
ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളിലൂടെ ലഭിച്ച ജനന-മരണ കണക്കുകള്‍ അപഗ്രഥിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2021ൽ ഇന്ത്യയിൽ 1.02 കോടി മരണങ്ങൾ രജിസ്റ്റർ ചെയ്തു. 2020ൽ റിപ്പോർട്ട് ചെയ്ത 81.20 ലക്ഷം മരണങ്ങളെ അപേക്ഷിച്ച് 25.9 ശതമാനം വര്‍ധനയാണിതെന്ന് രജിസ്ട്രാർ ജനറൽ ആന്റ് സെൻസസ് കമ്മിഷണർ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ഒരു വർഷത്തിനുള്ളിൽ 19.70 ലക്ഷത്തിലധികം അധിക മരണങ്ങള്‍ രേഖപ്പെടുത്തി. 2021ല്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്.
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിച്ച ഡാറ്റയിൽ നിന്നാണ് സിആർഎസ് റിപ്പോർട്ട് സമാഹരിക്കുക. വാർഷിക ജനന-മരണ സ്ഥിതിവിവരക്കണക്കുകളുടെ ഏറ്റവും സമഗ്രമായ ഉറവിടമായി ഇത് കണക്കാക്കപ്പെടുന്നു. കോവിഡ് മരണം കുറച്ചുകാണിച്ച 22 സംസ്ഥാനങ്ങളില്‍ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്തില്‍ 2021ല്‍ കോവിഡ് ബാധിച്ച് 5,809 പേര്‍ മരിച്ചതായായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ട് ലക്ഷത്തോളം മരണങ്ങളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കോവിഡ് മരണങ്ങളേക്കാള്‍ 33 ഇരട്ടിയാണ് സംസ്ഥാനത്തെ ആകെ മരണസംഖ്യ.
മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് 2021 ല്‍ കോവിഡ് ബാധിച്ച് 6,927 പേര്‍ മരിച്ചു എന്നായിരുന്നു സര്‍ക്കാര്‍ കണക്ക്. യഥാർത്ഥത്തിൽ 1,26,774 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. കണക്കുകള്‍ തമ്മില്‍ 18 ഇരട്ടിയുടെ വ്യത്യാസം. പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡിഷ, ഹരിയാന, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളം പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹി പട്ടികയില്‍ 18-ാം സ്ഥാനത്താണ്. 20121ല്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണങ്ങളിൽ 60.8 ശതമാനം പുരുഷന്മാരും 39.2 ശതമാനം സ്ത്രീകളുമാണെന്നും കണക്കുകള്‍ പറയുന്നു. ആശുപത്രികളിലോ ആരോഗ്യ കേന്ദ്രങ്ങളിലോ സംഭവിക്കുന്ന മരണങ്ങൾ, രജിസ്റ്റർ ചെയ്ത എല്ലാ മരണങ്ങളുടെയും 26.5 ശതമാനം മാത്രമാണ്. ഇത് പ്രത്യേകിച്ച് പകർച്ചവ്യാധിയുടെ സമയത്ത് വീട്ടിലോ ഔപചാരിക വൈദ്യ പരിചരണത്തിനു പുറത്തോ സംഭവിക്കുന്ന വലിയ അളവിലുള്ള മരണങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.