23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 20, 2024
June 4, 2024
June 2, 2024
June 1, 2024
June 1, 2024
June 1, 2024
May 29, 2024
May 17, 2024
May 8, 2024
May 7, 2024

2029ല്‍ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താം; സമിതി റിപ്പോര്‍ട്ട് നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2024 3:42 pm

2029ല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഏകീകരിച്ചുകൊണ്ട് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിലേക്ക് കടക്കാമെന്ന ശുപാര്‍ശയുമായി ഉന്നതതല സമിതി റിപ്പോർട്ട്. എട്ട് വാല്യങ്ങളായി 18,626 പേജുകളുള്ള റിപ്പോര്‍ട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിന് സമർപ്പിച്ചു. അടിക്കടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കും വികസന പദ്ധതികള്‍ക്കും തടസമാകുന്നുവെന്ന് സമിതി വിലയിരുത്തുന്നു. ആദ്യഘട്ടത്തില്‍ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കണം. രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്റ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 100 ദിവസത്തിനകം പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പുകള്‍ ക്രമീകരിക്കാം.

പൊതുതെരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭ ആദ്യം സമ്മേളിക്കുന്ന ദിവസം നിയമന തീയതി ആയി കണക്കാക്കി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കണം. ഉദാഹരണത്തിന് ജൂണ്‍ ഒന്നിനാണ് ലോക്‌സഭ നിലവില്‍ വരുന്നതെങ്കില്‍ അതുമുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പ് എന്ന് കണക്കാക്കും.
അങ്ങിനെ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതി വച്ച് നിയമസഭകളുടെ കാലാവധി പുനര്‍ നിര്‍ണയിച്ച് രാഷ്ട്രപതി മറ്റൊരു വിജ്ഞാപനം ഇറക്കണം. ഇതുപ്രകാരം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് സമിതി അഭിപ്രായപ്പെടുന്നു. ഇതിന് നിയമസഭകളുടെ അംഗീകാരം ആവശ്യമില്ല. പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ നിയമ ഭേദഗതി ആവാം. കേരളം ഉള്‍പ്പെടെയുള്ള ചില നിയമസഭകളുടെ കാലാവധി ഈ രീതിയില്‍ ഒറ്റത്തവണ വെട്ടിച്ചുരുക്കേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിനൊപ്പം പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പും നടത്തുന്നതിന് ഭരണഘടനയില്‍ 324എ വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കണം. ഒറ്റ വോട്ടര്‍ പട്ടികയും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിക്കാന്‍ 325-ാം വകുപ്പിലും ഭേദഗതി ആവശ്യമാണ്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മറ്റു തെരഞ്ഞെടുപ്പുകളുമായി യോജിപ്പിക്കുന്നതിന് സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടി വരും. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിപ്പിക്കുന്നതിന് ഇത് ആവശ്യമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

2023 സെപ്‌റ്റംബര്‍ രണ്ടിനാണ് സമിതി പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്യസഭയിൽ മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന ഗുലാം നബി ആസാദ്, ധനകാര്യ കമ്മിഷൻ മുൻചെയർപേഴ്സൺ എൻ കെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവരും സമിതിയില്‍ അംഗങ്ങളായിരുന്നു.

മന്ത്രിസഭ വീണാല്‍

മന്ത്രിസഭ രാജിവയ്ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇടയ്ക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നാല്‍ സഭയുടെ അഞ്ച് വര്‍ഷ കാലാവധി തികയാന്‍ ബാക്കി നില്‍ക്കുന്ന കാലത്തേക്ക് മാത്രമാകും ആ അംഗങ്ങളുടെ കാലാവധി. ഇതിനായി പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 83, ആര്‍ട്ടിക്കിള്‍ 172 എന്നിവ ഭേദഗതി ചെയ്യേണ്ടി വരും.

ഭരണഘടനാ ഭേദഗതികള്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ വേണ്ടിവരുന്നത് നിരവധി ഭരണഘടനാ ഭേദഗതികള്‍. ഇവയില്‍ പലതും സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവയാണ്. അതിനാല്‍ സംസ്ഥാനങ്ങളുടെ അനുമതിയും വേണ്ടിവരും. പാര്‍ലമെന്റിന്റെ കാലാവധി സംബന്ധിച്ച അനുച്ഛേദം 83, രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 85, സംസ്ഥാന നിയമസഭകളുടെ കാലാവധിയുമായി ബന്ധപ്പെട്ട അനുച്ഛേദം 172, സംസ്ഥാന നിയമസഭകള്‍ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 174, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം 356 എന്നിവ ഇതിനായി ഭേദഗതി ചെയ്യേണ്ടിവരും. ഒരു തിരിച്ചറിയല്‍ കാര്‍ഡും ഒരൊറ്റ വോട്ടര്‍പട്ടികയും തയ്യാറാക്കുമ്പോള്‍ ഇതിനും ഭരണഘടന ഭേദഗതി ആവശ്യമുണ്ട്. അനുച്ഛേദം 325ല്‍ മാറ്റം വരുത്തണം. പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ സംസ്ഥാന‑ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടത്താനായി അനുച്ഛേദം 324എ എന്നൊരു വകുപ്പ് കൂടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.

Eng­lish Sum­ma­ry: 2029 Lok Sab­ha and Assem­bly elec­tions may be held simul­ta­ne­ous­ly; The com­mit­tee sub­mit­ted its report

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.