സൗരോര്‍ജ വിതരണ കരാറുകള്‍ക്കായി അഡാനി ഗ്രൂപ്പ് 2200 കോടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ സംഭവത്തില്‍ യുഎസ് നീതിന്യായ വകുപ്പിന്റെ പക്കലുള്ളത് ശക്തമായ തെളിവുകള്‍. കൈക്കൂലി സംബന്ധിച്ച ഫയലുകള്‍, ഇമെയിലുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ടെന്നും കേസ് ശക്തമാണെന്നും നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ഗൗതം അഡാനി, അനന്തിരവന്‍ സാഗര്‍ അഡാനി, അസൂര്‍ പവര്‍ കോര്‍പറേഷന്‍ എന്നിവര്‍ക്കെതിരെ സമന്‍സ് അയയ്ക്കുയും ചെയ്തത് രാജ്യമാകെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. സാഗർ അഡാനിയുടെ മൊബൈൽ ഫോണിൽ നിന്നുമാണ് കൈക്കൂലി വിവരങ്ങളും പേയ്‌മെന്റ് രേഖകളും ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ ഗൗതം അഡാനി അനന്തിരവന് അയച്ച ഇമെയിലുകളിലൊന്നില്‍ എഫ്ബിഐ സെർച്ച് വാറന്റിന്റെ പകർപ്പ് അടങ്ങിയതാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കൂടാതെ നിക്ഷേപകരെ മനഃപൂർവം തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും ഇതിലൂടെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കും. അതേസമയം ഗൗതം അഡാനിയെ യുഎസിന് കൈമാറുന്നതില്‍ തടസങ്ങള്‍ നേരിട്ടേക്കുമെന്നും യുഎസ് നിയമവിദഗ്ധര്‍ കണക്കുകൂട്ടുന്നു.
അതിനിടെ അഡാനി ഗ്രീന്‍ കമ്പനിയുടെ സൗരോര്‍ജം വാങ്ങാന്‍ ആന്ധ്രാപ്രദേശ് മന്ത്രിസഭ അംഗീകാരം നല്‍കിയത് ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചാണെന്ന് വിവരങ്ങള്‍ പുറത്തുവന്നു, സൗരോര്‍ജ പദ്ധതിയുടെ നടത്തിപ്പുകാരായ സോളാര്‍ പവര്‍ കോര്‍പറേഷനുമായി (എസ്ഇസിഐ) സംസ്ഥാനം കരാര്‍ ഏര്‍പ്പെട്ടത് എല്ലാ നടപടിക്രമങ്ങളും കാറ്റില്‍പ്പറത്തിയാണെന്നാണ് തെളിവുകള്‍. അഡാനിക്ക് കരാര്‍ നല്‍കുന്നതിന് മുമ്പ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വരുന്ന പത്ത് വര്‍ഷത്തേയ്ക്ക് സൗരോര്‍ജം പുറത്ത് നിന്ന് വാങ്ങേണ്ടതില്ല എന്ന ഉപദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഇത് പാടെ അവഗണിച്ച് അഡാനിക്ക് കരാര്‍ നല്‍കുകയായിരുന്നു.
2021 സെപ്റ്റംബറിലാണ് അഡാനിയുമായി ബന്ധപ്പെട്ട കമ്പനിയുമായി എസ്ഇസിഐ ആന്ധ്രാപ്രദേശിനെ സമീപിക്കുന്നത്. രണ്ട് കമ്പനികളില്‍ നിന്ന് സൗരോര്‍ജം വാങ്ങുന്ന കരാറില്‍ അഡാനി കമ്പനിയില്‍ നിന്നായിരുന്നു ഏറ്റവും അധികം വൈദ്യുതി വാങ്ങിയത്. നവംബര്‍ പതിനൊന്നിന് സംസ്ഥാന വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ ഡിസംബര്‍ ഒന്നിന് കരാര്‍ ഒപ്പിട്ടു. കേവലം 57 ദിവസത്തിനുള്ളില്‍ ചര്‍ച്ചകളും മറ്റ് നടപടികളുമെല്ലാം പൂര്‍ത്തിയായി. പ്രതിവര്‍ഷം 4,161 കോടി രൂപയുടെ സൗരോര്‍ജം വാങ്ങാനായിരുന്നു ഇടപാട്. ഇതില്‍ 97 ശതമാനം തുകയും എത്തിച്ചേര്‍ന്നത് അഡാനി ഗ്രീന്‍ കമ്പനിക്കായിരുന്നു. 7,000 മെഗാവാട്ട് വൈദ്യുതിയുടെ ക്രമവിരുദ്ധ ഇടപാടിനായി വിനിയോഗിച്ച 4,161 കോടി രൂപ സാമുഹ്യ സുരക്ഷാ-പോഷകാഹാര പദ്ധതിക്കായി 2019–2020 നീക്കി വെച്ച ബജറ്റ് തുക വിഹിതം വകമാറ്റിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.