26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
October 22, 2024
September 21, 2024
September 11, 2024
August 21, 2024
June 15, 2024
April 5, 2024
December 9, 2023
October 29, 2023
October 16, 2023

കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ അന്താരാഷ്ട്ര സമ്മേളനം

അബ്ദുൾ ഗഫൂർ
October 29, 2023 4:00 am

കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ 23-ാമത് അന്താരാഷ്ട്ര സമ്മേളനം ഒക്ടോബർ 19 മുതൽ 22 വരെ തുർക്കിയിലെ ഇസ്മിറിൽ നടന്നു. 54 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 68 കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളെ പ്രതിനിധീകരിച്ച് 121 പേരാണ് സമ്മേളനത്തിനെത്തിയത്. പങ്കെടുക്കാൻ സാധിക്കാതിരുന്ന ഏഴ് പാർട്ടികൾ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു. സിപിഐയെ പ്രതിനിധീകരിച്ച് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. ബാൽചന്ദ്ര കാംഗോ പങ്കെടുത്തു. മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും നേരിടാനുള്ള രാഷ്ട്രീയ, പ്രത്യയശാസ്ത്ര പോരാട്ടങ്ങൾ എന്നതായിരുന്നു സമ്മേളനത്തിന്റെ കേന്ദ്ര മുദ്രാവാക്യം. ചൂഷണം, അടിച്ചമർത്തൽ, സാമ്രാജ്യത്വ കുപ്രചരണങ്ങൾ, ചരിത്രപരമായ വിഭാഗീയ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ തൊഴിലാളിവർഗത്തെയും യുവാക്കൾ, സ്ത്രീകൾ, ബുദ്ധിജീവികൾ എന്നിവരെയും ബോധവൽക്കരിക്കുകയും അണിനിരത്തുകയും ചെയ്യുക, തൊഴിലാളികളുടെയും ജനങ്ങളുടെയും സാമൂഹികവും ജനാധിപത്യപരവുമായ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ, സൈനികതയ്ക്കും യുദ്ധത്തിനും എതിരെ, സമാധാനത്തിനും സോഷ്യലിസത്തിനും വേണ്ടി എന്നീ വിഷയങ്ങളാണ് ആഗോള സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെട്ടത്. വർഗ വൈരുധ്യങ്ങൾ വർധിക്കുകയും അസമത്വം, ദാരിദ്ര്യം, തൊഴിലില്ലായ്മ, യുദ്ധം, സംഘർഷങ്ങൾ, ജനങ്ങളുടെ കുടിയിറക്കവും കുടിയേറ്റവും എന്നിവയല്ലാതെ മുതലാളിത്തത്തിന് മറ്റൊന്നും നൽകാനില്ലെന്ന് അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്ന വേളയിൽ ചേർന്ന സമ്മേളനം, ഓരോ രാജ്യത്തെയും സാഹചര്യങ്ങൾക്കനുസരിച്ച് അതാതിടങ്ങളിൽ പ്രവർത്തിക്കുകയും പോരാടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള വേദിയായി മാറി.

സാമ്രാജ്യത്വ വ്യവസ്ഥയ്ക്കുള്ളിലെ വൈരുധ്യങ്ങളും വർധിച്ചുകൊണ്ടിരിക്കുന്നു. ഈ മത്സരത്തോടൊപ്പംതന്നെ ലോകത്തെയാകെ വിഴുങ്ങിയേക്കാവുന്ന യുദ്ധത്തിന്റെ അപകട സാധ്യതയും സാമ്രാജ്യത്വം നിലനിർത്തുന്നുണ്ട്. സമകാലിക രാഷ്ട്രീയ, സാമ്പത്തിക, സൈനിക സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും സമ്മേളനത്തിലുണ്ടായി. കൂടുതൽ അംഗങ്ങളെ ചേർത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നാറ്റോയുടെ വിവിധ രാജ്യങ്ങളിലെ ഇടപെടലുകൾ, പ്രവർത്തനങ്ങൾ എന്നിവ വിമർശന വിധേയമായി. രാജ്യങ്ങളുടെ കൂട്ടായ്മ എന്നതിനപ്പുറം സാമ്രാജ്യത്വ താല്പര്യങ്ങളെ പിന്തുണയ്ക്കുന്നവരുടെയും യുദ്ധഭ്രാന്ത് പ്രോത്സാഹിപ്പിക്കുന്നവരുടെയും കൂട്ടായ്മയായി വേണം നാറ്റോയെ വിലയിരുത്തുവാനെന്ന് അഭിപ്രായമുയർന്നു. പലസ്തീനിലുണ്ടായ സംഭവ വികാസങ്ങൾ സമ്മേളനത്തിൽ പ്രത്യേക ചർച്ചയായി. ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമെതിരായ ഇസ്രയേൽ അതിക്രമങ്ങളും ഉപരോധവും എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഗാസാ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കടന്നാക്രമണങ്ങൾ, നിഷ്ഠൂരമായ വംശഹത്യ, മനുഷ്യത്വരഹിതമായ ഉപരോധം എന്നിവ ശക്തിയായി അപലപിച്ച സമ്മേളനം പലസ്തീൻ ജനതയോടുള്ള പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രയേലിന്റെ ആക്രമണത്തിന് യുഎസ്എ, ബ്രിട്ടൻ, നാറ്റോ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പിന്തുണ അപലപിക്കപ്പെട്ടു. ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക, പലസ്തീൻ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങൾ അവസാനിപ്പിക്കുകയും ഒഴിവാക്കുകയും ചെയ്യുക, ഇസ്രയേൽ ജയിലുകളിൽ നിന്ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുക, അഭയാർത്ഥികളെ തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. പലസ്തീൻ ജനതയോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യം പ്രകടിപ്പിച്ചും ഗാസാമുനമ്പിലെ കൂട്ടക്കൊലയും ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശവും അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടും എല്ലാ രാജ്യങ്ങളിലും സമരം ശക്തിപ്പെടുത്തുന്നതിന് സമ്മേളനം തീരുമാനിച്ചു.


