കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തത്തിന് ഇന്ന് പതിനഞ്ച് വർഷം തികയുന്നു. 2007 ഫെബ്രുവരി 20 നാണ് അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിലെ 15 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരും ബോട്ട് മുങ്ങി മരിച്ചത്. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. ദുരന്തം നേരിട്ടറിഞ്ഞ കോതമംഗലത്തിനും ഇത് മറക്കാനാകാത്ത അനുഭവമാണ്.എളവൂർ യുപി സ്കൂളിലെ പതിനഞ്ചു വിദ്യാർത്ഥികളും മൂന്നു അധ്യാപകരും അന്ന് മുങ്ങി മരിച്ച സംഭവത്തിൽ ദുഃഖിക്കുന്നവരാണ് കോതമംഗലത്തുകാർ.
അങ്കമാലി എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് 53 വിദ്യാർത്ഥികളടക്കം 61 പേരായിരുന്നു വന്നത്. തട്ടേക്കാട് പക്ഷിസങ്കേതം സന്ദർശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികർ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് അപകടത്തിൽപെട്ടത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റർ അകലെ പെരിയാറിലെ ആറു മീറ്ററോളം ആഴമുള്ള ചെട്ടിപ്പള്ളി ഭാഗത്തായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഫൈബർ ബോട്ടിൽ 37 പേർ യാത്രചെയ്തിരുന്നു. പതിനഞ്ച് വിദ്യാർത്ഥികളുടെയും മൂന്ന് അധ്യപകരുടെയും ജീവൻ കവർന്ന തട്ടേക്കാട് ബോട്ടപകടത്തിൽ ബോട്ടിന്റെ ഉടമ പി എം രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊലപാതകമല്ലാത്ത നരഹത്യ, ഉദാസീനമായി ബോട്ട് ഓടിച്ച് അപകടം ക്ഷണിച്ചു വരുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ആറു പേരെ മാത്രം കയറ്റാൻ അനുവാദമുള്ള ബോട്ടിൽ മുപ്പതിലധികം പേരെ കയറ്റിയാൽ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ട് ചെയ്തതിനാൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ് കോടതി വിധിക്കുകയും പിന്നീട് മേൽകോടതി രണ്ടുവർഷം ആക്കി ശിക്ഷ ചുരുക്കുകയും ചെയ്തു.
തട്ടേക്കാട് ദുരന്തത്തിന്റെ കാരണം അനാസ്ഥയാണെന്ന് ജസ്റ്റിസ് പരീത് പിള്ള കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പെരിയാറിൽ ബോട്ട് സർവീസ് നടത്തുന്ന എല്ലാ ബോട്ടുകളിലും കൃത്യമായ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇപ്പോള്‍ ഉറപ്പു വരുത്തുന്നുണ്ട്.
English Summary: 15 years to the Thattekkad tragedy that brought tears to the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.