തിരുവാണിക്കാവില്‍ നിന്ന് ടാറ്റ ലോറിയിൽ കടത്തി കൊണ്ടു വന്ന 2600 ലിറ്റർ സ്പിരിറ്റ് മധ്യ മേഖല കമ്മീഷണർ സ്ക്വാഡും തൃശൂർ റേഞ്ച് പാർട്ടിയും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ അന്വേഷണ സ്ക്വഡും ചേർന്ന് പിടികൂടി. പാലക്കാട് പള്ളിപ്പുറം കള്ളിക്കാട് കേത്തപ്പൻ വീട്ടിൽ ഹരി, കുറുമ്പിലാവ് സ്വദേശി പുളി പറമ്പിൽ വിട്ടിൽ പ്രദീപ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രദീപ് ചാഴുർ പഞ്ചായത്ത് 17 വാര്‍ഡിലെ ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റാണ്. ബാംഗ്ലൂരിൽ നിന്നും 79 കന്നാസുകൾ കാര്‍ഡ്ബോര്‍ഡ് ബോക്സ് ഉപയോഗിച്ച് പാക്ക് ചെയ്ത് മുകളിൽ മുന്തിരി പെട്ടികൾ കൊണ്ട് മറച്ചാണ് സ്പിരിറ്റ് കടത്തിയത്. കടത്തി കൊണ്ട് വന്ന് മണ്ണുത്തിയിൽ പ്രദീപിനെ ഏൽപ്പിക്കുന്നതിനാണ് ഹരി എത്തിയത്. പ്രദീപ് സ്പിരിറ്റ് ലോറി എടുക്കുന്നതിന് കൊടുങ്ങല്ലൂർ സ്വദേശി ജിനീഷുമായി മണ്ണുത്തിയിൽ കാറിൽ എത്തി വണ്ടി കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘമെത്തി ലോറി തടഞ്ഞത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലോറിക്കും കാറിനും മുന്നിലായി ഡിപ്പാർട്ടമെന്റ് വാഹനവും ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനവും ബൈക്കും ഉപയോഗിച്ച് തടഞ്ഞെങ്കിലും ജിനീഷ് അതിവേഗത്തിൽ അപകടകരമായി കാർ ഓടിച്ച് രക്ഷപ്പെട്ടു.. ഇയാളെ പിൻതുടർന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ കാറിൽ ഇടിപ്പിച്ചായിരുന്നു രക്ഷപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തലനാരിഴക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. സ്പിരിറ്റ് ലോറി എടുക്കുന്നതിനായി കാറിൽ നിന്ന് ഇറങ്ങിയിരുന്ന പ്രദീപിനെയും ലോറി ഡ്രൈവർ ഹരിയെയും സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി വ്യാജമദ്യം നിർമിക്കുന്നതിനായാണ് സ്പിരിറ്റ് എത്തിച്ചത്. ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന ജിനീഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
സംഘത്തിൽ മധ്യ മേഖല കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ സി യു ഹരീഷ്, തൃശൂർ റേഞ്ച് ഇൻസ്പെക്ടർ കെ കെ സുധീർ എന്നിവരുടെ നേതൃത്വത്തിൽ അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ടി ജി മോഹനൻ, കെ എസ് സതീഷ് കുമാർ, കെ എം സജീവ്, കമ്മീഷണർ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ കൃഷ്ണ പ്രസാദ്, സ്ക്വാഡ് അംഗങ്ങളായ എം എസ് സുധീർ കുമാർ, ടി ആർ സുനിൽ, പി വി വിശാൽ, പി ബി സിജോമോൻ, ടി എസ് സനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.