന ഏറ്റുമുട്ടലിൽ കലാശിച്ചു. സെക്കന്റ് ലഫ് ജോൺസണും പൊലീസ് ഓഫീസർ ലൗലിയും കൊല്ലപ്പെട്ടു. ഇവിടെ നിന്നാണ് മലബാർ കലാപം പൊട്ടിപുറപ്പെടുന്നത്. അത് വളരെ വേഗത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായ തുറന്ന സായുധ പോരാട്ടമായി മാറി.

പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുന്നതിലേക്കും സർക്കാർ ഖജനാവ് കയ്യേറുന്നതിലേക്കും വഴിമാറി സഞ്ചരിച്ച കലാപം നാട്ടുകാരുടെ സ്വയംഭരണം സ്ഥാപിക്കുന്നതിലേക്കും എത്തിച്ചേർന്നു. പലസ്ഥലങ്ങളും കുരുതിക്കളങ്ങളായി മാറി. പൂക്കോട്ടൂരിൽ തമ്പടിച്ച മൂവായിരത്തിലധികം വരുന്ന കലാപകാരികളെ നേരിടുന്നതിനായി 22 ട്രക്കുകളിൽ നിറയെ സൈനികരുമായി ബ്രിട്ടീഷ് പട്ടാളമെത്തി. പട്ടാളവും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ സർവസാധാരണമായി. സാമ്രാജ്യത്വ വിരുദ്ധപോരാട്ടം ലഹളയായി പടർന്നു പിടിച്ചു.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി, കുമാരൻപുത്തൂർ സീതികോയതങ്ങൾ, ആലിമുസ്ലിയാർ തുടങ്ങിയവരെല്ലാം സമരനേതാക്കളായി ഉയർന്നുവന്നു. മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തൽമണ്ണ തുടങ്ങിയ പ്രദേശങ്ങൾ സ്വയംഭരണകേന്ദ്രങ്ങളായി മാറി. സമരനേതാക്കളെല്ലാം ഭരണാധികാരികളായി.

സ്വസ്ഥത നഷ്ടപ്പെട്ട ബ്രിട്ടീഷ് അധികാരികൾ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലായി. ലഹള അടിച്ചമർത്തേണ്ടത് അടിയന്തര ബാധ്യതയായി ഏറ്റെടുത്തു, ബ്രിട്ടീഷ് പട്ടാളവും ഗൂർഖറെജിമെന്റും കലാപബാധിത പ്രദേശങ്ങളിൽ എത്തി. ഈ സ്ഥലങ്ങളിലാകെ ആ പട്ടാളനിയമം പ്രഖ്യാപിക്കുകയും നിഷ്ഠുരമായ വിധത്തിലുള്ള മർദ്ദനങ്ങൾ അഴിച്ചുവിടുകയും ചെയ്തു.

കലാപം വഴിമാറി സഞ്ചരിച്ച സന്ദർഭങ്ങളും ഉണ്ടായി. ലഹളയുടെ അവസാനഘട്ടത്തിലുണ്ടായ ആക്രമണപ്രവർത്തനങ്ങൾ പ്രക്ഷോഭത്തിന് ലഭിച്ചിരുന്ന ജനപിന്തുണയിൽ കുറവ് ഉണ്ടായി. സമരം വഴിതെറ്റുന്നതും ആക്രമം അതിര് വിടുന്നതും തടയാൻ ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾ ആത്മാർത്ഥമായി പരിശ്രമിച്ചു. പക്ഷെ ശ്രമം, നിഷ്ഫലമായിരുന്നു. ഖിലാഫത്തിന്റെ സെക്രട്ടറി ചുമതല വഹിച്ചിരുന്ന മുഹമ്മദ് അബ്ദുൾ റഹ്‌മാൻ പ്രക്ഷോഭകാരികളെ അക്രമമാർഗത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചുനോക്കി. ആജ്ഞാശേഷിയുള്ള നേതാവായിരുന്നു അബ്ദുൾ റഹ്‌മാൻ, നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. സമരഭൂമിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 25 ആയിരുന്നു. ഗാന്ധിജിയോട് ആരാധനയുള്ള കോൺഗ്രസുകാരനായിരുന്നുവെങ്കിലും അഹിംസ സിദ്ധാന്തത്തിനോട് അത്രയധികം മമത പുലർത്തിയിരുന്നില്ല. എന്നാൽ സ്വാതന്ത്രാഭിവാഞ്ഛ മനസ് നിറയെ ഉണ്ടായിരുന്നു. അടിമുടി സാമ്രാജ്യവിരോധിയായിരുന്നു അദ്ദേഹം.

