19 January 2026, Monday

കശുവണ്ടി തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസ്

Janayugom Webdesk
തിരുവനന്തപുരം
August 29, 2025 9:56 pm

കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്ക് വേണ്ടിയുള്ള 2025 വർഷത്തെ ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ബോണസ് അഡ്വാൻസായി 11,000 രൂപയും നിശ്ചയിച്ചു. കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതി യോഗത്തിലാണ് തീരുമാനം. ബോണസും ബോണസ് അഡ്വാൻസും സെപ്റ്റംബർ രണ്ടിന് മുമ്പ് വിതരണം ചെയ്യും. ജൂലൈ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറി ജോലിക്കാരുടെ ബോണസ് നിശ്ചയിക്കുന്നത്. 

പൊതുമേഖലാ ടെക്സ്റ്റൈയിൽസ് സ്പിന്നിങ് മിൽ തൊഴിലാളികളുടെ ഓണം ബോണസിന് പുറമെ കഴിഞ്ഞ വർഷം നൽകിയ തുകയിൽ ഹാജർ ഒന്നിന് ഒരു രൂപ വർധിപ്പിച്ച് 13 രൂപ അറ്റൻഡൻസ് ഇൻസെന്റീവായി നൽകാനും തീരുമാനിച്ചു. ബോണസിനും ഫെസ്റ്റിവൽ അലവൻസിനും അർഹതയുള്ള എല്ലാ തൊഴിലാളികൾക്കും അറ്റൻഡൻസ് ഇൻസെന്റീവിന് അർഹതയുണ്ടായിരിക്കും. ഈ തുക സെപ്റ്റംബർ രണ്ടിന് മുമ്പ് വിതരണം ചെയ്യാനും തീരുമാനിച്ചു. പേയ്മെന്റ് ഓഫ് ബോണസ് ആക്ട് അനുസരിച്ച് സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ അർഹതപ്പെട്ട എല്ലാ തൊഴിലാളികൾക്കും ബോണസ് ലഭിക്കും. യോഗങ്ങളിൽ ലേബർ കമ്മിഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മിഷണർ കെ എം സുനിൽ, വ്യവസായ ബന്ധ സമിതിയിലെ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.