22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 24, 2024
August 18, 2024
January 3, 2024
December 29, 2023
November 26, 2023
September 13, 2023
April 25, 2023
March 11, 2023
December 30, 2022
December 16, 2022

വ്യവസായ വകുപ്പിന്‌ കീഴിൽ 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; കെഎംഎംഎലിന്റേത്‌ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം

Janayugom Webdesk
July 8, 2022 5:15 pm

വ്യവസായ വകുപ്പിന് കീഴിലുള്ള 26 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായെന്ന്‌ മന്ത്രി പി രാജീവ്‌. 2021ൽ സംസ്ഥാന സർക്കാർ അധികാരത്തിൽ വരുമ്പോൾ വ്യവസായ വകുപ്പിന് കീഴിലുള്ള 16 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലായിരുന്നത്‌. നിരവധി സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവുമുയർന്ന പ്രവർത്തന ലാഭവും വിറ്റുവരവ്‌ രേഖപ്പെടുത്തിയതും ഈ വർഷമാണെന്ന്‌ മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തത്തോടെ തയ്യാറാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ 2021ലെ പ്രകടനപത്രികയിൽ നാലാമത് നൽകിയിരിക്കുന്ന വാഗ്‌ദാനമാണ് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കുമെന്നത്. ഘട്ടം ഘട്ടമായി ഇതിലേക്ക് അടുക്കുകയാണ് വ്യവസായ വകുപ്പ്. 1058 കോടി രൂപയുടെ വിറ്റുവരവും 332.20 കോടി രൂപയുടെ പ്രവർത്തന ലാഭവും നേടിക്കൊണ്ട് കെഎംഎംഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചു. സംസ്ഥാന ചരിത്രത്തിൽ ഒരു പൊതുമേഖലാ വ്യവസായ സ്ഥാപനം നേടുന്ന ഏറ്റവും ഉയർന്ന പ്രവർത്തന ലാഭവുമാണ് കെഎംഎംഎൽ നേടിയത്.ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, കെൽട്രോൺ കംപോണന്റ് എന്നിവ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചപ്പോൾ മലപ്പുറം സ്‌പിന്നിംഗ് മിൽ, സ്റ്റീൽ ഇഡസ്‌ട്രീസ് കേരള, കാഡ്കോ, പ്രിയദർശിനി സ്പിന്നിംഗ് മിൽ, കേരളാ സിറാമിക്‌സ്, ക്ലേയ്‌സ് ആന്റ് സിറാമിക്‌സ്, കെ കരുണാകരൻ സ്‌മാരക സ്‌പിന്നിംഗ് മിൽ, മലബാർ ടെക്‌സ്റ്റൈൽസ്, മെറ്റൽ ഇൻഡസ്‌ട്രീസ്, ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽ, ടെക്‌സ്റ്റൈൽ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച പ്രകടനവും കാഴ്‌ചവച്ചു.

ഓരോ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാകുന്നതിനായി വികസന സാധ്യതകളും നിലവിലുള്ള സ്ഥാതിഗതികളും വിലയിരുത്തി പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുമെന്ന വാഗ്ദാനം ഇതിനോടകം വ്യവസായ വകുപ്പ് പൂർത്തീകരിച്ചു. റിയാബിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴു വിഭാഗങ്ങളിലായി തിരിച്ച് 2030ഓടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കാനുള്ള മാസ്റ്റർപ്ലാൻ പ്രകാരം 175 പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഷോര്‍ട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടിരൂപയുടെ അധിക നിക്ഷേപം ഉണ്ടാകും.

എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റുവരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17,538 കോടി രൂപയാകുകയും ചെയ്യും. പദ്ധതികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിലവിൽ ജോലി ചെയ്യുന്ന 14,700 പേര്‍ക്ക് പുറമെ 5464 പേര്‍ക്ക് കൂടി ജോലി പുതിയതായി ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: 26 Pub­lic Sec­tor Under­tak­ings under the Indus­tries Depart­ment are in prof­it; KMM­L’s best per­for­mance ever

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.