പ്രക്ഷോഭത്തിന് ജനപിന്തുണ കുറയുന്നുവെന്ന് മനസിലാക്കിയ സർക്കാർ അവസരത്തിനൊത്ത് ഉയർന്നു. പിന്നീടുള്ള നീക്കം അതിനിഷ്ഠൂരമായ തരത്തിലുള്ളതായിരുന്നു. കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ചു കൊല്ലുന്നതിലേക്ക് കാര്യങ്ങൾ നീങ്ങി. നൂറുക്കണക്കിനാളുകളെ ജയിലിലടച്ചു. ഇതിൽ നിരപരാധികളും ഉൾപ്പെട്ടിരുന്നു. ബ്രിട്ടീഷ് സർക്കാർ ലഹളയ്ക്ക് വർഗീയതയുടെ നിറവും ഭാവവും ഉണ്ടാക്കിയെടുത്തു. ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്തുന്നതിനുള്ള എല്ലാ അടവുകളും പ്രയോഗിച്ചു. ഇതെല്ലാം സമുദായ സൗഹാർദ്ദത്തെ ബാധിക്കുന്ന സ്ഥിതിയിലെത്തിച്ചു,

ഇതിനിടയിൽ സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടന്നു. കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും നേതാക്കളുടെ വീടുകളിൽ പട്ടാളവും പൊലീസും കയറി, അറസ്റ്റ് തുടങ്ങി. സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ശബ്ദം ഏതുവിധത്തിലുള്ളതായാലും എവിടെ നിന്നായാലും ഉണ്ടായാൽ അടിച്ചമർത്തണമെന്ന നിലപാടാണ് ബ്രിട്ടീഷ് സർക്കാരിനുണ്ടായിരുന്നത്. സർക്കാർ അനുകൂലികളെ പ്രോത്സാഹിപ്പിക്കണമെന്നും നിസഹകരണക്കാരെ നിരുത്സാഹപ്പെടുത്തണമെന്നും സർക്കാർ രഹസ്യസർക്കുലർ ഇറക്കി.

സമരം അന്ത്യഘട്ടത്തിലേക്ക് കടക്കുന്ന സ്ഥിതിയിലായി. കലാപത്തിന്റെ ഗതിവിഗതികൾ കുടുതൽ ദാരുണാവസ്ഥയിലായി. സർക്കാർ അവസരങ്ങളെ മുതലാക്കി മുന്നോട്ട് നീങ്ങി. ഓഗസ്റ്റ് 29ന് അഞ്ചു താലൂക്കുകളിൽ ഒരുമിച്ച് പട്ടാള നിയമം പ്രഖ്യാപിച്ചു. തിരൂർ, തിരൂരങ്ങാടി, പ്രദേശങ്ങൾ സൈനിക സന്നാഹം കൊണ്ടുനിറഞ്ഞു. ആലി മുസ്ലിയാരുടെ ആസ്ഥാനമായ തിരൂരങ്ങാടിയിലെ മമ്പറം പള്ളിക്കുനേരെ പട്ടാളം ആക്രമണം നടത്തി. ആക്രമണത്തെ ചെറുക്കാൻ ജനങ്ങൾ തെരുവിലിറങ്ങി. ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടിവെപ്പ് നടത്തി, നിരവധിപേർ മരിച്ചു. ഗത്യന്തരമില്ലാതെ പിറ്റെദിവസം ഓഗസ്റ്റ് 30 ന് മുപ്പത്തിയേഴ് അനുയായികൾ സമേതം ആലി മുസ്ലിയാർ പട്ടാളത്തിനു മുന്നിൽ കീഴടങ്ങി.

