20 September 2024, Friday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024
September 5, 2024
September 3, 2024
September 3, 2024
September 3, 2024
August 29, 2024

152 പേര്‍ കാണാമറയത്ത്; മരണം 401

ജോമോന്‍ ജോസഫ്
മേപ്പാടി
August 6, 2024 11:11 pm

ഉരുള്‍പൊട്ടലില്‍ ഒരു നാടാകെ ഒലിച്ചുപോയിട്ട് എട്ട് ദിവസം പിന്നിടുമ്പോള്‍ 152 പേര്‍ ഇനിയും കാണാമറയത്താണ്. മനുഷ്യര്‍ എത്തിപ്പെടാത്ത അതിദുര്‍ഘടമായ പ്രദേശങ്ങളില്‍ ഇന്നലെ നടന്ന തിരച്ചിലില്‍ ഏഴ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 401 ആയി ഉയര്‍ന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 224 ആണ്. ശരീരഭാഗങ്ങള്‍ 189. വയനാട്ടില്‍ നിന്നും 148 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്നും 76 മൃതദേഹങ്ങളുമാണ് ഇതുവരെ ലഭിച്ചത്. 

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ താഴേക്ക് മുണ്ടക്കൈയും ചൂരല്‍മലയും അടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഭാഗങ്ങളിലും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാറിലും ഇന്നലെ സൂക്ഷ്മ പരിശോധന നടത്തി. മേപ്പാടി മേഖലയില്‍ ഉരുള്‍ പ്രവാഹത്തിന്റെ വഴികളിലൂടെയായിരുന്നു പരിശോധന. സൂചിപ്പാറ ഭാഗത്തിനുതാഴെ ദുര്‍ഘടമായ സണ്‍റൈസ് വാലിയില്‍ ഹെലികോപ്റ്ററില്‍ ദൗത്യസംഘത്തെ ഇറക്കിയും പരിശോധന നടത്തി. പരിശോധനകള്‍ ഇന്നും തുടരും. 

മേപ്പാടി ഭാഗത്ത് മൂന്നും നിലമ്പൂരില്‍ നാല് ശരീരഭാഗങ്ങളുമാണ് കിട്ടിയത്. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തിരച്ചിലാണ് സൈന്യം, വനംവകുപ്പ്, ഫയര്‍ ഫോഴ്‌സ് എന്നിവരടങ്ങിയ രക്ഷാസേന നടത്തിയത്. ഒരു പ്രദേശത്ത് തെരച്ചില്‍ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിക്കുന്നതായിരുന്നു രീതി. 

കല്പറ്റ എസ്ജെകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ദൗത്യസംഘവുമായി ഹെലികോപ്റ്റര്‍ പറന്നത്. ലാന്‍ഡിങ് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ആളുകളെ ഇറക്കുന്നതിനും എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനും ശേഷിയുള്ള അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. ചൂരല്‍മലയില്‍ ജിയോടാഗ് ഉള്‍പ്പെടെ സ്ഥാപിച്ച സ്ഥലത്ത് കരസേനയുടെ കെഡാവര്‍ നായകളും പരിശോധിച്ചു. ഇതില്‍ സൂചനകള്‍ ലഭിച്ച സ്ഥലം ചെളിനിറഞ്ഞ പ്രദേശമായതിനാല്‍ ഇന്ന് കുഴിയെടുത്ത് പരിശോധിക്കുമെന്നാണ് വിവരം.
ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 16 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 648 കുടുംബങ്ങളിലെ 2225 ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നത്. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി വയനാട്ടിൽ ക്യാമ്പുചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്.

Eng­lish Sum­ma­ry: 152 peo­ple in sight; Death 401

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.