ഇതുകൂടി വായിക്കൂ:ആദ്യ തോട്ടിത്തൊഴിലാളി യൂണിയന്‍ ഉണ്ടായത് കോഴിക്കോട് 


ഉക്രെയ‌്നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അതിന്റെ വ്യത്യസ്ത വശങ്ങളും സമ്മേളനത്തിന്റെ ചർച്ചാ വിഷയമായി. യുദ്ധത്തിന്റെ ഉറവിടങ്ങളെയും സ്വഭാവത്തെയും സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളുണ്ടായിരുന്നു. എന്നാൽ നാറ്റോയ്ക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന കാര്യത്തിൽ എല്ലാ പാർട്ടികൾക്കും ഏകാഭിപ്രായമായിരുന്നു. ലോകത്തിന്റെ സമകാലിക സാഹചര്യവും വെല്ലുവിളികളും സോഷ്യലിസ്റ്റ് ആശയത്തിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. അതിലേക്ക് നയിക്കുന്നതിന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പോരാട്ടം ശക്തിപ്പെടുത്തുവാനും നയിക്കുവാനുമുള്ള ഉത്തരവാദിത്തം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികൾ ഏറ്റക്കുറച്ചിലുകളോടെയെങ്കിലും വഹിക്കുന്നുണ്ട്. അതിന് സഹായകമാകുന്ന വിധത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ, വർഗാധിഷ്ഠിത തൊഴിലാളി സംഘടനകൾ, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രസ്ഥാനങ്ങൾ, മൊത്തത്തിലുള്ള ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയ്ക്കിടയിൽ അന്താരാഷ്ട്ര ഐക്യദാർഢ്യം ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തുകയുണ്ടായി. അതോടൊപ്പംതന്നെ നിലനിൽക്കുന്ന സോഷ്യലിസത്തെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അനിവാര്യമാണ്. അതുകൊണ്ടുതന്നെയാണ് ക്യൂബൻ ജനതയോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുമുള്ള ഐക്യദാർഢ്യം 23-ാമത് സമ്മേളനത്തിന്റെ അജണ്ടയായത്. വിപ്ലവത്തിന്റെ നേട്ടങ്ങളെയും സോഷ്യലിസത്തെയും സംരക്ഷിച്ചുനിർത്താൻ പോരാടുന്ന, സ്വാതന്ത്ര്യം, സമത്വം, തൊഴിൽ, സാമൂഹിക അവകാശങ്ങൾ എന്നിവ സ്ഥാപിതമായ ക്യൂബ എന്ന രാജ്യത്തോടും അവിടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും ജനങ്ങളോടും ഐക്യദാർഢ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അതുപോലെ ക്യൂബയ്ക്കെതിരായ യുഎസ് ഉപരോധത്തെയും വംശഹത്യാസമീപനങ്ങളെയും ശക്തമായ ഭാഷയിൽ അപലപിക്കുകയും ചെയ്തു. യുഎസ് ഉൾപ്പെടെ ശക്തികൾ ക്യൂബയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്രസമൂഹം രംഗത്തെത്തേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി.

