
രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ ഉഷ്ണതരംഗങ്ങള്‍ കാരണം ഏകദേശം 20,000 പേര്‍ മരിച്ചെന്ന് പഠനം. ഉഷ്ണതരംഗങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത് പുരുഷന്മാരാണ്. ഇത്തരം മരണങ്ങള്‍ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും പഠനം കണ്ടെത്തി.
ഇന്ത്യയും ഏഷ്യയിലെ മറ്റ് പല ഭാഗങ്ങളും വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തീവ്രമായ കാലാവസ്ഥാ ദുരിതങ്ങള്‍ അനുഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള ഇന്റര്‍ഗവണ്മെന്റല്‍ പാനല്‍ (ഐപിസിസി) 2021ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ വര്‍ഷവും ചൂട് റെക്കോഡുകള്‍ ഭേദിക്കുന്നു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 125 വര്‍ഷത്തിനിടയില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ചൂട് ഇക്കൊല്ലം ഫെബ്രുവരിയിലായിരുന്നു.
ഉഷ്ണതരംഗങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ക്ഷീണം, തലകറക്കം തുടങ്ങിയ നേരിയ ലക്ഷണങ്ങള്‍ക്ക് മാത്രമല്ല, മരണത്തിന് കാരണമാകുന്ന ഉഷ്ണാഘാതങ്ങളും സാധാരണമാണ്. ഇന്ത്യയിലെ അതിശക്തമായ താപനില കാരണമുണ്ടാകുന്ന മരണങ്ങളെ കുറിച്ച്, ഹരിയാന സോണിപത്തിലെ ഒ പി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പഠിക്കുകയും മരിച്ചവരുടെ പ്രായ, ലിംഗ വ്യത്യാസങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിനായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പില്‍ നിന്നുള്ള താപനില ഡാറ്റ, നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍ നിന്നുള്ള മരണനിരക്ക് ഡാറ്റ തുടങ്ങിയവ വിശകലനം ചെയ്തു.
2001നും 19നും ഇടയില്‍ രാജ്യത്ത് സൂര്യാഘാതം നിമിത്തം 19, 693 മരണങ്ങളും തണുപ്പ് സംബന്ധമായ അസുഖങ്ങള്‍ കാരണം 15,197 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി സംഘം കണ്ടെത്തി. ഇത്രയും തീവ്രമായ താപനിലയില്‍ സമ്പര്‍ക്കം മൂലമുണ്ടാകുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ മരണസംഖ്യ യഥാര്‍ത്ഥത്തിനുള്ളതിനെക്കാള്‍ കുറവായി കാണേണ്ടി വരുമെന്ന് പിയര്‍-റിവ്യൂഡ് ജേണല്‍ ടെമ്പറേച്ചറില്‍ പ്രസിദ്ധീകരിച്ച പഠനം അഭിപ്രായപ്പെട്ടു. സൂര്യാഘാതവും കഠിമായ തണുപ്പ് മൂലമുള്ള അസുഖങ്ങളും വന്ന് മരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് 45നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. സൂര്യാഘാതം മൂലമുള്ള മരണങ്ങള്‍ പുരുഷന്മാരിലാണ് കൂടുതലെന്ന് പഠനം പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് മൂന്ന് മുതല്‍ അഞ്ച് മടങ്ങ് വരെ കൂടുതലാണിത്. പുരുഷന്മാര്‍ പുറത്ത് ജോലി ചെയ്യാന്‍ സാധ്യത കൂടുതലുള്ളതുകൊണ്ടാണിതെന്ന് പഠന സംഘത്തിലുണ്ടായിരുന്ന പ്രദീപ് ഗ്വിന്‍ പറഞ്ഞു.
2001 മുതല്‍ 2014 വരെ സൂര്യാഘാതം മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും കൊടും ചൂടിന് ഇരയായത്. അത് ഒരുതരം താപ അനീതിയാണെന്ന് ഗവേഷകര്‍ പറയുന്നു. ക്ഷേമ, സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും പഠനം പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.