19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 15, 2024
February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023

ഇമ്രാനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിടിഐ

രാജ്യവ്യാപക പ്രതിഷേധത്തിന് പാര്‍ട്ടിയുടെ ആഹ്വാനം 
Janayugom Webdesk
May 9, 2023 11:11 pm

അല്‍ ഖാദിര്‍ ട്രസ്റ്റിന് ഭൂമി അനുവദിച്ച കേസില്‍ അറസ്റ്റിലായ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് തെഹ്‌രിക് ഇ ഇൻസാഫ് പാര്‍ട്ടി (പിടിഐ). ഇമ്രാൻ ഖാനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായും പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി ആരോപിച്ചു. ലാഹോറിൽ സെനറ്റർ ഇജാസ് ചൗധരിയുടെ നേതൃത്വത്തിൽ പിടിഐ അനുഭാവികൾ ലിബർട്ടി ചൗക്കിൽ ഒത്തുകൂടി. പ്രതിഷേധക്കാർ വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇമ്രാന്‍ഖാന്റെ വസതിക്ക് പുറത്ത്, പിടിഐ അനുകൂലികൾ സർക്കാർ ബാനറുകള്‍ വലിച്ചുകീറി. കറാച്ചിയിൽ റോഡുകൾ തടഞ്ഞു. പെഷവാറിലെ ഹഷ്‌ട്‌നാഗ്രിയിലും പ്രകടനങ്ങൾ നടത്തി.

ഇന്നലെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങള്‍ക്കൊടുവിലായിരുന്നു ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്. പിന്നാലെ പാകിസ്ഥാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധക്കാര്‍ സൈനിക ആസ്ഥാനത്തേക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഇരച്ചുകയറി. പലയിടങ്ങളിലും സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്‍പ്പെടെ തീയിട്ടു.

പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയതിന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ലാ പറഞ്ഞു. കേസിന്റെ വിചാരണയ്ക്കായി കോടതി മുൻപാകെ ഹാജരാകാൻ നോട്ടീസ് അയച്ചെങ്കിലും ഇമ്രാൻ ഖാൻ ഹാജരായില്ലെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ഇമ്രാൻ ഖാൻ പങ്കുവച്ച വീഡിയോയില്‍ മുതിർന്ന സൈനിക ഉദ്യോഗസ്ഥന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. ഐഎസ്ഐയിലെ ഉന്നത ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ഫൈസല്‍ നസീറിനെതിരെയാണ് ആരോപണം. മറ്റ് രണ്ട് കേസുകളില്‍ വിചാരണയ്ക്കായാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയത്.

ഇമ്രാൻ ഖാന്‍ കോടതിവളപ്പിൽ പ്രവേശിച്ചതിന് പിന്നാലെ അർധസൈനിക വിഭാഗമായ പാക് റേഞ്ചേഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും മര്‍ദിച്ച് അവശരാക്കിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 2019ല്‍ പഞ്ചാബിലെ‌ ഝലം ജില്ലയിലെ സൊഹവ മേഖലയില്‍ സൂഫിസത്തില്‍ മികച്ച വിദ്യാഭ്യാസത്തിനായാണ് അല്‍ ഖാദിര്‍ സര്‍വകലാശാല സ്ഥാപിച്ചത്. സര്‍വകലാശാല ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. ഇമ്രാന്‍ ഖാനെ കൂടാതെ ഭാര്യ ബുഷ്‌റ ബീബിയും ചില പിടിഐ നേതാക്കളും കേസില്‍ പ്രതികളാണ്. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ 5000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഭാര്യയും ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ പ്രതിഷേധം വ്യാപിച്ചതോടെ തലസ്ഥാനത്ത് ഉള്‍പ്പെടെ 144 പ്രഖ്യാപിച്ചു.

കലാപസ്ഥാനായി പാകിസ്ഥാൻ

ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ കലാപഭൂമിയായി പാകിസ്ഥാൻ. ഇസ്ലാമാബാദ്, പെഷവാർ, ലാഹോർ, കറാച്ചി, ഫൈസലാബാദ്, മുൾട്ടാൻ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഇമ്രാന്‍ അനുകൂലികള്‍ തെരുവിലിറങ്ങി. വിഹാരി, ഗിൽജിത്, ഖനേവൽ, ഗുജ്രൻവാല, ബഹവൽപൂർ, ചർസദ്ദ, സർഗോധ നഗരങ്ങളിലും വന്‍ പ്രതിഷേധങ്ങളുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇമ്രാൻ അനുയായികൾ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തും ലാഹോർ കോര്‍ കമാൻഡറുടെ വീട്ടിലും അതിക്രമിച്ചു കയറി. ഇ­സ്ലാമാബാദിൽ പലയിടങ്ങളിലും പ്രതിഷേധക്കാർ തീയിടുകയും കല്ലെറിയുകയും ചെയ്തു. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കലാപക്കേസിലും കൊലപാതകശ്രമം സംബന്ധിച്ച മറ്റൊരു കേസിലും ഹാജരാകുന്ന­ തിനായാണ് ഇസ്ലാമാബാദ് ഹൈക്കോടതിയിലേക്ക് എത്തിയത്. ഇസ്ലാമാബാദ് ഹൈക്കോടതിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, പാകിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റും പിഡിഎമ്മും തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

