
ആരോഗ്യ മേഖലയിലുണ്ടായത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള വലിയ മാറ്റങ്ങളാണെന്നും 10,000 കോടിയിലധികം രൂപയുടെ വികസനമാണ് നടന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ ശേഷിയാണ് അത് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബഹുജനങ്ങളുടെ ആരോഗ്യവും ജീവിതവും മെച്ചപ്പെടുത്താനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണിത്. അഞ്ച് വര്‍ഷം കൊണ്ട് 62,000 കോടി രൂപയുടെ വികസനം നടപ്പാക്കാനായി. ഇപ്പോള്‍ അത് 90,000 കോടി രൂപയായി ഉയര്‍ത്താനായി. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ മേഖലയും വലിയ പങ്കുവഹിക്കുന്നു. പുതിയ പ്രവണത കടന്നു വരുന്നത് ഗൗരവമായി കാണണം. അടുത്തകാലത്തുണ്ടായ പ്രധാന പ്രവണത സ്വകാര്യ ആശുപത്രികളില്‍ പേരില്‍ മാറ്റം വരുത്താതെ, തലപ്പത്ത് മാറ്റം വരുത്താതെ വന്‍ കമ്പനികള്‍ വലിയ നിക്ഷേപം നടത്തുന്നു. ഇത് സദുദ്ദേശത്തോടെയല്ല. ഇതിലൂടെ ചികിത്സാ ചെലവ് വലിയ തോതില്‍ മാറിയിരിക്കുന്നു. ഇത് കേരളത്തിന്റെ ആരോഗ്യ രംഗത്തെ പുതിയ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1600 കോടിയാണ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്. വ്യത്യസ്തമായ വികസന പദ്ധതികളാണ് നടത്തിവരുന്നത്. ദേശീയ തലത്തില്‍ തന്നെ വലിയ അംഗീകാരങ്ങളാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് രോഗശയ്യയിലാണെന്ന് ചിത്രീകരിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പകരം മറ്റ് ചിലരെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നത് നിര്‍ഭാഗ്യകരമായ കാര്യമെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ നിലനില്‍ക്കേണ്ടത് സാധാരണക്കാരുടെ ആവശ്യമാണ്. അത് ഇല്ലാതാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. പക്ഷേ എത്രയൊക്കെ ശ്രമിച്ചാലും കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിച്ച് സാധാരണക്കാരനെ ചേര്‍ത്ത് പിടിച്ചുതന്നെ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവൻകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.