മലബാർ കലാപത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് ആലിമുസ്ലിയാർക്കുള്ളത്. രാഷ്ട്രീയചരിത്രമില്ലെങ്കിലും ഒരു മാതൃകാപുരോഹിതനും മതപണ്ഡിതനുമായിരുന്നു അദ്ദേഹം. പള്ളിയിലെ പ്രധാന അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് വിപുലമായിരുന്നു. മതവിശ്വാസിയെന്ന നിലയിലും മതപുരോഹിതനെന്ന നിലയിലും മതവികാരം നിറഞ്ഞു നിന്നിരുന്നു. കീഴടങ്ങിയ ആലി മുസ്ലിയാരെ മാർഷൽ ലോ കോടതി വിചാരണ ചെയ്യുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു, 1922 ഫെബ്രുവരി 17 ന് കോയമ്പത്തൂർ ജയിലിൽ വച്ച് തൂക്കിക്കൊന്നു. ഭൗതികശരീരം മേട്ടുപാളയത്ത് മറവ് ചെയ്തു.

ആലി മുസ്ലിയാരെ പോലെ പ്രധാനിയായിരുന്ന സമരസേനാനിയാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. പോർക്കളത്തിൽ ഇറങ്ങി പൊരുതിയ ലഹളത്തലവന്മാരിൽ ഏതു നിലയ്ക്കും അദ്വീതിയൻ കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആജന്മശത്രുവായിരുന്നു ബ്രിട്ടീഷ് ഭരണകൂടം. സർക്കാരിനെ സഹായിക്കുന്നവരെയും ശത്രു ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു, മറ്റുമതസ്ഥരെ ആക്രമിക്കുന്നവർക്കെരെ കർശന നിലപാടാണ് ഹാജി സ്വീകരിച്ചിരുന്നത്. അതുപോലെ കൊള്ളയിലും കൊള്ളിവെപ്പിലും ഏർപ്പെട്ടിരുന്നവരെയും തിരഞ്ഞുപിടിച്ച് ശിക്ഷിച്ചിരുന്നു. സമ്മതമില്ലാതെ ആരെയും മതത്തിൽ ചേർക്കരുതെന്നും നിഷ്കർഷിച്ചിരുന്നു. ഖാൻ ബഹദൂർ ചേക്കുട്ടി, അയ്തൃഹാജി എന്നിവരെ കൊലപ്പെടുത്തിയത് സർക്കാർപക്ഷക്കാരോടുള്ള ശത്രുതയുടെ നിദർശനമാണ്.

കുഞ്ഞഹമ്മദ് ഹാജിയുടെ ജന്മസ്ഥലം മഞ്ചേരിക്കടുത്തുള്ള നെല്ലിക്കുന്ന് ദേശമാണ്. ആലിമുസ്ലിയാരുടെയും കുഞ്ഞഹമ്മദ് ഹാജിയുടെയും വീടുകൾ തമ്മിൽ 20 വാര മാത്രമേ അകലം ഉണ്ടായിരുന്നുള്ളൂ. അവർ അയൽവാസികളായിരുന്നു. ഇരുവരുടെയും വീടുകൾ പട്ടാളം തീവെച്ച് നശിപ്പിക്കുകയാണ് ചെയ്തത്. സർക്കാർ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവിനെയും കുടുംബത്തെയും നാടുകടത്തുകയുണ്ടായി, അതിനാൽ കുട്ടിയായിരുന്ന ക്കാലം മുതൽ മക്കയിൽ പോയി പ്രവാസിയായി ജീവിക്കേണ്ടിവന്നു. 1915 ലാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ജീവിക്കാനായി പോത്തുവണ്ടിക്കാരനായി ജോലി നോക്കി.

