
ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും കലാരംഗത്തു് താല്പര്യം കാണിക്കുകയും ചെയ്തിരുന്ന എസ് എൽ പുരം സദാനന്ദൻ 13-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി വിപ്ലവഗാനങ്ങൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. കുട്ടിക്കാലം മുതലേ പുസ്തക വായനയിൽ അമിത താല്പര്യം ഉണ്ടായിരുന്ന സദാനന്ദൻ കിലോമീറ്ററുകളോളം നടന്നു പോയി ലൈബ്രറിയിൽ നിന്ന് കുറെ ദിവസത്തേക്കുള്ള പുസ്തകങ്ങൾ തലച്ചുമടായി എടുത്തു കൊണ്ടു വന്ന് വായിച്ചിരുന്നു. ഈ വായന അദ്ദേഹത്തിനെ നാട്ടിലെ സാമൂഹിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധ പതിക്കുവാൻ കാരണമായി. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ഗ്രാമത്തിൽ കലവൂരിനടുത്തു് എസ് എൽ പുരത്തു് ‘കാക്കരവീട്’ എന്ന ഇടത്തരം കർഷക കുടുംബത്തിലാണു് 1928 ഏപ്രിൽ 15നു് എസ് എൽ പുരം സദാനന്ദൻ ജനിച്ചതു്. പിതാവ് പി നാരായണൻ. മാതാവു് കാർത്ത്യായനി. അന്ന് നാട്ടിലെ തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി രാവും പകലും പ്രവർത്തിച്ചിരുന്ന സാധാരണക്കാരന്റെ ഹൃദയമിടിപ്പായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സദാനന്ദനെ അടുപ്പിച്ചു. സ്കൂൾ പഠനത്തിനൊപ്പം ജനസേവനവും സദാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ലാസുകളിൽ നിന്നു പഠിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കേരളത്തിലെ കൂട്ടികൊടുപ്പുകാരൻ ആയ ദിവാന്‍ ഭരണത്തിനെതിരെ സമരം ചെയ്തിരുന്ന കമ്മ്യൂണിസ്റ്റ് സമര ക്യാമ്പിൽ സദാനന്ദൻ സ്ഥിരം സാന്നിധ്യമായി. പിന്നെ പിന്നെ സദാനന്ദൻ ക്യാമ്പിൽ ചെറിയ നാടകങ്ങൾ എഴുതി അവതരിപ്പിക്കാൻ തുടങ്ങി. ഇതെല്ലാം സമൂഹത്തിൽ നടക്കുന്ന അനീതികളെ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിലാണ് സദാനന്ദൻ അവതരിപ്പിച്ചത്.
സദാനന്ദനിലെ കലാകാരന്റെ വളർച്ച തുടങ്ങിയത് കമ്മ്യൂണിസ്റ്റ് സമര ക്യാമ്പിൽ നിന്നായിരുന്നു. പല നേതാക്കളും അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങി. അതിൽ പ്രമുഖൻ ആർ സുഗതൻ സാറായിരുന്നു. അദ്ദേഹമാണ് സദാനന്ദനോട് നാടക രചനയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞത്. കൂട്ടത്തിൽ ഒന്ന് കൂടി പറഞ്ഞു, ഇപ്പോൾ രാഷ്ട്രീയം വേണ്ട. വിദ്യാഭ്യാസം ആണ് വേണ്ടതെന്ന്. അതിൽ ആദ്യ ഉപദേശം സദാനന്ദൻ നെഞ്ചിലേറ്റി. എങ്കിലും രാഷ്ട്രീയം പൂർണമായും ഒഴിവാക്കാൻ സദാനന്ദന് സാധിച്ചില്ല. നാട്ടിലെ പ്രമാണിമാരായ കുണ്ടേലാറ്റ് കുടുംബത്തിന്റെ നെൽക്കളത്തിൽ കയറി കർഷകർക്ക് അർഹമായ കറ്റ ബലമായി പിടിച്ചുവാങ്ങി പാവം കർഷകർക്ക് നൽകിയത് സദാനന്ദന്റെ നേതൃത്വത്തിലുഉള്ള സഖാക്കൾ ആയിരുന്നു. തുടർന്ന് ചേർത്തല ബോയ്സ് സ്കൂളിൽ ഫോർത്ത് ഫോറത്തിൽ പഠിച്ചിരുന്ന സദാനന്ദനെ തേടി പോലീസ് എത്തി. സ്കൂളിന്റെ ജനൽ വഴി സദാനന്ദൻ ഓടി. അന്ന് സദാനന്ദന്റെ വിദ്യാഭ്യാസത്തിന് തിരശീല വീണു. സദാനന്ദൻ അവിടെ നിന്ന് ഓടി എത്തിയത് പുന്നപ്ര വയലാർ സമര ക്യാമ്പിലേക്ക് ആയിരുന്നു.
