9 February 2026, Monday

Related news

September 27, 2025
July 18, 2025
April 20, 2025
February 27, 2025
December 31, 2024
November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024

തദ്ദേശ സ്വയംഭരണ വകുപ്പിലെ 433 ഒഴിവുകൾ കൂടി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും

ഈ സർക്കാരിന്റെ കാലത്ത് 5256 പിഎസ്‌സി നിയമനം
Janayugom Webdesk
തിരുവനന്തപുരം
July 18, 2025 7:51 pm

തദ്ദേശ സ്വയംഭരണ വകുപ്പിൽ സംസ്ഥാനതലത്തിൽ 433 എൻട്രി കേഡർ ഒഴിവുകൾ കൂടി ഉടൻ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും. ഒരു ആഴ്ചയ്ക്കകം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി എം ബി രാജേഷ് അടിയന്തര നിർദേശം നൽകി. ഈ ആഴ്ച പൂർത്തിയായ തദ്ദേശ സ്വയംഭരണ വകുപ്പിലെ പൊതുസ്ഥലംമാറ്റത്തെത്തുടർന്ന് നടന്ന സ്ഥാനക്കയറ്റം മൂലം സൃഷ്ടിക്കപ്പെട്ട ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 42 ഓഫിസ് അറ്റൻഡന്റ് ഒഴിവുകൾ ഇന്നലെ ജില്ലാ തലത്തിൽ നിന്ന് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്നലെ അവസാനിക്കാനിരുന്ന റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയായിരുന്നു ഈ ഇടപെടൽ. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ജോയിന്റ് ഡയറക്ടർമാർ അടിയന്തര സ്വഭാവത്തിൽ സ്പെഷ്യൽ ഡ്രൈവിലൂടെ ഈ ഇടപെടൽ നടത്തിയത്. ഇനി റിപ്പോർട്ട് ചെയ്യുന്ന 433ന് പുറമേ, ഈ വർഷം ഇതുവരെ തദ്ദേശ സ്വയംഭരണ വകുപ്പ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത് 1068 ഒഴിവുകളാണ്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ വിരമിക്കലും സ്ഥാനക്കയറ്റവും കണക്കിലെടുത്ത് മുൻപ് തന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ശേഷിക്കുന്നവയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ തദ്ദേശ സ്വയംഭരണ വകുപ്പിൽ വിവിധ തസ്തികകളിലായി 5256 പേർക്കാണ് പിഎസ്‌സി മുഖേന നിയമനം നൽകിയത്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഒഴിവുകൾ അതാത് സമയത്ത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിനായി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി 23, അസിസ്റ്റന്റ് എന്‍ജിനീയർ രണ്ട്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ടു 25, ക്ലർക്ക് 382, തേർഡ് ഗ്രേഡ് ഓവർസിയർ ഒന്ന് എന്നീ ഒഴിവുകളാണ് ഉടൻ റിപ്പോർട്ട് ചെയ്യുന്നത്. പൊതുസ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുമ്പോഴാണ്, ഇതേത്തുടർന്നുണ്ടായ സ്ഥാനക്കയറ്റം മൂലം സൃഷ്ടികപ്പെടുന്ന ഒഴിവുകളും അതേസമയം തന്നെ റിപ്പോർട്ട് ചെയ്യാൻ മന്ത്രി നിർദേശിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത 42 ഓഫിസ് അറ്റൻഡന്റ് ഒഴിവുകൾക്ക് പുറമേ ഈ വർഷം ഇതുവരെ സെക്രട്ടറി 123, ക്ലർക്ക് 180, ലാസ്റ്റ് ഗ്രേഡ് 210, അസിസ്റ്റന്റ് എന്‍ജിനീയർ 68, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ 95, സെക്കന്റ് ഗ്രേഡ് ഓവർസിയർ 124, തേർഡ് ഗ്രേഡ് ഓവർസിയർ 61, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ 31, അസിസ്റ്റന്റ് ടൌൺ പ്ലാനർ രണ്ട്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാല്, ഡ്രാഫ്ട്മാൻ സെക്കന്റ് ഗ്രേഡ് 13, ലൈബ്രേറിയൻ 11, ടൈപ്പിസ്റ്റ് 18, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൂന്ന്, ഡ്രൈവർ 19, തൃശൂർ ഇലക്ട്രിസിറ്റി വിങ്ങിൽ ഇലക്ട്രിസിറ്റി വർക്കർ 50, ജൂനിയർ അസിസ്റ്റന്റ് 10, ഓഫീസ് അറ്റൻഡന്റ് നാല് എന്നിങ്ങനെയുള്ള ഒഴിവുകളാണ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തത്. ഈ നിയമനങ്ങൾ നടന്നുവരികയാണ്. ഇതിന് പുറമേയാണ് പുതുതായി 433 ഒഴിവുകൾ കൂടി റിപ്പോർട്ട് ചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിൽ 2025ലെ സംസ്ഥാനതലത്തിലെ പൊതുസ്ഥലംമാറ്റങ്ങൾ ഈ ആഴ്ചയാണ് പൂർത്തിയായത്. 6747 പേർ സ്ഥലംമാറ്റത്തിന് അപേക്ഷിച്ചതിൽ 4898 പേർക്ക് സ്ഥലംമാറ്റം ലഭിച്ചു. സ്ഥലംമാറ്റത്തോടൊപ്പം തന്നെ സ്ഥാനക്കയറ്റങ്ങൾക്കും ഊന്നൽ നൽകാൻ ഇക്കുറി കഴിഞ്ഞു. ഇത് ജീവനക്കാർക്ക് ഏറെ പ്രയോജനകരമായി. കൂടാതെ, സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് പകരം അതേസമയം തന്നെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രമോഷനിലൂടെ ജീവനക്കാരെ ലഭ്യമാക്കാനും സാധിച്ചു. 2025ലെ പൊതുസ്ഥലം മാറ്റത്തെത്തുടർന്ന് 1065 ജീവനക്കാർക്കാണ് വിവിധ തട്ടുകളിലായി സ്ഥാനക്കയറ്റം നൽകിയത്. ഇതിന് ആനുപാതികമായ എൻട്രി ലെവൽ ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പരാതികൾ പരമാവധി ലഘൂകരിച്ചും, ബാഹ്യഇടപെടൽ ഒഴിവാക്കിയും പൂർണമായും ഓൺലൈൻ സോഫ്റ്റ്‌വേർ വഴിയാണ് സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയത്. 

* ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പിഎസ്‌സി
വഴി തദ്ദേശ സ്വയം ഭരണ വകുപ്പിൽ നടത്തിയ നിയമനങ്ങൾ ( ബോക്സ് )
1. അസിസ്റ്റന്റ് എന്‍ജിനീയർ- 388
2. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2- 164
3. അസിസ്റ്റന്റ് ടൗൺ പ്ലാനർ-13
4. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്- 20
5. ക്ലർക്ക്- 2247
6. ഫസ്റ്റ് ഗ്രേഡ് ഓവർസീയർ-496
7. സെക്കന്റ് ഗ്രേഡ് ഓവർസീയർ ‑840
8. തേർഡ് ഗ്രേഡ് ഓവർസീയർ ‑399
9. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1- 7
10. ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 — 116
11. ട്രേസർ- നാല്
12. ലൈബ്രേറിയൻ- 4
13. ലാസ്റ്റ് ഗ്രേഡ് – 555
14. സെക്രട്ടറി- മൂന്ന് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന)
നഗരസഭകളിൽ എട്ട് വിഭാഗങ്ങളിലായി 371ഉം, പഞ്ചായത്തുകളിൽ 505 ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും തസ്തിക അധികമായി സൃഷ്ടിച്ചിരുന്നു. പൊതുഭരണ വകുപ്പിൽ നിന്ന് അധികമായി 208 ഓഫിസ് അറ്റൻഡന്റുമാരെ പഞ്ചായത്തുകളിലേക്ക് പുനർവിന്യസിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.