3.05 കോടി രൂപയുടെ വിള ഇൻഷുറൻസ് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കൃഷിമന്ത്രി പി. പ്രസാദ്. 2021 ഏപ്രിൽ മുതൽ കൃഷിനാശം സംഭവിച്ച കൃഷി ഇൻഷ്വർ ചെയ്ത കർഷകർക്കാണ് ഇത് പ്രയോജനപ്രദമാകുക. ഹരിപ്പാട് കാർഷിക ബ്ലോക്കിൽ കൃഷിവകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ നാലാം ദിവസം മന്ത്രിയും രമേശ് ചെന്നിത്തല എം.എൽ.എ.യും കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തി.
ഹരിപ്പാട് ബ്ലോക്ക് പരിധിയിൽ ഉൾപ്പെടുന്ന ചെറുതന, വീയപുരം, ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളാണ് സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്മാരും മറ്റു ജനപ്രതിനിധികൾക്കുമൊപ്പമായിരുന്നു സന്ദർശനം.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനുമായി സർക്കാർ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കുട്ടനാട് വികസന ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യത്യസ്ത ആവശ്യങ്ങൾ കർഷകരുടെ കൂടെ അഭിപ്രായങ്ങൾ പരിഗണിച്ച് വിവിധ വകുപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. വീയപുരം അച്ഛനാരി പടിഞ്ഞാറ് പാടശേഖരത്തിന് 50 എച്ച്. പി. വി.എ. എഫ് പമ്പ്സെറ്റ് ഉൾപ്പെടെ ഏഴ് കോടി രൂപയോളം 30 പമ്പ്സെറ്റുകൾക്കായി അനുവദിച്ചതായും മന്ത്രി അറിയിച്ചു. കേരള കാർഷിക സർവകലാശാല നെല്ലിലെ വിഷാംശവുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയ്യാറാക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
വിവിധ കൃഷിക്കൂട്ടങ്ങൾക്ക് ആവശ്യമായ യന്ത്രങ്ങൾ 80 ശതമാനത്തിൽ അധികം സബ്‌സിഡി, ഹരിപ്പാട് ബോയ്സ് ഹയർസക്കന്ററി സ്കൂളിൽ പ്രത്യേക കാർഷിക പദ്ധതി, പച്ചക്കറികൾ കൃഷി ചെയ്യുന്ന കൃഷിക്കൂട്ടങ്ങൾക്ക് 55% സർക്കാർ ധനസഹായം തുടങ്ങിയവയ്ക്ക് വേണ്ട നിർദ്ദേശങ്ങളും മന്ത്രി നൽകി.
നെല്ല് സംഭരണം, ധനസഹായ വിതരണം, ജല നർഗമനം, ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങി ഹരിപ്പാട് ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലെ കർഷകർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ അവതരിപ്പിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള അടിയന്തര നടപടികൾ കൃഷിയിടങ്ങളിൽ വച്ച് തന്നെ കൃഷിമന്ത്രി സ്വീകരിച്ചു.
വീയപുരം മുതൽ കാഞ്ഞിരംതുരുത്ത് വരെയുള്ള റോഡ് വികസനത്തിന് എം.എൽ.എമാരായ രമേശ് ചെന്നിത്തല, തോമസ് കെ. തോമസ് എന്നിവർ 50 ലക്ഷം രൂപ വീതം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. എം എൽ എ ഫണ്ടിൽ നിന്നും പള്ളിപ്പാട് പള്ളിക്കൽ മുല്ലേമൂല പാടശേഖരത്തിൽ കരിങ്കൽ ബണ്ട് നിർമ്മിക്കുന്നതിനു ആവശ്യമായ 15 ലക്ഷം രൂപ, പള്ളിപ്പാട് ആയിരത്തും പടവ് പാടശേഖരത്തിന്റെ മോട്ടോർ തറയും ഷെഡും നിർമ്മിക്കുന്നതിന് അഞ്ച് ലക്ഷം രൂപ എന്നിവ അനുവദിച്ചതായും സംസ്ഥാന സർക്കാരിന്റെ പിന്തുണയുടെ കാർഷിക മേഖലയിലെ ജലനിർഗമന മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളിപ്പാട് ചേപ്പാട് പഞ്ചായത്തുകൾ ചേരുന്ന കരിപ്പുഴ പാലം മുതൽ പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം വരെയുള്ള ഇരുകരകളും കൽബണ്ട് ഇല്ലാത്ത സ്ഥലങ്ങളിൽ കൽബണ്ട് കെട്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ അനുമതിയായതായും രമേശ് ചെന്നിത്തല എം.എൽ.എ. അറിയിച്ചു.
സന്ദർശനത്തിൽ കെ.എൽ.ഡി. സി. ചെയർമാൻ ടി. വി. സത്യനേശൻ, കൃഷിവകുപ്പ് സെക്രട്ടറി ബി. അശോക് , കൃഷി ഡയറക്ടർ കെ. അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡിഷണൽ സെക്രട്ടറിമാർ, കൃഷി അഡീഷണൽ ഡയറക്ടർമാർ, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ, മറ്റ് കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
English Summary: 3.05 crore will provide crop compensation insurance; Minister P Prasad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.