സാമ്രാജ്യത്വത്തിന്റെ സൈനിക നടപടികളിൽ മാത്രമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടമാകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാർട്ടികളുടെ ബഹുജന സംഘടനകൾക്കെതിരെ നേരിട്ടോ ഒളിഞ്ഞോ ഉള്ള നീക്കങ്ങളും ഇടപെടലുകളും നടത്തുകയും തൊഴിലാളിവർഗത്തിന്റെ സംഘടിക്കാനുള്ള അവകാശത്തെ കവർന്നെടുക്കുകയും ചെയ്യുന്നു. വാർത്താവിനിമയ ഉപാധികൾക്കുമേലുള്ള മൂലധന ശക്തികളുടെ കുത്തക, തൊഴിലാളിവർഗത്തിന്റെ വിവര വിനിമയങ്ങൾ തമസ്കരിക്കുകയും മുതലാളിത്ത താല്പര്യങ്ങൾ ചാനലുകളിൽ ആധിപത്യം പുലർത്തുകയുമാണ്. എല്ലാ വിപ്ലവ, പ്രതിരോധ ശക്തികളെയും നിശബ്ദമാക്കാൻ മുതലാളിത്തത്തിന് അധികാരമുണ്ടെന്ന തെറ്റായ ധാരണ സാമ്രാജ്യത്വം സൃഷ്ടിക്കുകയും തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്നത് തുടരുകയും ചെയ്യുന്നു. അത്തരം ബൂർഷ്വാ മാധ്യമങ്ങൾക്കും സാമ്രാജ്യത്വ നുണപ്രചാരകർക്കുമെതിരെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പോരാട്ടം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് സമ്മേളനം വിലയിരുത്തി. തൊഴിലാളികളുടെ സാമൂഹിക, രാഷ്ട്രീയ, ട്രേഡ് യൂണിയൻ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളോട് സമ്മേളത്തിൽ പങ്കെടുത്തവർ ഒറ്റശബ്ദത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഒരു വർഷത്തിലധികമായി തുടരുന്ന ഉക്രെയ്ൻ‑റഷ്യ യുദ്ധവും സമീപകാല ഇസ്രയേൽ‑പലസ്തീൻ സംഘർഷവും സാമ്രാജ്യത്വ ശക്തികളുടെ രൂപകല്പനകളെയാണ് വ്യക്തമാക്കുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഡോ. ബാൽചന്ദ്ര കാംഗോ അഭിപ്രായപ്പെട്ടു. സൈനിക നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതും യുദ്ധം പ്രചരിപ്പിക്കുന്നതും തങ്ങളുടെ വാണിജ്യ താല്പര്യം മാത്രം മുൻനിർത്തിയാണ്. നാറ്റോയും അതിന്റെ വിപുലീകരണവും ആക്രമണാത്മക നിലപാടുകളുമാണ് ഉക്രെയ്ൻ‑റഷ്യ യുദ്ധത്തിന്റെ മൂലകാരണം.


ഇതുകൂടി വായിക്കൂ:അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് കൊടുംക്രൂരതകള്‍


അന്താരാഷ്ട്ര സംഘടനകളുടെ കഴിവില്ലായ്മയും വിധേയത്വവും ഇത് വെളിപ്പെടുത്തുന്നു. രാഷ്ട്രങ്ങൾ തമ്മിലും രാഷ്ട്രങ്ങൾക്കകത്തും സംഘർഷം സൃഷ്ടിക്കുന്നത് വിപണി താല്പര്യമാണ്. പ്രതിസന്ധികൾ സൃഷ്ടിക്കുകയല്ലാതെ അ ത് പരിഹരിക്കുക എന്നത് അവർക്ക് സാധ്യമല്ല തന്നെ. നവ ഉദാരവൽക്കരണ വെല്ലുവിളികൾ നേരിടുന്നതിന് ബദൽ മാർഗം സോഷ്യലിസ്റ്റ് ആശയം തന്നെയെന്നാണ് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നതെന്നും കാംഗോ ചൂണ്ടിക്കാട്ടി. ഇന്നത്തെ ബഹുധ്രുവ ലോകത്ത് നിരവധി പുതിയ വെല്ലുവിളികൾ ഉയർന്നുവരുന്നു. അസമത്വത്തിന്റെ പഴയ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പണപ്പെരുപ്പം കൂടാതെ ലോകസമാധാനം നേരിടുന്ന വെല്ലുവിളികൾ അങ്ങനെ ഉത്തരം കിട്ടാത്ത നിരവധി പ്രശ്നങ്ങളാണുള്ളത്. അവയ്ക്കെതിരായ പോരാട്ടത്തിൽ ജനാധിപത്യ ഐക്യം, സോഷ്യലിസ്റ്റ്, മതേതര നിലപാടുകൾ, പരിസ്ഥിതി പ്രശ്നങ്ങളെ അഭിസംബോധന ചെയ്യൽ, മനുഷ്യാവകാശ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരമപ്രാധാന്യമാണുള്ളത്. ഈ വെല്ലുവിളികളെല്ലാമുണ്ടെങ്കിലും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം പുതിയകാലത്തിന്റെ പ്രയാണപഥമെന്ന് കാംഗോ പറഞ്ഞു. സാമ്രാജ്യത്വ ആധിപത്യ ശ്രമങ്ങൾക്കും ചൂഷണത്തിനും യുദ്ധോത്സുകതയ്ക്കുമെതിരായ പോരാട്ടങ്ങൾ അതത് രാജ്യങ്ങളിൽ ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് നാലുനാൾ നീണ്ടുനിന്ന സമ്മേളനം സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.