27 December 2025, Saturday

Related news

December 22, 2025
December 21, 2025
December 17, 2025
December 16, 2025
December 13, 2025
December 12, 2025
December 10, 2025
December 9, 2025
December 7, 2025
December 7, 2025

42 മത്സരങ്ങളിലെ അപരാജിത കുതിപ്പിന് അവസാനം; റയലിന്റെ നെഞ്ചത്ത് ബാഴ്സയുടെ ഗോളടി

Janayugom Webdesk
മാഡ്രിഡ്
October 27, 2024 10:00 pm

ലോക ഫുട്ബോളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയ്ക്ക് ആ­ധികാരിക ജയം. സ്വന്തം മൈ­താനമായ സാന്റിയോ ബെര്‍ണബ്യുവില്‍ കാണികള്‍ക്ക് മുമ്പില്‍ നാണംകെട്ട തോല്‍വിയാണ് റയല്‍ വഴങ്ങിയത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ബാഴ്സലോണയുടെ വിജയം. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് നാല് ഗോളുകളും ബാഴ്സ നേടിയത്. 

റോബര്‍ട്ട് ലെവൻഡോസ്ക്കി, ലമീൻ യമാൽ, റഫീഞ്ഞ എന്നിവരാണ് ബാഴ്സയുടെ സ്കോറര്‍മാര്‍. 2023നുശേഷം ആദ്യമായാണ് എല്‍ ക്ലാസിക്കോയില്‍ റയലിനെ ബാഴ്സ വീഴ്ത്തുന്നത്. തോല്‍വിയോടെ പരാജയമറിയാതെയുള്ള റയലിന്റെ 42 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും ബാഴ്സ തടയിട്ടു. ലാ ലിഗ സീസണില്‍ റയലിന്റെ ആദ്യ തോല്‍വിയാണിത്. കിലിയന്‍ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെല്ലാം ഉള്‍പ്പെട്ട റയലിനെ ഒന്നുമല്ലാതാക്കുന്ന ഏകപക്ഷീയ പ്രകടനം റയലിന്റെ മൈതാനത്ത് ബാഴ്സ കാഴ്ചവച്ചു. മികച്ച അവസരങ്ങള്‍ ബാഴ്‌സ നഷ്ടമാക്കിയതാണ് ഗോള്‍ എണ്ണം നാലില്‍ നിന്നത്. ഓഫ്‌സൈഡ് ട്രാപ്പ് ഫലപ്രദമായി നടപ്പിലാക്കിയ ഹാന്‍സി ഫ്ലിക്കിന്റെ സംഘം കിലിയന്‍ എംബാപ്പെയേയും വിനീഷ്യസ് ജൂനിയറിനെയും ജൂഡ് ബെല്ലിങ്ങാമിനെയുമെല്ലാം കെട്ടുപൊട്ടിപ്പായാന്‍ അനുവദിക്കാതെ തളച്ചുനിര്‍ത്തി. എട്ടോളം തവണയാണ് എംബാപ്പെ മത്സരത്തില്‍ ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങിയത്.
54, 56 മിനിറ്റുകള്‍ ലെവന്‍ഡോവ്സ്കിയാണ് റയലിനെ ഞെട്ടിച്ച് രണ്ട് ഗോളുകള്‍ നേടിയത്. ഇതോടെ റയല്‍ ആരാധകരുടെ നെഞ്ച് തകര്‍ന്നു.

തിരിച്ചടിക്കാൻ റയലിന്റെ അതിവേഗ ആക്രമണങ്ങൾ കണ്ടു. 66-ാം മിനിറ്റിൽ എംബാപ്പെ വലയിലെത്തിച്ച പന്ത് വീണ്ടും ഓഫ് സൈഡ്. കസാഡോയ്ക്ക് പകരം ഡാനി ഓല്‍മോ എത്തിയതോടെ മധ്യനിരയില്‍ ബാഴ്‌സയുടെ നീക്കങ്ങള്‍ക്ക് വേഗം കൂടി. ഇതിനിടെ രണ്ട് മികച്ച അവസരങ്ങള്‍ ലെവന്‍ഡോവ്‌സ്‌കിക്ക് നഷ്ടമാകുകയും ചെയ്തു. പിന്നാലെ 77-ാം മിനിറ്റില്‍ ബെര്‍ണബ്യുവില്‍ 17കാരന്‍ ലമിന്‍ യമാല്‍ തന്റെ പാദമുദ്രകള്‍ ഉറപ്പിച്ചു. റഫീഞ്ഞ നല്‍കിയ പന്ത് താരം അനായാസ് വലയിലാക്കുകയായിരുന്നു. എല്‍ ക്ലാസിക്കോയില്‍ താരത്തിന്റെ ആദ്യ ഗോള്‍. 84-ാം മിനിറ്റില്‍ റാഫീഞ്ഞ കൂടി ഗോള്‍ കണ്ടെത്തിയതോടെ ബാഴ്സ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി. വിജയത്തോടെ, 11 കളികളിൽനിന്ന് 10 വിജയങ്ങൾ സഹിതം 30 പോയിന്റുമായി ബാഴ്സലോണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. സീസണിലെ ആദ്യ തോൽവി വഴങ്ങിയ റയൽ മഡ്രിഡ് ആകട്ടെ, ഏഴു ജയവും മൂന്നു സമനിലയും വഴി ലഭിച്ച 24 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.