
ആഗോള മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ പ്രകടമാകുന്നതായി ഗ്രാജുവേറ്റ് മാനേജ്മെന്റ് അഡ്മിഷൻ കൗൺസിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. 2025 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം അമേരിക്കൻ സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എൻറോൾമെന്റിൽ 45 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഇന്ത്യയിലെ ഗ്രാജുവേറ്റ് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകളിൽ 25 ശതമാനം വർദ്ധനവുണ്ടായതായും റിപ്പോർട്ടുകള്‍ പറയുന്നു. വിസ നയങ്ങളിലെ മാറ്റങ്ങൾ, കറൻസി മൂല്യത്തിലുണ്ടായ ഇടിവ്, ഉയർന്ന ജീവിതച്ചെലവ് എന്നിവയാണ് ഉപരിപഠനത്തിനായി അമേരിക്കയെയും കാനഡയെയും ആശ്രയിച്ചിരുന്ന വിദ്യാർത്ഥികളെ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്.
വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ അഡ്മിഷൻ നടപടികളെയും കാര്യമായി ബാധിക്കുന്നുണ്ട്. അമേരിക്കൻ ബിസിനസ് സ്കൂളുകളിൽ സീറ്റ് ഉറപ്പാക്കാൻ ഫീസ് അടച്ചതിന് ശേഷം വിസ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്തതിനെത്തുടർന്ന് പഠനത്തിനെത്താൻ കഴിയാത്തവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019ൽ 57 ശതമാനം വിദേശ വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിൽ 2025ൽ ഇത് 42 ശതമാനമായി കുറഞ്ഞു. അതേസമയം, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളോടുള്ള താല്പര്യം 63 ശതമാനമായി തന്നെ തുടരുന്നുണ്ട്.
കാനഡ, യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിസ നയങ്ങളിലെ കർശനമായ മാറ്റങ്ങളാണ് അപേക്ഷകർ കുറയാൻ പ്രധാന കാരണമായി വിദ്യാലയങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ പരിധി കാനഡയ്ക്ക് തിരിച്ചടിയായപ്പോൾ, യുകെയിലെ ആശ്രിത വിസ നിയന്ത്രണങ്ങളും പോസ്റ്റ്-സ്റ്റഡി വർക്ക് പിരീഡിലെ കുറവും അപേക്ഷകരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ ഇടിവുണ്ടാക്കി. ഇന്ത്യൻ രൂപയുടെ മൂല്യം 2025 സെപ്റ്റംബറിൽ റെക്കോർഡ് താഴ്ചയിലേക്ക് പോയതും വിദേശപഠനത്തിനുള്ള സാമ്പത്തിക ബാധ്യത വർദ്ധിപ്പിച്ചു. ഇതോടെ സ്ഥാപനങ്ങളുടെ പ്രശസ്തിയേക്കാൾ സാമ്പത്തിക ലാഭത്തിനും വിസ സുതാര്യതയ്ക്കും വിദ്യാർത്ഥികൾ മുൻഗണന നൽകുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ഇന്ത്യ ഒരേസമയം വിദ്യാർത്ഥികളെ വിദേശത്തേക്ക് അയക്കുന്ന പ്രധാന രാജ്യമായും വിദേശ വിദ്യാർത്ഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്ന പ്രധാന കേന്ദ്രമായും മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഏഷ്യ‑പസഫിക് മേഖലയിലെ 54 ശതമാനം പ്രോഗ്രാമുകളിലും അന്താരാഷ്ട്ര എൻറോൾമെന്റ് വർദ്ധിച്ചപ്പോൾ അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഭൂരിഭാഗം പ്രോഗ്രാമുകളിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.