23 January 2026, Friday

സംസ്ഥാനത്ത് 28 കൃഷിഭവനുകൾ സ്മാർട്ടാക്കുന്നു

പി ആർ റിസിയ
തൃശൂർ
March 4, 2023 9:43 pm

സംസ്ഥാനത്ത് കാർഷിക സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കാന്‍ സ്മാർട്ട് കൃഷിഭവനുകൾ ഈ മാസം പ്രവർത്തനമാരംഭിക്കും. ഇതോടെ കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളെല്ലാം സ്മാർട്ടാകും. നിലവിൽ കൃഷിഭവനുകൾ വഴി ലഭ്യമാകുന്ന പല പദ്ധതികകളും കർഷകരിലേക്ക് എത്താത്ത അവസ്ഥയുണ്ട്. സബ്സിഡി നിരക്കിൽ പല ജില്ലകളിലും കർഷകർക്ക് വളവും മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും കർഷകർക്ക് ഇതൊന്നും ലഭ്യമാകുന്നില്ലെന്ന പൊതുവെയുള്ള പരാതിക്ക് കൃഷിഭവനുകൾ സ്മാർട്ടാകുന്നതോടെ പരിഹാരമാകും. 

ഒരു ജില്ലയിൽ രണ്ടുവീതം 28 കൃഷി ഭവനുകൾ നവീകരിച്ച് സ്മാർട്ടാക്കാൻ ബഡ്ജറ്റിൽ 10കോടി രൂപ അനുവദിച്ചിരുന്നു. കൃഷിഭവനുകൾ സ്മാർട്ടാക്കുന്നതിലൂടെ പ്രധാനമായും കർഷകർക്ക് ലഭിക്കുന്ന സേവനങ്ങളാണ് സ്മാർട്ടാക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്ത കൃഷിഭവനുകൾക്ക് റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (ആർഐഡിഎഫ്) മുഖേന എല്ലാ ജില്ലകളിലും ഓരോ പുതിയ കൃഷിഭവൻ നിർമ്മിക്കും. ഇതിനായി നബാർഡ് 31.5 കോടിരൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചു. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർമ്മാണം. ഇത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ആർഐഡിഎഫ് ഫണ്ട് മുഖേന 14 കൃഷിഭവനുകൾകൂടി നിർമ്മിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കൃഷിഭവനുകളുടെ പ്രവർത്തനം സുഗമമാക്കാൻ 252 കൃഷി ഓഫീസർമാരുടെ ഒഴിവിലേക്ക് ഉടൻ നിയമനം നടത്തും. 

പൂർണമായും കാർഷിക സൗഹൃദമായ പദ്ധതിയിലൂടെ കൃഷി ഓഫീസർമാരുടെ സഹായം കർഷകർക്ക് നേരിട്ടെത്തിക്കും. കർഷകർക്ക് വീട്ടിലിരുന്നുതന്നെ കൃഷിഭവന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. കർഷകർക്ക് മണ്ണ്, ചെടി എന്നിവ പരിശോധിക്കുന്നതിന് കൃഷിഭവനുകളിൽ വിള ആരോഗ്യക്ലിനിക്ക് സൗകര്യം, ഐടി അനുബന്ധ അടിസ്ഥാനസൗകര്യം, കടലാസ് രഹിത കൃഷിഭവൻ, കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഫ്രണ്ട് ഓഫീസ് ഇൻഫർമേഷൻ സെന്റർ, കർഷകർക്ക് ഐഡി നമ്പരുള്ള സ്മാർട്ട് കാർഡ്, സബ്സിഡി നിരക്കിൽ വിത്ത്, വളം, കാർഷിക ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാകും. അതോടൊപ്പം പുതുതായി ആരംഭിക്കുന്ന സോഫ്റ്റ്വെയറിലൂടെ യുണീക് ഐ ഡി നമ്പർ ഉപയോഗിച്ച് അപേക്ഷകൾ നൽകാനും വിവരം അറിയാനും കഴിയും. ഉല്പന്നങ്ങൾ വിൽക്കാനും സംരംഭകരുമായി ചർച്ചകൾ നടത്തി മാർക്കറ്റിംഗിനും പദ്ധതി വേദിയൊരുക്കും. 

Eng­lish Sum­ma­ry: 28 farm hous­es are being made smart in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.