28 April 2024, Sunday

പട്ടിണിയുടെ വർത്തമാനം

Janayugom Webdesk
February 19, 2023 5:00 am

മ്പദ്‌വ്യവസ്ഥയിലെ അസ്ഥിരതയുടെ ഭാഗമായി രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് പോയ പാദത്തെ അപേക്ഷിച്ച് നാലുശതമാനം വർധിച്ചതായി സിഎംഐഇ കണക്കുകൾ വ്യക്തമാക്കുന്നു. നഗര തൊഴിലില്ലായ്മാ നിരക്ക് 2021 നവംബറിലെ 8.21 ൽ നിന്ന് 2022 ഡിസംബറിൽ 8.30 ശതമാനമായി. സമീപ മാസനിരക്കുകളിൽ ഏറ്റവും ഉയർന്നതാണിത്. 2021 ഡിസംബറിൽ 7.9 ശതമാനമായിരുന്നു നിരക്ക്. സാമ്പത്തിക പ്രക്രിയകളിലെ കടുത്ത അനിശ്ചിതത്വമാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. നഗരങ്ങളിലെ തൊഴിലില്ലായ്മാ നിരക്ക് പല ആഴ്ചയും ഇരട്ട അക്കങ്ങളിലെത്തിയിരുന്നു. രാജ്യത്തെ മൊത്തം തൊഴിൽ സേനയുടെ 90 ശതമാനവും അനൗപചാരിക തൊഴിലാളികളാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) പകുതി സംഭാവനയും അവരുടേതാണ്. ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുമ്പോഴും അവരിൽ മൂന്നിലൊന്ന് പേർക്കുപോലും അവിദഗ്ധ തൊഴിലാളികൾക്കുള്ള വേതനം ലഭിക്കുന്നില്ല. തൊഴിലെടുക്കുന്നവരിൽ 10 ശതമാനത്തിന്റെ വരുമാനം അടിസ്ഥാനകാര്യങ്ങൾ നിറവേറ്റാൻപോലും മതിയാകാത്തതാണ്. ബാക്കിയുള്ളവരിൽ 27 ശതമാനം പേർക്ക് മതിയായ വരുമാനം ലഭിക്കുന്ന ജോലിയെക്കുറിച്ച് അറിവ് പോലുമില്ല. ചുരുക്കത്തിൽ 39 ദശലക്ഷം ആളുകൾ തൊഴിലെടുത്തിട്ടും ദരിദ്രരാണ്. എല്ലായ്പ്പോഴും അനിശ്ചിതത്വത്തിലാണവർ. സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ പ്രകടമായിരുന്ന തൊഴിലാളികളുടെ കുടിയേറ്റം, രാജ്യം കോവിഡ് ദിനങ്ങളിലൂടെ കടന്നുപോയപ്പോഴും ദൃശ്യമായി. തൊഴിലിടങ്ങൾ അടച്ചുപൂട്ടി. ഉപജീവനത്തിന് വഴികളില്ല. തൊഴിൽശാലകൾ എന്നെങ്കിലും തുറക്കുമോ എന്ന അനിശ്ചിതത്വം. തുണയ്ക്കാരുമില്ലാത്ത നിസഹായവസ്ഥ.


