2 May 2024, Thursday

Related news

February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023
July 22, 2023

തോഷഖാന കേസ്; ഇമ്രാന്‍ ഖാന് 14വര്‍ഷം കഠിന തടവ്

Janayugom Webdesk
ഇസ്ലാമാബാദ്
January 31, 2024 12:20 pm

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെയും ഭാര്യയെയും 14 വര്‍ഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതിയുടേതാണ് വിധി. ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിധി വന്നത്.
പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നതാണ് ഇമ്രാന്‍ ഖാനെതിരെയുള്ള കേസ്. ഇത്തരത്തില്‍ സമ്മാനങ്ങള്‍ വാങ്ങുമ്പോള്‍ വെളിപ്പെടുത്തണമെന്നാണ് നിയമം. നിശ്ചിത തുകയില്‍ കുറവാണ് മൂല്യമെങ്കില്‍ അവ കൈവശം വെക്കാം. അല്ലാത്തവ തോഷഖാന എന്ന സംവിധാനത്തിലേക്ക് പോകുന്നതാണ്. അതേസമയം ഈ സമ്മാനങ്ങളുടെ വില 50 ശതമാനം വരെ കുറച്ച് സ്വന്തമാക്കാനാകും. എന്നാല്‍ ഇമ്രാന്‍ 20 ശതമാനം വരെ കുറച്ച് വാങ്ങുകയും അവ പിന്നീട് മറിച്ചുവില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രധാനമന്ത്രിയായിരിക്കേ, ഇമ്രാന്‍ഖാനും ഭാര്യയും ചേര്‍ന്ന് 108 സമ്മാനങ്ങള്‍ സ്വീകരിച്ചതായി കണ്ടെത്തി.

കഴിഞ്ഞ ദിവസം ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസിലും ഇമ്രാന്‍ ഖാനെ കോടതി ശിക്ഷിച്ചിരുന്നു. പത്തുവര്‍ഷം തടവുശിക്ഷയാണ് കേസില്‍ കോടതി വിധിച്ചത്. മുന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും സമാനമായ ശിക്ഷയാണ് വിധിച്ചത്.

വാഷിങ്ടണിലെ പാക് എംബസിക്ക് അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങള്‍ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ വെളിപ്പെടുത്തിയെന്നതാണ് കേസ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂര്‍ണവിവരമുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ കേസില്‍ ഇമ്രാന്‍ (71) ഖുറേഷി (67) എന്നിവര്‍ അറസ്റ്റിലായത്. വിചാരണ ജയിലില്‍ കഴിയുന്ന സമയത്താണ് പൂര്‍ത്തിയായത്.

Eng­lish Summary:Toshakhana Case; 14 years rig­or­ous impris­on­ment for Imran Khan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.