സദാനന്ദൻ അറസ്റ്റിലായി. മാപ്പ് എഴുതികൊടുത്താൽ ജയിൽ മോചിതനാക്കാം എന്ന് പറഞ്ഞു. അന്ന് മറ്റൊരു കേസിൽ പ്രതിയായി ജയിലിൽ ഉണ്ടായിരുന്ന ഗൗരിയമ്മ സദാനന്ദനോട് മാപ്പ് എഴുതികൊടുത്ത് വെളിയിൽ പോയി വിദ്യാഭ്യാസം തുടരാൻ പറഞ്ഞു. സമൂഹത്തോടും താൻ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തോടും കൂറുള്ള ഒരു കമ്മ്യൂണിസ്റ്റ്കാരനും ചെയ്യാത്ത കാര്യം സദാനന്ദനും ചെയ്തു. മാപ്പ് എഴുതിക്കൊടുത്തില്ല. ജയിൽ ശിക്ഷ അനുഭവിച്ചു. പിന്നീട് പുന്നപ്ര വയലാർ സമരസമയത്ത് വലിയ പല നേതാക്കളെയും കാണാനും പരിചയപ്പെടാനും സഹകരിക്കാനും അവരുടെ പ്രസംഗങ്ങൾ കേൾക്കാനും സദാനന്ദന് കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും കലാപരവുമായ വളർച്ചയ്ക്ക് സഹായകമായി. പി കൃഷ്ണപിള്ളയ്ക്ക് പാമ്പ് കടിയേറ്റപ്പോൾ ദിവാന്റെ പോലീസിനെ കബളിപ്പിച്ചു വിഷകാരിയുടെ അടുത്ത് എത്തിച്ചത് സദാനന്ദനും സഖാക്കളും കൂടി ആണ്. “എന്റെ ചെറിയച്ഛനെ പാമ്പ് കടിച്ചു” എന്ന് പറഞ്ഞാണ് സദാനന്ദനും പ്രവർത്തകരും കൃഷ്ണപിള്ളയെ ചുമന്നു കൊണ്ടുപോയത്. അന്ന് പി കൃഷ്ണപിള്ള കണ്ണർകാട്ട് ഒളിവിൽ കഴിയുകയായിരുന്നു. അങ്ങനെ സമര ക്യാമ്പിൽ ചെറു നാടകങ്ങളും പാട്ടുകളും എഴുതി അവതരിപ്പിച്ചും പ്രസംഗിച്ചും സദാനന്ദൻ കലാപരമായി വളർന്നുതുടങ്ങിയിരുന്നു. പുന്നപ്ര വയലാർ സമരം നടക്കുമ്പോൾ ദിവാന്റെ പട്ടാളം വയലാറിലേക്ക് മാരാരിക്കുളം വഴി കടന്നു പോകാതിരിക്കാൻ മാരാരിക്കുളം പാലം പൊളിച്ചു തോട്ടിൽ തള്ളിയതിൽ സദാനന്ദനും പങ്കാളിയാണ്. കൂടെ നടന്ന സഖാക്കൾ വെടികൊണ്ട് വീണു പിടഞ്ഞു മരിക്കുന്നത് സദാനന്ദന് കണ്ടു നിൽക്കേണ്ടി വന്നു. തുടർന്നുള്ള രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് സദാനന്ദൻ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ആദ്യ പ്രസിഡന്റായി.