ഇതുകൂടി വായിക്കൂ:  പട്ടിണി രാജ്യമാകുന്ന ഇന്ത്യ 


തൊഴിലവസരങ്ങളില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികളിലേറെയും ദളിതരും ആദിവാസികളും പിന്നാക്ക ജാതിക്കാരുമാണ്. ലോക്ഡൗൺ കാലയളവിൽ, മധ്യപ്രദേശിലേക്ക് മടങ്ങിയത് ഏകദേശം 7.3 ലക്ഷം തൊഴിലാളികളാണ്. ഇതിൽ 60 ശതമാനം പട്ടികജാതി പട്ടികവർഗത്തിൽ പെട്ടവരും. കോവിഡിന് ശേഷവും അപകടകരമായ ഈ സാഹചര്യം തുടരുകയാണ്. പുതിയ കരാറുകളുണ്ട് എന്നു വീമ്പു പറയുന്നവർ കൂട്ടപ്പിരിച്ചുവിടൽ കാണുന്നില്ല. തൊഴിലിടങ്ങളിലെ അരക്ഷിതാവസ്ഥ തുടരുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് (പിഎൽഎഫ്) സർവേ അനുസരിച്ച് 15–59 വയസ് പ്രായമുള്ള ജനസംഖ്യയുടെ 52 ശതമാനവും തൊഴിലാളികളാണ്. 104 ദശലക്ഷത്തോളം വരുന്നു ഇവരുടെ സംഖ്യ. ഇതിൽ ഏകദേശം 3.2 ദശലക്ഷം (3.07 ശതമാനം) പട്ടികവർഗ വിഭാഗത്തിൽ പെട്ടവരാണ്. പട്ടികജാതിക്കാർക്കിടയിൽ 15.2 ദശലക്ഷം തൊഴിലാളികളുണ്ട്, 14.57 ശതമാനം. ഒബിസി വിഭാഗത്തിൽ 44.7 ദശലക്ഷം തൊഴിലാളികള്‍, 42.81 ശതമാനം. ഇതര വിഭാഗങ്ങളുടെ പട്ടികയിൽ 41.3 ദശലക്ഷമുണ്ട്, 39.56 ശതമാനം. നഗരപ്രദേശങ്ങളിലെ തൊഴിലാളികളിൽ ഏകദേശം 23 ശതമാനം ഔപചാരിക മേഖലയിലും ബാക്കി 77 ശതമാനം അനൗപചാരിക മേഖലയിലുമാണ്. ഔപചാരിക തൊഴിലിൽ, ആദിവാസി ജനസംഖ്യയിൽ നിന്ന് 7,66,300 പേര്‍ അഥവാ 3.21 ശതമാനം മാത്രമാണുള്ളത്. പട്ടികജാതികളിൽ നിന്നുള്ളവർ 12.66 ശതമാനവും. 3.02 ദശലക്ഷം പേർ ഔപചാരിക മേഖലയിൽ ജോലി ചെയ്യുന്നു. അനൗപചാരിക മേഖലയിൽ പട്ടികജാതി-പട്ടികവർഗവിഭാഗങ്ങൾ വലിയ തോതിൽ ജോലി ചെയ്യുന്നു. തൂപ്പുകാരായും സഹായികളായും അവര്‍ തുടരുന്നു. ചരിത്രപരമായ വേർതിരിവ് അനുഭവിക്കുന്നവരിൽ വലിയവിഭാഗം ആദിവാസികളും ദളിതരുമാണ്. ഇത്തരം മാനസികാവസ്ഥ ഇപ്പോഴും സമൂഹത്തില്‍ നിലനിൽക്കുന്നു.


ഇതുകൂടി വായിക്കൂ:  പട്ടിണി: ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നു


നഗരങ്ങളിലെ അനൗപചാരിക തൊഴിലാളികൾ തൊഴിൽ വ്യാവസായിക യൂണിറ്റുകളിലുടനീളം എങ്ങനെ സംഘടിപ്പിക്കപ്പെടുന്നു എന്നതും പ്രധാനമാണ്. ജാതിയും മതവും കണക്കിലെടുത്താണ് പലപ്പോഴും പട്ടിക തയ്യാറാക്കുന്നത്. കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും, പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നുള്ള പങ്കാളിത്തം 3.65 ശതമാനവും പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് 14.3 ശതമാനവും ഒബിസിക്ക് 14.3 ശതമാനവുമാണ്. സമുദായാടിസ്ഥാനത്തിൽ, ഹിന്ദുക്കൾ 79.69 ശതമാനം, മുസ്ലിങ്ങൾ 14.6 ശതമാനം എന്നും കണക്കാക്കിയിരിക്കുന്നു. മുസ്ലിം തൊഴിലാളികളിൽ ഭൂരിഭാഗവും ഉല്പാദന മേഖലയിലാണ്. 19.69 ശതമാനമാണ് അത്തരം മേഖലകളിലുള്ളത്. ശുചീകരണ തൊഴിലാളികൾക്ക് ജോലിഭാരം കൂടുതലും മിനിമം വേതനം പോലും അന്യവുമാണ്. കുറഞ്ഞ വേതനത്തെക്കാൾ വളരെ താഴെയാണ് അവരുടെ വരുമാനം. അതിൽ 53 ശതമാനവും ഭക്ഷണത്തിനായി ചെലവഴിക്കേണ്ടി വരുന്നു. ‘ഇല്ലാത്തവർക്ക് ഒന്നുമില്ല’ എന്ന ദുരവസ്ഥയാണിത്. രാജ്യത്തിന്റെ വർത്തമാനകാല ഭരണകൂടത്തിന്‍ കീഴില്‍ ഇതിലൊന്നും അതിശയവുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.