കുഞ്ഞഹമ്മദ് ഹാജി മതാഭിമാനി എന്നതിനൊപ്പം ദേശാഭിമാനിയുമായിരുന്നു. ബ്രിട്ടീഷ് സർക്കാരിനോട് ഒടുങ്ങാത്ത പകയുണ്ടായിരുന്ന അദ്ദേഹം സർക്കാരിനു മുമ്പിൽ കീഴടങ്ങാൻ കൂട്ടാക്കിയില്ല. സർക്കാരുമായുള്ള ഏറ്റുമുട്ടലിന് തയ്യാറായി പൂക്കോട്ടൂരിൽ 3000 യോദ്ധാക്കളെ അണിനിരത്തുന്നതിന് നേതൃത്വം നൽകിയത് കുഞ്ഞഹമ്മദ് ഹാജിയാണ്. അന്നത്തെ ഏറ്റുമുട്ടലിൽ 400 പേർക്ക് ജീവഹാനി സംഭവിച്ചു. അങ്ങനെയുള്ള, പരാക്രമിയായ കുഞ്ഞഹമ്മദ് ഹാജി സർക്കാരിന് കീഴടങ്ങാതെ ഒളിവിൽപോയി. മലബാറിന്റെയും കോയമ്പത്തൂരിന്റെയും ജില്ലാഅതിർത്തിയിലുള്ള കയ്പാമൂല എന്ന ഗ്രാമത്തിലായിരുന്നു ഒളിവ് കേന്ദ്രം. അവിടെ വച്ചാണ് പട്ടാളവും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പട്ടാളം പിടികൂടുമ്പോൾ ഇരുന്നൂറോളം യോദ്ധാക്കളായ അനുചരന്മാർ കൂടെയുണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള മറ്റൊരു പോരാട്ടത്തിന്റെ തയ്യാറെടുപ്പിനുള്ള ആലോചനയിലായിരുന്നു അദ്ദേഹം. പതിവ് രീതിയനുസരിച്ച് സർക്കാർ മാർഷ്യൽ ലോ കോടതിയിൽ വിചാരണയ്ക്ക് വിധേയനാക്കി. വെടിവച്ച് കൊല്ലാനാണ് വിധിച്ചത്. 1922 ജനുവരി 20 ന് പകൽ സമയത്ത് ഒന്നാം വൈലിനടുത്തുള്ള കോട്ടകുന്നിന്റെ ചെരുവിൽ വച്ച് കോടതിയുടെ വിധി നടപ്പിലാക്കി. ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയ്ക്കെതിരെ ജീവിതാന്ത്യം വരെ പോരാടിയ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വം സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഏടുകളിൽ എന്നും തിളങ്ങി നിൽക്കും.

മലബാർ കലാപത്തെ അടിച്ചമർത്തുന്നതിന് അത്യന്തം നിന്ദ്യവും ഹീനവുമായ നടപടികളാണ് ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ടത്. ചരിത്രം മാപ്പ് നൽകാത്ത ദുരന്ത സംഭവങ്ങളും സർക്കാരിന്റെ നേതൃത്വത്തിൽ നടന്നു. അതിലൊന്നായിരുന്നു “വാഗൺട്രാജഡി ദുരന്തം’. “ജാലിയൻ വാലാബാഗ് കൂട്ടക്കൊല’ പോലെ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. വിചാരണ തടവുകാരായ 90‑ൽ പരം ആളുകളെ ഒരു ഗുഡ്സ് വാഗണിന്റെ ഒരു ബോഗിയിൽ കുത്തിനിറച്ച് കൊണ്ടുപോയത് 1921 നവംബർ പത്താം തിയതിയായിരുന്നു. കോയമ്പത്തൂർ ജയിലിൽ പാർപ്പിക്കാനുള്ള ഇവരെ കയറ്റിക്കൊണ്ടുപോയത് തിരൂർ തീവണ്ടി സ്റ്റേഷനിൽ നിന്നാണ്. പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്കിനായിരുന്നു മേൽനോട്ടചുമതല. പോത്തന്നൂർ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് അതിഭീകരമായ ദുരന്തം ലോകം അറിഞ്ഞത്. മലബാർ കലാപത്തിന്റെ ചരിത്രമെഴുതിയ കോൺറാഡ് വുഡ് രേഖപ്പെടുത്തിയിട്ടുള്ളത് 70 പേർ മരണപ്പെട്ടുവെന്നാണ്. 67 പേർ മാപ്പിളമാരും മൂന്ന് പേർ ഹിന്ദുക്കളുമായിരുന്നു മരണപ്പെട്ടവരെന്നും കോൺറാഡ് വുഡ് പറയുന്നു. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായ ആളുകളായിരുന്നു ഇവരെല്ലാം.