നാടകം ആയിരുന്നു സദാനന്ദന്റെ തട്ടകം. ‘കുടിയിറക്ക്’ ആയിരുന്നു സദാനന്ദന്റെ ആദ്യ പ്രൊഫഷണൽ നാടകം. കല്പന തീയേറ്റഴ്സ് ആണ് ഈ നാടകം അവതരിപ്പിച്ചത്. പിന്നീട് ആറ്റിങ്ങൽ ദേശാഭിമാനി തീയേറ്റഴ്സിന് വേണ്ടി ‘അഗ്നിപുത്രി’ എന്ന നാടകം എഴുതി. കെപിഎ സിക്ക് വേണ്ടി ‘സിംഹം ഉറങ്ങുന്ന കാട്’ എന്ന നാടകം എഴുതി. സ്വന്തം നാടകങ്ങൾ അവതരിപ്പിക്കുന്നതിനായി 1973 — ൽ മക്കളുടെ പേരായ ജയസൂര്യ, ജയസോമ ചേർത്ത് സൂര്യസോമ എന്ന നാടക സമതി രൂപീകരിച്ച സദാനന്ദൻ ‘കാലാവർഷം’ എന്ന ആദ്യ നാടകം മുതല്‍ സത്രം, നിധി, നിഷേധി, അഗ്നിപുത്രി, കാട്ടുകുതിര, ഒരു പെണ്ണിന്റെ കഥ, കല്ലുകൊണ്ടൊരു പെണ്ണ്, എന്നെ സ്നേഹിക്കു എന്നെ മാത്രം, ഉത്തിഷഠത ജാഗ്രത, പുന്നപ്ര വയലാർ തുടങ്ങിയ നാടകങ്ങളിലൂടെ മലയാള നാടക രംഗത്ത് ഒരു പടയോട്ടം നടത്തി, ഒരിക്കലും മായിച്ചു കളയാൻ പറ്റാത്ത വിധത്തിൽ സദാനന്ദന്റെ പേര് സ്വർണലിപികളിൽ ജനഹൃദയത്തിൽ എഴുതി ചേർത്തു. നാല്പത്തിയേഴോളം പ്രൊഫഷണൽ നാടകങ്ങൾ എഴുതി.
ഇതിനിടയിൽ സദാനന്ദൻ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു. ‘ശ്രീകോവിൽ’ ആണ് ആദ്യ സിനിമ. പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ‘ചെമ്മീൻ’ സിനിമയുടെ തിരക്കഥ, സംഭാഷണം സദാനന്നാണ് നിര്‍വഹിച്ചത്. അതേ വർഷം തന്നെ പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ‘കാവ്യമേള’യുടെയും തിരക്കഥ, സംഭാഷണം സദാനന്ദന്റേയിരുന്നു. 1967- ൽ മലയാള സിനിമയ്ക്ക് ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിക്കൊടുത്തത് സദാനന്ദൻ ആണ്. ദേശീയ അവാർഡ് ആദ്യമായി പ്രഖ്യാപിച്ച വർഷം തന്നെ ഇന്ത്യന്‍ പ്രസിഡന്റ് സക്കീർ ഹുസൈന്റെ കയ്യിൽ നിന്നു ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള അവാർഡ് സദാനന്ദൻ കരസ്ഥമാക്കി. സദാനന്ദന്റെ നാടകമായ ‘അഗ്നിപുത്രി’ എന്ന നാടകം സിനിമ ആക്കിയപ്പോഴാണ് ഈ മഹത്തായ നേട്ടം അദ്ദേഹത്തെ തേടിയെത്തിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയ ആൾ എന്ന ചരിത്രവും സദാനന്ദന് സ്വന്തം. 137 സിനിമകൾക്കാണ് സദാനന്ദൻ തിരക്കഥയും സംഭാഷണവും രചിച്ചത്. സിനിമാ ആരാധകർ സ്നേഹപൂർവം നൽകിയ പേരാണ് എസ് എൽ പുരം സദാനന്ദൻ. പിന്നീട് അത് ചുരുങ്ങി എസ് എൽ പുരം എന്നായി. ഒരു നല്ല ഗാന രചയിതാവ് കൂടിയായിരുന്നു സദാനന്ദൻ. അദ്ദേഹത്തിന്റെ നാടകത്തിലെ പാട്ടുകൾ കൂടുതലും അദ്ദേഹം തന്നെയാണ് എഴുതിയിരുന്നത്. സദാനന്ദൻ രണ്ടു കഥാ പ്രസംഗവും എഴുതിയിട്ടുണ്ട്. പ്രശസ്ത കാഥികരായ ഇടക്കൊച്ചി പ്രഭാകരനും ആലപ്പി ജിമ്മിയും ആ കഥകൾ അവതരിപ്പിച്ചു.
