ലോകത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭ. 112 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ലോകത്താകെ 110 കോടിയിലേറെ പേര്‍ അതിദരിദ്രാവസ്ഥയിലാണെന്ന് യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് ചെയ്യുന്നു. 23.4 കോടി പേര്‍ അതിദരിദ്രാവസ്ഥയിലുള്ള ഇന്ത്യ, രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം(യുഎന്‍ഡിപി), ഓക്സ്ഫോഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവ് (ഒപിഎച്ച്ഐ) എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യസൂചിക(എംപിഐ) പ്രകാരമുള്ള കണക്കാണ് പുറത്തുവന്നത്.
2022ലെ റിപ്പോര്‍ട്ട് പ്രകാരം 22.89 കോടി പേരെയാണ് അതിദരിദ്രാവസ്ഥയില്‍ യുഎന്‍ കണക്കാക്കിയിരുന്നത്. ഇതില്‍ 20.50 കോടി ആളുകള്‍ ഗ്രാമീണവാസികളാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതനുസരിച്ച് ദരിദ്രരുടെ എണ്ണം അരക്കോടിയോളം വര്‍ധിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ നിതി ആയോഗ് റിപ്പോര്‍ട്ട് രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞുവെന്നാണ് അവകാശപ്പെട്ടിരുന്നത്. ശതമാനത്തോതിലല്ലാതെ, ഇത്ര എണ്ണം എന്ന് വ്യക്തമാക്കാതെയാണ് നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ആ വാദം പൊള്ളയാണെന്നാണ് പുതിയ യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലോകത്ത് ആകെ 110 കോടി ജനങ്ങളാണ് കൊടുംദാരിദ്ര്യത്തിലുള്ളത്. അതില്‍ പകുതിയും (58.4 കോടി) കുട്ടികളാണ്. ലോകമെമ്പാടുമുള്ള കുട്ടികളുടെ 27.9 ശതമാനം വരുമിത്. പാകിസ്ഥാനിൽ 9.3 കോടി പേരും എത്യോപ്യയിൽ 8.6 കോടി പേരും നൈജീരിയയിൽ 7.4 കോടി പേരും കോംഗോയിൽ 6.6 കോടി പേരും അതിദാരിദ്ര്യത്തിലാണെന്നും യുഎൻ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ ദരിദ്രരുടെ 48.1 ശതമാനവും ഈ അഞ്ച് രാജ്യങ്ങളില്‍ നിന്നാണ്. കൊടുംപട്ടിണിയിൽ കഴിയുന്ന 40 ശതമാനം പേര്‍ യുദ്ധവും അശാന്തിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. 21.8 കോടി പേർ സജീവ യുദ്ധ മേഖലയിലും 33.5 കോടി പേർ സംഘർഷ ബാധിത മേഖലയിലും 37.5 കോടി പേർ പ്രശ്ന ബാധിത മേഖലയിലുമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഗാസയിൽ 83 ശതമാനം ജനങ്ങളും അഭയാർത്ഥികളാക്കപ്പെട്ടു.
2010 മുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ സൂചിക, പോഷകാഹാരം, വൈദ്യുതി, ശൗചാലയ സൗകര്യം, പാര്‍പ്പിടം, പാചക ഇന്ധനം തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പട്ടിക തയ്യാറാക്കിയത്. 21 താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾ, 47 താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ, 40 ഉയർന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ, നാല് ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ എന്നിവ പഠനവിധേയമാക്കി.
അതിദരിദ്രരിൽ 83 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ആഗോളതലത്തിൽ ഗ്രാമീണ ജനസംഖ്യയുടെ 28 ശതമാനം പേര്‍ ദരിദ്രരാണ്. അതേസമയം നഗര ജനസംഖ്യയുടെ 6.6 മാത്രമാണ് അതിദരിദ്രരെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തേക്കാൾ കൂടുതലായി 117 ദശലക്ഷം ജനങ്ങള്‍ക്ക് വാസസ്ഥലമില്ലെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള വിശപ്പ് സൂചികയിലും ഇന്ത്യയുടെ സ്ഥാനം പരിതാപകരമായിരുന്നു. 127 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൂചികയില്‍ ഇന്ത്യ 105-ാം സ്ഥാനത്താണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.