
ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ ഭീമനായ ഗൂഗിൾ, 2025ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ട്രെൻഡിംഗ് സെർച്ചുകളുടെ പട്ടിക പുറത്തുവിട്ടു. മുൻ വർഷങ്ങളിലെ പോലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) തന്നെയാണ് ഈ വർഷവും ഗൂഗിൾ സെർച്ചിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഗൂഗിളിൻ്റെ ജനപ്രിയ എഐ ടൂളായ ഗൂഗിൾ ജെമിനിയാണ് ഇന്ത്യയിലെ ഓവറോൾ സെർച്ച് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയതെന്നത് ശ്രദ്ധേയമാണ്. ഏഷ്യാ കപ്പ്, ഐസിസി ചാമ്പ്യൻസ് ട്രോഫി, പ്രോ കബഡി ലീഗ് എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടം നേടിയത്. മഹാകുംഭമേള, വനിതാ ലോകകപ്പ്, ഗ്രോക്ക്, സയ്യാര, ധർമ്മേന്ദ്ര എന്നിവയും ആദ്യ പത്തിൽ ഉൾപ്പെടുന്നു.
കായിക ഇവൻ്റുകളിൽ ഐപിഎൽ തന്നെയാണ് ഒന്നാമത്. ഇന്ത്യ/ഇംഗ്ലണ്ട്, ഇന്ത്യ/ഓസ്‌ട്രേലിയ, ഇന്ത്യ/വെസ്റ്റ് ഇൻഡീസ് എന്നീ മത്സരങ്ങളാണ് ഏറ്റവുമധികം പേർ തിരഞ്ഞ കായിക മത്സരങ്ങൾ. വനിതാ ക്രിക്കറ്റിൽ ഇന്ത്യ വനിത/ദക്ഷിണാഫ്രിക്ക വനിത മത്സരത്തിനാണ് ഏറ്റവും കൂടുതൽ തിരച്ചിൽ ലഭിച്ചത്. ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടികയിൽ മലയാളി ക്രിക്കറ്റർമാരായ കരുൺ നായർ എട്ടാം സ്ഥാനത്തും വിഗ്നേഷ് പൂത്തൂർ പത്താം സ്ഥാനത്തും ഇടം നേടി. വനിതകളിൽ ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന, ഷെഫാലി വർമ എന്നിവരാണ് മുന്നിൽ.
ഗൂഗിൾ സെർച്ചിൽ ഏറ്റവും ട്രെൻഡിംഗായ സിനിമകളുടെ പട്ടികയിൽ തെന്നിന്ത്യൻ ചിത്രങ്ങളാണ് ആധിപത്യം സ്ഥാപിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള സിനിമയായ മാർക്കോ ആറാം സ്ഥാനത്ത് എത്തി. ‘സയ്യാര’യാണ് പട്ടികയിൽ ഒന്നാമത്. കാന്താര: എ ലെജൻഡ് ചാപ്റ്റർ‑1, കൂലി, വാർ 2 എന്നിവയും ആദ്യ അഞ്ചിൽ ഇടം നേടി. ഗൂഗിൾ ജെമിനി, ഗൂഗിൾ ജെമിനി ഫോട്ടോ, ഗ്രോക്ക്, ഡീപ്‌സീക്ക് എന്നിവയാണ് എഐ സെർച്ച് വിഭാഗത്തിൽ മുന്നിലെത്തിയ ടോപ്പിക്കുകൾ. കൂടാതെ, ജെമിനി ട്രെൻഡ്, ഗിബിലി ട്രെൻഡ് എന്നിവയാണ് ഏറ്റവും ട്രെൻഡിംഗായ ട്രെൻഡുകൾ. ‘സീസ്‌ഫയറിൻ്റെ അർഥം’, ‘മോക്‌ഡ്രിൽ അർഥം’, ‘പൂക്കി അർഥം’ എന്നിവയാണ് ചോദ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.