‘അഗ്നിശുദ്ധി’ എന്ന പേരിൽ ഒരു നോവലും ‘ആയിരം വർണങ്ങൾ’ എന്നപേരിൽ ഒരു ഓർമ്മകുറിപ്പും ‘കൽപ്പാടുകൾ’ എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരവും എസ് എൽ പുരം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങൾ എല്ലാം കൂടി ചേർത്ത് പുസ്തക രൂപത്തിൽ എൻബിഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാടകത്തിന് അഞ്ചു സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിന് സമസ്ത കേരള സാഹിത്യ പരീക്ഷിതിന്റെ അവാർഡ്, കാക്കാപ്പൊന്ന് എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, ഇത്തിരി മണ്ണും ഒത്തിരി മനുഷ്യരും എന്ന നാടകത്തിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ അവാർഡ്, കല്ലുകൊണ്ടൊരു പെണ്ണ് എന്ന നാടകത്തിന് അബുദാബി മലയാളി സമാജത്തിന്റെ അവാർഡും യുഎഇ ലെ അൽ ഐഎൻ അവാർഡ് എന്നിവ ലഭിച്ചു. പോയാദിനങ്ങളെ വന്നിട്ട് പോകുമോ? എന്ന നാടകത്തിനു ശക്തി അവാർഡ് ലഭിച്ചു. കൂടാതെ ഓണം ബംബർ എന്ന നാടകത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാർഡും ലഭിച്ചു.
കേരള സംഗീതനാടക അക്കാദമി അവാർഡും ഫെല്ലോഷിപ്പും എസ് എൽ പുരത്തിന് ലഭിച്ചിട്ടുണ്ട്. മലയാള നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ചു കേരള സർക്കാരിന്റെ പ്രത്യേക അവാർഡും എസ് എൽ പുരത്തെ തേടി വന്നു. കൂട്ടത്തിൽ കൊല്ലം ഫാസിന്റെ നാടക പ്രതിഭ അവാർഡും എസ് എൽ പുരം നേടി. കേരള സർക്കാർ സംഘടിപ്പിച്ച മനവീയം പരിപാടിയിൽ കലാ സാഹിത്യ രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ ലോക പ്രശസ്ത മലയാളികളെ ആദരിച്ച ചടങ്ങിൽ കീർത്തി പത്രം ലഭിക്കുകയുണ്ടായി. സിനിമയിൽ ഒരു ദേശീയ അവാർഡ്. (അഗ്നിപുത്രി ) രണ്ടു സ്റ്റേറ്റ് അവാർഡ് (ഒരു പെണ്ണിന്റെ കഥ, യവനിക) എന്നിവ നേടി. മലയാള നാടകചലച്ചിത്രവേദിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മഹാനായ ഈ എഴുത്തുകാരൻ 2005 സെപ്റ്റംബർ 16‑നാണ് അന്തരിച്ചത്. ഭാര്യ ഓമന സദാനന്ദൻ. അധ്യാപിക ആയിരുന്നു. കവിതയും നാടകവുമൊക്കെ രചിച്ചിട്ടുണ്ട്. രണ്ടു ആൺ മക്കൾ. വൈ എസ് ജയസൂര്യ(സിനിമ സംവിധായകൻ) വൈ എസ് ജയസോമ (നടൻ, തിരക്കഥാകൃത്ത് )രണ്ടുപേരും സിനിമയിൽ സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.