
കേന്ദ്ര അവഗണനയെ തുടര്‍ന്ന് ദേശീയ ആരോഗ്യമിഷന്‍(എൻഎച്ച്എം) പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ സംസ്ഥാന ഇടപെടല്‍. കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂർ നൽകി. 50 കോടി രൂപയാണ് സംസ്ഥാന ധനവകുപ്പ് അനുവദിച്ചത്. മിഷന് കേന്ദ്ര വിഹിതമായി നിശ്ചയിച്ച തുകയിലെ ഒരു ഗഡുപോലും ഏഴു മാസമായിട്ടും കേന്ദ്രം അനുവദിക്കാത്ത സാഹചര്യത്തിൽ, പദ്ധതി പ്രവർത്തനം മുടങ്ങാതിരിക്കാനാണ് സംസ്ഥാന ഇടപെടല്‍. എൻഎച്ച്എമ്മിന് 371 കോടി രൂപയാണ് കേന്ദ്ര വിഹിതം നൽകാമെന്ന് അറിയിച്ചത്. ഇത് നാലു ഗഡുക്കളായി ലഭ്യമാക്കുമെന്ന് അറിയിപ്പിലുണ്ടായിരുന്നു.
സാമ്പത്തിക വർഷത്തിൽ ഏഴു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രൂപയും, കേന്ദ്ര വിഹിതം മുൻകൂറായി 186.66 കോടി രൂപയും നേരത്തെ സംസ്ഥാനം അനുവദിച്ചിരുന്നു. നിലവിൽ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ മരുന്നിന്റെ പണം അടക്കം സമയത്തിന് നൽകാനാകാത്ത സ്ഥിതിയുണ്ട്. ആശ വർക്കർമാരുടെ പ്രതിഫലം, 108 ആബുലൻസ് ജീവനക്കാരുടെ വേതനം ഉൾപ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാനം തുക അനുവദിച്ചതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തിൽ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാരിന്റെ പ്രചരണ സാമഗ്രികൾ ഉപയോഗിക്കണമെന്ന നിബന്ധന വച്ചിട്ടുണ്ട്. ഇതനുസരിച്ച് അങ്കണവാടികളിലെ മാതൃ ‑ശിശു പോഷക പൂരക പദ്ധതികൾ മുതലുള്ള എല്ലാ പദ്ധതികൾക്കും കേന്ദ്ര വിഹിതം വൈകിപ്പിക്കുകയോ, തടയുകയോ ചെയ്യുന്ന സ്ഥിതിയുണ്ട്. ഇതിന്റെ തുടർച്ചയായാണ് എൻഎച്ച്എമ്മിന്റെ വിഹിതവും നിഷേധിക്കുന്നത്.
English Summary: 50 crore has been allocated to the National Health Mission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.