23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 8, 2026
January 6, 2026

23 ലക്ഷം ആളുകൾക്ക് വൈദ്യുതിയും ഭക്ഷണവും മുടങ്ങി; ഗാസയില്‍ ഇസ്രയേലിന്റെ സമ്പൂര്‍ണ ഉപരോധം

Janayugom Webdesk
ടെല്‍ അവീവ്
October 9, 2023 8:04 pm

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗാസയ്ക്ക് മേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഗാസയിലെ പ്രാഥമിക അടിസ്ഥാന സൗകര്യങ്ങളെയും ഉപരോധം ബാധിക്കും. 23 ലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണം നിലയ്ക്കും. ഗാസയെ പൂർണമായും ഉപരോധിക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമ്പൂര്‍ണ ഉപരോധമാണ് നടപ്പാക്കുന്നതെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇന്ധനക്ഷാമം കാരണം ഗാസ മുനമ്പിലെ ഊർജ അതോറിറ്റി ഒരു മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. 2007 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ ഉപരോധം തുടരുന്നുണ്ട്. സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഗാസയില്‍ മരുന്നിനും ചികിത്സയ്ക്കും ക്ഷാമം നേരിടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സ കിട്ടാത്ത സാഹചര്യവുമുണ്ടായി. അതേസമയം, ഹമാസ് അക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേല്‍ വിപണി വലിയ തകര്‍ച്ചയാണ് നേരിട്ടത്. ഇസ്രായേലി സ്റ്റോക്കുകളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു.

ഇസ്രയേല്‍ സെെന്യത്തിന്റെ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഒന്നേകാല്‍ ലക്ഷം പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. സംഘർഷം കണക്കിലെടുത്ത് അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻഎയർ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ വിമാനക്കമ്പനികൾ ടെൽ അവീവിലെ ബെൻ ഗുറിയൻ വിമാനത്താവളത്തിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. 

ഹമാസിന്റെ കീഴിലുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പുനഃസ്ഥാപിച്ചതായി ഇസ്രയേല്‍ സെെന്യം അറിയിച്ചു. എന്നാൽ ഹമാസിന്റെ പ്രവർത്തകർ ഇപ്പോഴും ഇസ്രയേലിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും അതിർത്തികൾ സുരക്ഷിതമാക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയമെടുക്കുന്നുണ്ടെന്നും പ്രതിരോധ സേനയുടെ വക്താവ് പറഞ്ഞു. പ്രത്യാക്രമണത്തിനായി 3,00,000 റിസർവ് സെെനികരെ തയ്യാറാക്കിയതായും സെെനിക വക്താവ് വ്യക്തമാക്കി. 

Eng­lish Summary;23 lakh peo­ple with­out pow­er and food; Israel’s total block­ade of Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.