അധികം വൈകാതെ മലബാർ കലാപം കെട്ടടങ്ങി, രാഷ്ട്രീയ മാറ്റങ്ങൾക്ക് മലബാർ വീണ്ടും സാക്ഷ്യം വഹിച്ചു. ദേശീയ സ്വാതന്ത്യ്രസമരം ശക്തിപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടാതെ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയും ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രൂപീകൃതമാകുകയും ബഹുജന സ്വാധീനമുള്ള പ്രസ്ഥാനങ്ങളായി വളരുകയും ചെയ്തു. അതോടൊപ്പം മതരാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും ശക്തി പ്രാപിച്ചു. മലബാർ കലാപത്തിന് ശേഷം കാൽ നൂറ്റാണ്ട് കാലമാണ് ബ്രിട്ടന്റെ ഭരണം ഇന്ത്യയിൽ തുടർന്നത്.

ബ്രിട്ടീഷ് സർക്കാർ ആഗ്രഹിച്ചതുപോലെ അവർക്ക് ഹിന്ദു-മുസ്ലിം മൈത്രിയിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചു. കലാപശേഷമുള്ള വിലയിരുത്തലുകളിലും ചരിത്രരചനകളിലുമെല്ലാം അതാണ് കാണാൻ കഴിയുന്നത്. നിസഹകരണപ്രസ്ഥാനത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് മലബാർ കലാപത്തെ ദേശീയ തലത്തിൽ ഗൗരവമായി കണ്ടില്ലായെന്ന് അന്നേ ആക്ഷേപം ഉയർന്നിരുന്നു. ദേശീയ നേതൃത്വത്തിന്റെ പ്രത്യേകിച്ച് ഗാന്ധിജിയുടെ സന്ദർശനം പ്രതീക്ഷിച്ചിരുന്ന സംസ്ഥാന നേതൃത്വത്തിന് നിരാശപ്പെടേണ്ടിവന്നു. മലബാർ ലഹളയ്ക്ക് കാരണക്കാർ ദേശീയ പ്രസ്ഥാനവും ഖിലാഫത്തു പ്രസ്ഥാനവുമാണെന്ന് വരുത്തിത്തീർക്കാൻ സർക്കാർ ആവുന്നത്ര ശ്രമിച്ചു. അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ ദേശീയ നേതൃത്വത്തിനായില്ല. “വാഗൺട്രാജഡി‘യെ ദേശീയ ദുരന്തമായി കാണാനോ, പ്രചാരണം സംഘടിപ്പിക്കാനോ എ. ഐ. സി. സി തയ്യാറായിരുന്നില്ല.

