3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 21, 2025
March 16, 2025
February 22, 2025
February 8, 2025
February 6, 2025
February 4, 2025
January 1, 2025
December 22, 2024
November 27, 2024

എട്ടുവര്‍ഷം കൊണ്ട് ബാങ്കുകള്‍ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി ; 7.40 ലക്ഷം കോടി കോര്‍പറേറ്റുകളുടേത്

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2023 11:39 pm

രാജ്യത്തെ ഷെഡ്യൂള്‍ഡ്-വാണിജ്യ ബാങ്കുകള്‍ 2014–15 മുതല്‍ 2022–23 വരെ 14.56 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയതായി ധനമന്ത്രാലയം. ഇതില്‍ 7.40 ലക്ഷം കോടിയും വന്‍കിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. എഴുതിത്തള്ളിയ വായ്പകളില്‍ മൊത്തം വീണ്ടെടുത്തത് രണ്ടുലക്ഷം കോടി മാത്രമാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കരാഡ് നല്‍കിയ മറുപടിയില്‍ പറയുന്നു. 

12 പൊതുമേഖലാ ബാങ്കുകള്‍, 22 സ്വകാര്യ ബാങ്കുകള്‍, 12 ചെറുകിട ധനകാര്യ ബാങ്കുകള്‍, നാല് പേയ്‌മെന്റ് ബാങ്കുകള്‍, 43 പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, 45 വിദേശ ബാങ്കുകള്‍ എന്നിവ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കിട്ടാക്കടങ്ങള്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് നീക്കം ചെയ്യുന്നുണ്ട്. നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനായാണ് ഈ നടപടി. ഈ എഴുതിത്തള്ളല്‍ അഥവാ ബാലന്‍സ്ഷീറ്റില്‍ നിന്നുള്ള ഒഴിവാക്കല്‍ കടം വാങ്ങുന്നയാളെ തിരിച്ചടവ് ബാധ്യതയില്‍ നിന്ന് ഒഴിവാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. 

അവര്‍ തിരിച്ചടവിന് ബാധ്യസ്ഥരായിരിക്കും. എന്നാല്‍ തിരിച്ചെടുക്കല്‍ നാമമാത്രമാണെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും റിസര്‍വ് ബാങ്കും ചേര്‍ന്ന് കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കുന്നതിനും കുറയ്ക്കുന്നതിനും സമഗ്രമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 2018 മാര്‍ച്ച് 31ലെ 8.96 ലക്ഷം രൂപയില്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

50 വന്‍കിടക്കാരുടെ കുടിശിക 87,295 കോടി 

ന്യൂഡൽഹി: ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾക്ക് 87,295 കോടി രൂപയുടെ കുടിശിക വരുത്തിയത് 50 മുൻനിരവായ്പക്കാർ. ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, എറ ഇൻഫ്രാ എന്‍ജിനീയറിങ് ലിമിറ്റഡ്, ആർഇഐ അഗ്രോ ലിമിറ്റഡ്, എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള 50 കമ്പനികള്‍ ധനമന്ത്രാലയം പുറത്തുവിട്ട കുടിശികക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ ആദ്യ പത്ത് കമ്പനികള്‍ മാത്രം 40,825 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ട്. 

Eng­lish Sum­ma­ry: 14.56 lakh crores were writ­ten off by banks in eight years

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.