11 December 2025, Thursday

പത്താം ക്ലാസിൽ റോബോട്ടിക്സ് സാങ്കേതിക വിദ്യ പഠനവിഷയം

Janayugom Webdesk
തിരുവനന്തപുരം
May 18, 2025 10:49 pm

സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.30 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം മുതൽ അവസരം. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാല്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം അധ്യായത്തിലാണ് സർക്യൂട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഇത് പാഠപുസ്തകത്തിന്റെ ഭാഗമാക്കുന്നത്. കഴിഞ്ഞ അക്കാദമിക വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസിൽ മുഴുവൻ കുട്ടികൾക്കും നിർമ്മിത ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8,9,10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു. 

സ്കൂളുകൾക്ക് നൽകിയ റോബോട്ടിക് കിറ്റിലെ ആർഡിനോ ബ്രഡ് ബോർഡ്, ഐ ആർ സെൻസർ, സെർവോ മോട്ടോർ, ജമ്പർ വെയറുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കൈയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന ഉപകരണം തയ്യാറാക്കലാണ് പാഠപുസ്തകത്തിലെ കുട്ടികൾക്കുള്ള ആദ്യ പ്രവർത്തനം. തുടർന്ന് എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടോമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞ് സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകളും കുട്ടികൾ തയ്യാറാക്കുന്നു. ഇതിനായി പിക്ടോ ബ്ലോക്സ് സോഫ്റ്റ്‌വേറിലെ പ്രോഗ്രാമിങ് ഐഡിഇയുടെ സഹായത്തോടെ ‘ഫേസ് ഡിറ്റക്ഷൻ ബിൽട്ട് ഇൻമോഡൽ’ ഉപയോഗിച്ച് മുഖം കണ്ടെത്താനും സ്കൂളുകൾക്ക് കൈറ്റ് നൽകിയ ലാപ‌്ടോപ്പിലെ വെബ്ക്യാം, ആർഡിനോകിറ്റ് തുടങ്ങിയവയുടെ സഹായത്തോടെ വാതിൽ തുറക്കാനും കുട്ടികൾ പരിശീലിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.