22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 4, 2024
August 24, 2024
August 8, 2024
July 16, 2024
July 13, 2024
June 29, 2024
June 16, 2024
June 14, 2024
May 17, 2024
April 27, 2024

അസമില്‍ 1500 മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു; ഹിന്ദുക്കളെ മാറ്റിയില്ല

Janayugom Webdesk
ഗുവഹാത്തി
July 13, 2024 10:15 pm

വര്‍ഷങ്ങളായി റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന 1500 മുസ്ലിം കുടുംബങ്ങളെ ജില്ലാ ഭരണകൂടം ഒഴിപ്പിച്ചു. അതേസമയം ഇവര്‍ക്കൊപ്പം താമസിക്കുന്ന ഹിന്ദു കുടുംബങ്ങളെ ഒഴിപ്പിച്ചില്ല. 80 ഹിന്ദു കുടുംബങ്ങളാണ് ഇവിടെയുള്ളത്. അസമിലെ മൊരിഗോണ്‍ ജില്ലയിലെ സില്‍ഭംഗ ഗ്രാമത്തിലാണ് സംഭവം. നാല് പതിറ്റാണ്ടായി പ്ലാസ്റ്റിക് ഷീറ്റുകളും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച കുടിലുകളിലാണ് ഇവര്‍ താമസിച്ചിരുന്നത്. 8000 പേരെയാണ് കുടിയിറക്കിയത്. ബിജെപിയുടെ മതപീഢനമാണ് ഇവിടെയും ശക്തമാകുന്നതെന്ന് സ്ഥലം എംപി പ്രദ്യുത് ബോര്‍ദോലോയ് പറഞ്ഞു. മുസ്ലിം വിദ്വേഷത്തിന്റെ ഭാഗമായാണ് വീടുകള്‍ തകര്‍ത്തതെന്നും ആരോപിച്ചു. ബിജെപിക്ക് വോട്ട് ചെയ്യാത്തതിനാലാണ് തങ്ങളെ ഒഴിപ്പിച്ചതെന്ന് ചില നേതാക്കള്‍ പറഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. 

മൂന്ന് തലമുറയായി തന്റെ കുടുംബം ഇവിടെയാണ് ജീവിക്കുന്നതെന്ന് കുടിയിറക്കപ്പെട്ട മമോനി ബീഗം എന്ന വിദ്യാര്‍ത്ഥിനി പറയുന്നു. തങ്ങള്‍ക്ക് പോകാന്‍ മറ്റൊരിടമില്ലെന്നും മമോനി ചൂണ്ടിക്കാട്ടി. ഇവരുടെ വീടിന് നൂറ് മീറ്റര്‍ അകലെയായി നിരവധി വീടുകളും ഒരു സ്കൂളും ആശ്രമവും ക്ഷേത്രവുമുണ്ട്. അതൊന്നും അധികൃതര്‍ ഒഴിപ്പിച്ചില്ല. അവയും റെയില്‍വേ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പത്താം ക്ലാസുകാരിയായ മമോനി ചൂണ്ടിക്കാട്ടി. ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലിം കുടുംബങ്ങളെയാണ് കയ്യേറ്റത്തിന്റെ പേരില്‍ തെരുവിലിറക്കിയത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള മദ്രസയും മസ്ജിദ് മതിലും തകര്‍ത്തു. അതേസമയം കാളി ക്ഷേത്രവും ആശ്രമവും തൊട്ടില്ല- പ്രദേശവാസിയായ അബുല്‍ കാഷേം പറഞ്ഞു. സര്‍ക്കാരിന്റെ വിവേചനമാണെന്ന് ഭിന്നശേഷിക്കാരിയായ മൊനുവാര ബീഗം പറഞ്ഞു. ഞങ്ങള്‍ മുസ്ലിങ്ങളായത് കൊണ്ടാണോ സര്‍ക്കാര്‍ വിവേചനം കാണിച്ചതെന്ന് അവര്‍ ചോദിച്ചു. 

ഗുവഹാത്തി ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവുണ്ടായിരിക്കെയാണ് കുടിലുകള്‍ ഇടിച്ചുനിരത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം കോടതി ഉത്തരവ് കിട്ടിയശേഷം ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ദേവാശിഷ് ശര്‍മ്മ പറയുന്നു.
40 കൊല്ലം മുമ്പ് പ്രദേശത്ത് പാറമടയും ഹിന്ദുസ്ഥാന്‍ പേപ്പര്‍ മില്ലുമുണ്ടായിരുന്നു. ഇത് രണ്ടും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതിനടുത്താണ് ജനങ്ങള്‍ പതിറ്റാണ്ടുകളായി താമസിച്ചിരുന്നത്. ബ്രഹ്മപുത്ര നദിയിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും കാരണം വീട് നഷ്ടപ്പെട്ട, മോറിഗാവ്, നാഗോണ്‍ ജില്ലകളിലുള്ള നിരവധി കുടുംബങ്ങള്‍ സില്‍ഭംഗ കുന്നിന്‍ ചരിവുകളിലും താഴ് വരകളിലും താമസം തുടങ്ങുകയായിരുന്നു. മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ഇവരെ പുനരധിവസിപ്പിക്കുകയോ, മറ്റ് ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുകയോ ചെയ്തില്ല. റെയില്‍വേ ഭൂമിയില്‍ നിന്ന് ഒരാഴ്ചയ്ക്കകം മാറണമെന്നാവശ്യപ്പെട്ട് ജൂണ്‍ 12ന് റെയില്‍വേ അധികൃതര്‍ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വീടുകളിലും മറ്റും ഇത് പതിപ്പിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചില്ലെന്ന് ഹിന്ദുക്കള്‍ പറയുന്നു. പ്രദേശത്ത് റെയില്‍വേക്ക് 124 ഏക്കര്‍ ഭൂമിയാണുള്ളത്. 

Eng­lish Sum­ma­ry: 1500 Mus­lim fam­i­lies dis­placed in Assam; Hin­dus were not changed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.