5 November 2024, Tuesday
KSFE Galaxy Chits Banner 2

ലഹരി മരുന്ന് കേസുകളില്‍ കാണാമറയത്ത് 2400 പ്രതികൾ

നിഖിൽ എസ് ബാലകൃഷ്ണൻ
കൊച്ചി
August 20, 2023 10:49 pm

ലഹരി വ്യാപനം തടയാൻ സർക്കാർ ശക്തമായ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമ്പോഴും പിടികിട്ടാപ്പുള്ളികളുടെ എണ്ണം പെരുകുന്നത് തലവേദനയാകുന്നു. കേസിൽ കൃത്യമായ നിയമ നടപടികളും മറ്റും എക്സൈസ് വകുപ്പിൽ നിന്നുണ്ടാകുമ്പോഴും പ്രതികൾ കാണാമറയത്ത് തുടരുന്നത് തുടർ നടപടികൾക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പിടികിട്ടാപുള്ളികളായി കഴിയുന്നത് 2400 പ്രതികളാണ്.

2021 മുതൽ ഈ വർഷം ജൂൺ 30വരെയുള്ള കണക്ക് പ്രകാരമാണ് ഇത്. ഇതേ കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 30, 611 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ മാത്രം 27,710 പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇതിൽ പലരും കൃത്യമായ നിയമനടപടികളിലൂടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. ഇതിൽ തന്നെയാണ് രണ്ടായിരത്തിൽ അധികം പ്രതികൾ ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതികളുണ്ടെന്ന വിവരത്തെ തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു. ചിലർ സംസ്ഥാനം വിട്ടതായും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായതിന് പിന്നാലെ ഉദ്യോഗസ്ഥരെ മർദിച്ചും അല്ലാതെയും ഓടി രക്ഷപ്പെട്ടവരാണ് പിടികിട്ടാപ്പുള്ളികളായി തുടരുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ ഉന്മാദാവസ്ഥയിലാണ് ഇടനിലക്കാർ ലഹരിക്കൈമാറ്റത്തിനായി എത്തുന്നത്. പിടികൂടുമ്പോൾ ഗുരുതരമായി പരിക്കേൽപ്പിച്ച് കടന്നുകളയാനും പ്രതികൾക്ക് മടിയില്ല. അടുത്തിടെ തൃക്കാക്കരയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഉ­ദ്യോഗസ്ഥരെ വെട്ടിപ്പരിക്കേൽപിച്ച് ഓടി രക്ഷപ്പെട്ടത് വാർത്തയായിരുന്നു. തുടർന്ന് രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ലഹരിക്കടത്തിൽ മുന്നിൽ നിൽക്കുന്നത് കഞ്ചാവ് ആണെന്നും എക്സൈസ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

മൂന്ന് വർഷത്തിനിടെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയിഡിലും മറ്റ് ഓപ്പറേഷനിലുമായി പിടിച്ചെടുത്തത് 48.49 കോടി രൂപയുടെ കഞ്ചാവാണ്. ഈ കാലയളവില്‍ കഞ്ചാവ് 8082.748 കിലോ കഞ്ചാവും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് കഴിഞ്ഞാൽ ലഹരിക്കടത്തുകാർക്ക് പ്രിയം ഹാഷിഷാണ്. 4.04 കോടി രൂപയുടെ ഹാഷിഷ് മൂന്നു വർഷത്തിനുള്ളിൽ പിടിച്ചെടുത്തിട്ടുണ്ട്. 4042.828 ഗ്രാം ആണ് ഇതിന്റെ അളവ്. ഇതിന് പുറമേ 4.59 കോടി രൂപയുടെ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. 459.59 ഗ്രാം ആണ് പിടികൂടിയത്. പട്ടികയിൽ മൂന്നാമത് ആണ് ഹാഷിഷ് ഓയിൽ. എംഡിഎംഎയ്ക്കും ആവശ്യക്കാരുണ്ടെന്ന് കണക്കുകൾ തെളിയിക്കുന്നുണ്ട്.

മാരക ലഹരിയുടെ കൂട്ടത്തിൽ പെടുത്താവുന്നതാണ് എംഡിഎംഎ എന്ന ന്യൂജൻ ലഹരി. കഴിഞ്ഞ മൂന്ന വർഷത്തിനിടയിൽ പിടികൂടിയ എം ഡി എം എയുടെ അളവ് 7603.04 ഗ്രാം ആണ്. 3.04 കോടി വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയിട്ടുണ്ട്. മെത്താഫെറ്റാമിൻ 1.35 കോടി, ഹെറോയിൻ 34.58 ലക്ഷം രൂപ എന്നിങ്ങനെ നീളുന്ന പട്ടികയിൽ ഏറ്റവും പിന്നിൽ ലഹരി ആംപ്യൂൾസാണ്. 5000 രൂപയുടെ 10 എണ്ണമാണ് ഇക്കാലയളവിൽ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് പുറമേ എൽഎസ്ഡി 6115 ഗ്രാം, എൽഎസ്ഡി സ്റ്റാമ്പ് 109 എണ്ണം, ബ്രൗൺഷുഗർ 240. 56 ഗ്രാം, മെത്താംഫെറ്റാമിനൻ 3390. 39 ഗ്രാം, ഹെറോയിൻ 1394 ഗ്രാം, ലഹരി ഗുളിക 1755.546 ഗ്രാം, കൊക്കെയിൻ 24.15 ഗ്രാം, ഓപ്പിയം 76.87 ഗ്രാം, ചരസ് 669.285 ഗ്രാമും ഇക്കാലയളവിൽ പിടിച്ചെടുത്തു കഴിഞ്ഞു.

Eng­lish Sam­mury: Excise Depart­ment reg­is­tered drug cases 

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.