കുറഞ്ഞപക്ഷം ഗാന്ധിജിയുടെ പ്രഖ്യാപിത കോഴിക്കോട് സന്ദർശനപരിപാടി നടന്നിരുന്നുവെങ്കിൽ മലബാർ കലാപത്തിന്റെ ചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നുവെന്ന് ചിന്തിക്കുന്നവർ ധാരാളം. ഗാന്ധി-ഇർവിൻ സന്ധി സംഭാഷണ സന്ദർഭത്തിൽ “ഭഗത് സിംഗിന്റെ വധശിക്ഷ ഒഴിവാക്കണമെന്ന്’ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ എന്നതുപോലെ പ്രധാനപ്പെട്ട അഭിപ്രായമാണ് ഇതും. പഞ്ചാബ് സന്ദർശിക്കുവാൻ തീരുമാനിച്ച ഗാന്ധിജിയെ സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ച് തടഞ്ഞിട്ടും നിയമം ലംഘിച്ച് യാത്ര തുടരാൻ തീരുമാനിച്ചു. ഒടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മലബാർ സന്ദർശിക്കാൻ ഗാന്ധിജി തീരുമാനിച്ചിരുന്നു. മൗലാന മുഹമ്മദലിക്കൊപ്പം മദിരാശിയ്ക്ക് പുറപ്പെടുകയും ചെയ്തു. വാൾട്ടയറിൽ വച്ച് മുഹമ്മദലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിജി മദിരാശിയിലേക്ക് യാത്ര തുടർന്നു. മലബാർ സന്ദർശനത്തിന് ഗാന്ധിജിക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കല്പന സർക്കാർ പുറപ്പെടുവിച്ചു. മലബാർ യാത്ര റദ്ദാക്കി ഗാന്ധിജി മദിരാശിയിലേക്ക് മടങ്ങി. അതോടെ ഗാന്ധിജിയുടെ മലബാർ സന്ദർശനം ഇരുളടഞ്ഞ അധ്യായമായി. മലബാറിലെ കോൺഗ്രസ് പ്രവർത്തകർ നിരാശരുമായി. ബ്രിട്ടീഷ് സർക്കാരിന്റെ ഭരണതന്ത്രം അവിടെയും വിജയിച്ചു. സ്വരാജ്യ പ്രസ്ഥാനത്തിൽ വിള്ളൽ വീഴ്ത്താനും ഒരു വിഭാഗം ആളുകളുടെ സ്വാതന്ത്യ്രദാഹത്തെ ശമിപ്പിക്കാനും സർക്കാരിന് കഴിഞ്ഞു. മലബാറിലെ ദേശീയ പ്രസ്ഥാനത്തിന് ഇതിന്റെ പേരിൽ വലിയ വില കൊടുക്കേണ്ടതായും വന്നു.

കൊളോണിയൽ രാജ്യങ്ങളിലെ ജനങ്ങൾ സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തുന്ന ഏതൊരു സമരത്തേയും സർക്കാർ വിരുദ്ധസമരമെന്ന് മുടിയടിച്ച്, ജനങ്ങളിൽ വിഭാഗീയത സൃഷ്ടിച്ച് സമരത്തെ വഴിതിരിച്ചുവിടുന്ന നയം ബ്രിട്ടീഷ് സർക്കാർ ഏതുകാലത്തും സ്വീകരിച്ച് പോന്നിട്ടുള്ളതാണ്. ആധുനികകാലത്തും ഇതേ നയം തന്നെയാണ് വലതുപക്ഷസർക്കാരുകൾ പിന്തുടരുന്നത്. രാഷ്ട്രീയത്തിൽ മതത്തെ ഇടപെടുവിച്ചുകൊണ്ടുള്ള രാഷ്ട്രീയ നയങ്ങൾ ആധുനിക ലോകത്ത് വലിയ വിപത്തുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണതന്ത്രശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ലോകത്തിൽ അസമത്വത്തിന്റെ വേർതിരിവുകൾ വിപുലപ്പെടുത്തുകയാണ് നവസാമ്രാജ്യത്വം ചെയ്യുന്നത്. അതെ സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങളെ മുൻനിർത്തിയുള്ള ഭരണനടപടികളാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ചങ്ങാത്ത മുതലാളിത്ത സർക്കാരുകൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ നിലനില്ക്കുന്നില്ല, നിലയ്ക്കാത്ത സമരങ്ങളായി തുടരുക തന്നെചെയ്യും. മലബാർ കാലാപത്തിന്റെ ഓർമ്മക്കുതിപ്പുകൾ ഈ പോരാട്ടങ്ങൾക്ക് പ്രചോദനം തന്നെയാണ്.

eng­lish summary;

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.