ഇമ്രാന്‍ ഖാനെതിരെ 121 കേസുകള്‍

ഇമ്രാന്‍ ഖാനെതിരെ വിവിധ കോടതികളിലായി രാജ്യത്ത് 121 കേസുകള്‍. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ഇമ്രാൻ ഖാനെതിരെ കേസുകളുടെ പരമ്പരയുണ്ടായത്. അഴിമതി, മതനിന്ദ, ഭീകരവാദം, രാജ്യത്തോടുള്ള യുദ്ധം, കലാപം തുടങ്ങിയ കേസുകളെല്ലാം ഇമ്രാന്‍ ഖാന്റെ പേരിലുണ്ട്. ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇന്നലെ ഇമ്രാന്റെ അഭിഭാഷകര്‍ സമര്‍പ്പിച്ച കണക്ക് പ്രകാരം ഇസ്ലാമാബാദില്‍ 31 കേസുകളും ലാഹോറില്‍ 30 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇമ്രാനെതിരെ ലാഹോറിൽ 12 തീവ്രവാദ കേസുകളും ഫൈസലാബാദിൽ 14 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളം 22 ഓളം തീവ്രവാദ കേസുകളാണ് ഇമ്രാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിലേറ്റവും വാര്‍ത്താപ്രാധാന്യം നേടിയത് തോഷഖാന അഴിമതി കേസായിരുന്നു. ഈ കേസില്‍ നിരവധി തവണ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടർന്ന് സാധിച്ചിരുന്നില്ല. വിദേശത്തു നിന്നും പ്രധാനമന്ത്രിക്കു ലഭിക്കുന്ന സമ്മാനങ്ങളിൽ നിശ്ചിത തുകയ്ക്ക് താഴെയുള്ള സമ്മാനങ്ങൾ അവർക്ക് കൈപ്പറ്റാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോവും. ആവശ്യമെങ്കിൽ വസ്തുവിന്റെ പകുതി തുക നൽകി പ്രധാനമന്ത്രിമാർക്ക് അത് കൈപ്പറ്റാനുള്ള അധികാരമുണ്ട്. എന്നാൽ പ്രധാനമന്ത്രിയായിരിക്കെ ഇ­മ്രാൻ ഖാൻ വസ്തുക്കളുടെ 20 ശതമാനം മാത്രം നൽകി നിരവധി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുകയും മറിച്ചു വിൽക്കുകയും ചെയ്തു.

പ്രധാനമന്ത്രിമാരുടെ അറസ്റ്റ് ആദ്യമല്ല ; സുഹ്‌റവർദി മുതല്‍ ഇമ്രാന്‍ വരെ

അധികാരം നഷ്ടമാകുന്ന പ്രധാനമന്ത്രിമാര്‍ വിവിധ കേസുകളില്‍ അറസ്റ്റിലാകുന്നത് പാകിസ്ഥാനില്‍ ആദ്യമായിട്ടല്ല. ഇമ്രാന്‍ ഖാന്‍ ഇവരില്‍ ഏറ്റവും ഒടുവിലത്തെയാളാണ്. 1962 ജനുവരിയില്‍ അഞ്ചാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ഹുസൈൻ ഷഹീദ് സുഹ്‌റവർദി അറസ്റ്റിലായതാണ് ഇവയില്‍ ആദ്യത്തേത്. ജനറൽ അയൂബ് ഖാന്റെ സൈനിക അട്ടിമറിയെ പിന്തുണയ്ക്കാൻ വിസമ്മതിച്ച ഇദ്ദേഹത്തെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒമ്പതാമത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച സുൾഫിക്കർ അലി ഭൂട്ടോ 1977 സെപ്റ്റംബറില്‍ അറസ്റ്റിലായി. 1974ൽ രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് പിടികൂടിയത്. 1979 ഏപ്രിൽ നാലിന് ഇദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കി. ബേനസീർ ഭൂട്ടോ 1985ൽ അറസ്റ്റിലായി. അവരെ ആദ്യം തടങ്കലിൽ വയ്ക്കുകയും 90 ദിവസം വീട്ടുതടങ്കലിലാക്കുകയും ചെയ്തു. പിന്നീട് 1986ൽ കറാച്ചിയിൽ നടന്ന സ്വാതന്ത്ര്യദിന റാലിയിൽ സർക്കാരിനെ അപലപിച്ചതിന് അവർ അറസ്റ്റിലായി. 1999 ഏപ്രിലില്‍ അഴിമതിയുടെ പേരിൽ ബേനസീറിനെ അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും പൊതു പദവി വഹിക്കുന്നതിൽ നിന്ന് അയോഗ്യയാക്കുകയും ചെയ്തു.

ജനറൽ പർവേസ് മുഷറഫ് സർക്കാരിന്റെ കാലത്ത് 10 വർഷത്തോളം നവാസ് ഷെരീഫ് നാടുകടത്തപ്പെട്ടു. പാകിസ്ഥാനിലേക്ക് മടങ്ങിയെത്താന്‍ ശ്രമിച്ച ഷെരീഫ് 2007ല്‍ അറസ്റ്റിലായി. വീണ്ടും സൗദിയിലേക്ക് നാടുകടത്തുകയും ചെയ്തു. മുഷറഫ് സർക്കാരിനെതിരെ ലോംഗ് മാർച്ച് പ്രഖ്യാപിച്ച ബേനസീര്‍ ഭൂട്ടോ നവംബർ 2007 ല്‍ ഒരാഴ്ചത്തേക്ക് വീണ്ടും അറസ്റ്റിലായി. 2018 ജൂലൈയില്‍ അഴിമതിക്കേസിൽ നവാസും മകൾ മറിയം നവാസും 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2018 ഡിസംബറില്‍ ഷെരീഫിനെ ഏഴ് വർഷം തടവിന് ശിക്ഷിച്ചു. 2019 ജൂലൈയില്‍ അഴിമതി ആരോപിച്ച് ഷാഹിദ് ഖഖാൻ അബ്ബാസിയും അറസ്റ്റിലായിരുന്നു.

Eng­lish Sam­mury: 121 cas­es against Imran Khan, Arrest of Prime Min­is­ters is not the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.