23 January 2026, Friday

15 വർഷം, പൂജ്യം കേസുകൾ; പോളിയോയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം

Janayugom Webdesk
ന്യൂഡൽഹി
January 13, 2026 6:07 pm

ആഗോള ആരോഗ്യ ഭൂപടത്തിൽ ഇന്ത്യ കുറിച്ച സമാനതകളില്ലാത്ത വിജയത്തിന് ഇന്ന് 15 വയസ്സ്. മാരകമായ പോളിയോ വൈറസിനെ രാജ്യത്തുനിന്ന് തുടച്ചുനീക്കിയതിന്റെ 15-ാം വാർഷികമാണ് ഇന്ന്. 2011 ജനുവരി 13ന് പശ്ചിമ ബംഗാളിലെ ഹൗറയിൽ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തതിനുശേഷം ഇന്ത്യയിൽ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ലോകത്തിന് അസാധ്യമെന്ന് തോന്നിയ ഒരു ലക്ഷ്യം കഠിനാധ്വാനത്തിലൂടെയും കൃത്യമായ ആസൂത്രണത്തിലൂടെയും ഇന്ത്യ നേടിയെടുത്തതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ നാഴികക്കല്ല്.

2009ൽ ലോകത്തെ ആകെ പോളിയോ കേസുകളുടെ 60 ശതമാനവും (741 കേസുകൾ) ഇന്ത്യയിലായിരുന്നു. എന്നാൽ വെറും രണ്ട് വർഷത്തിനുള്ളിൽ, അതായത് 2011 ആയപ്പോഴേക്കും പുതിയ കേസുകൾ ഒന്നുമില്ലാത്ത നിലയിലേക്ക് ഇന്ത്യയെ എത്തിക്കാൻ സാധിച്ചു. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഇന്റർനാഷണൽ പീഡിയാട്രിക് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നവീൻ താക്കർ പറഞ്ഞു. പോളിയോ നിർമ്മാർജ്ജനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത നിരീക്ഷണ സംവിധാനങ്ങളും വാക്സിനേഷൻ ശൃംഖലയുമാണ് പിന്നീട് കൊവിഡ് ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് കരുത്തായത്. നിലവിൽ രാജ്യത്തെ പ്രതിരോധ കുത്തിവെപ്പ് പരിധി 93 ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്.

എങ്കിലും ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അയൽരാജ്യങ്ങളിൽ പോളിയോ വൈറസ് ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ‘ബയോളജിക്കൽ ഇ’ എന്ന സ്ഥാപനം നിലവിൽ ലോകത്തിന് ആവശ്യമായ അത്യാധുനിക ഓറൽ പോളിയോ വാക്സിൻ നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.