
മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന 13 വയസ്സുകാരനെ നോർത്ത് കരോലിനയിലെ ഡെപ്യൂട്ടി വെടിവെച്ചു കൊലപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പിന്തുടരുന്നതിനിടെ കുട്ടി വഴിയിൽ നിന്ന് ഒരു തടിക്കഷ്ണം എടുത്ത് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുത്തപ്പോഴാണ് ഡെപ്യൂട്ടി വെടിവെച്ചതെന്ന് അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ലീ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി ഉൾപ്പെട്ട ഈ വെടിവെപ്പ് കേസ് സംബന്ധിച്ച് സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്തും.
റാലെയ്ക്ക് 90 മൈൽ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന റെയ്ഫോർഡിലാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ 68 വയസ്സുള്ള കോണി ലിനൻ എന്ന സ്ത്രീയെ അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരോഗ്യ പരിശോധനയ്ക്കായി ഡെപ്യൂട്ടിമാർ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതൊരു കൊലപാതകമാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ച കോണി ലിനൻ്റെ പേരക്കുട്ടിയാണ് കേസിലെ പ്രതിയെന്ന് ഡിറ്റക്ടീവുകൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കേസെടുത്ത് അറസ്റ്റ് വാറൻ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
ഹോക്ക് കൗണ്ടി ഷെരീഫ് ഓഫീസിൽ നിന്നുള്ള വിവരമനുസരിച്ച്, ലീ കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ കാമറൂൺ ഏരിയയിലെ ഒരൊഴിഞ്ഞ മൊബൈൽ ഹോമിന് പിന്നിൽ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഡെപ്യൂട്ടിമാർ അടുത്തേക്ക് ചെന്നപ്പോൾ 5 അടി 11 ഇഞ്ച് ഉയരവും 150 പൗണ്ട് ഭാരവുമുള്ള കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ പിന്തുടരുന്നതിനിടെ, കുട്ടി ഒരു മുറ്റത്ത് കിടന്ന തടിക്കഷ്ണം എടുത്ത് ഉദ്യോഗസ്ഥന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥൻ കുട്ടിയെ വെടിവെച്ചു.
“ഇത് ഉൾപ്പെട്ട എല്ലാവർക്കും വളരെ ദുഃഖകരവും വൈകാരികവുമായ സാഹചര്യമാണ്,” ഹോക്ക് കൗണ്ടി ഷെരീഫ് റോഡറിക് വിർജിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.