
ആഗോള നഗരവൽക്കരണത്തില്‍ അപ്രതീക്ഷിതമായി വന്‍ കുതിച്ചുചാട്ടം സംഭവിച്ചതായി ഐക്യരാഷ്ട്ര സഭയുടെ പഠനം. ‘വേൾഡ് അർബനൈസേഷൻ പ്രോസ്‌പെക്ട്‌സ് 2025’ എന്ന പേരിൽ ഐക്യരാഷ്ട്രസഭയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് റിപ്പോർട്ട് പുറത്തുവിട്ടു. ലോകം കൂടുതൽ വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്നു എന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. 2025‑ലെ കണക്കുകൾ പ്രകാരം ലോക ജനസംഖ്യയുടെ 45 ശതമാനവും നഗരങ്ങളിലാണ് താമസിക്കുന്നത്. 1950‑ൽ ഇത് 20 % മാത്രമായിരുന്നു. 2050 ആകുമ്പോഴേക്കും ഈ സംഖ്യ ഇനിയും വർധിക്കുമെന്ന് പഠനം വിലയിരുത്തുന്നു. ഒരു കോടിയിലധികം ജനസംഖ്യയുള്ള നഗരങ്ങളെയാണ് മെഗാസിറ്റികൾ എന്ന് വിളിക്കുന്നത്. 1975‑ൽ വെറും എട്ട് ആയിരുന്ന മെഗാസിറ്റികളുടെ എണ്ണം 2025‑ൽ 33‑ലേക്ക് ഉയർന്നു. ഇവയിൽ പകുതിയിലധികവും ഏഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്.
2000‑ത്തിൽ 3.03 കോടി ജനസംഖ്യയുമായി ടോക്കിയോ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ നഗരം. 2025‑ൽ ഇതിൽ വലിയ മാറ്റം സംഭവിച്ചു. ജക്കാർത്ത ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി. ധാക്കയും ടോക്കിയോയുമാണ് തൊട്ടുപിന്നിൽ. 2000‑ത്തിൽ ആറാം സ്ഥാനത്തായിരുന്ന ഡൽഹി ഇപ്പോൾ ജനസംഖ്യയിൽ നാലാം സ്ഥാനത്താണ്. 2000‑ത്തിൽ ഡൽഹിയേക്കാൾ മുന്നിലായിരുന്ന കൊൽക്കത്ത ഇപ്പോൾ ഒമ്പതാം സ്ഥാനത്തായി.
2050 ലേക്കെത്തുമ്പോള്‍ മെഗാസിറ്റികളിലെ ജനസംഖ്യ ഇനിയും വർധിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2050‑ലെ കണക്കുകൾ പ്രകാരം ധാക്ക ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാകും. ജക്കാർത്ത, ഷാങ്ഹായ്, ഡൽഹി എന്നിവ തൊട്ടുപിന്നിലെത്തും.
കൊൽക്കത്ത പത്താം സ്ഥാനത്തായിരിക്കും. നിലവിൽ ജനസംഖ്യയിൽ മുന്നിലുള്ള ടോക്കിയോ 2050‑ൽ ഏഴാം സ്ഥാനത്തേക്ക് മാറും. 2025‑നും 2050‑നും ഇടയിലുള്ള ലോക നഗരജനസംഖ്യയിലെ വർധനവ് പ്രധാനമായും ഏഴ് രാജ്യങ്ങളിലായിരിക്കും കേന്ദ്രീകരിക്കുക. ഇന്ത്യ, നൈജീരിയ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, ബംഗ്ലാദേശ്, എത്യോപ്യ. ഈ ഏഴ് രാജ്യങ്ങൾ മാത്രമായി 50 കോടിയിലധികം പുതിയ നഗരവാസികളെ ലോകത്തിന് സമ്മാനിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.