27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 13, 2024
October 23, 2024
October 21, 2024
October 18, 2024
October 5, 2024
August 11, 2024
August 9, 2024
August 7, 2024
July 28, 2024
June 30, 2024

അഞ്ചുവര്‍ഷംകൊണ്ട് കണ്‍സല്‍ട്ടന്‍സിക്ക് കേന്ദ്രം നല്‍കിയത് 500 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2023 10:57 pm

കേന്ദ്ര സർക്കാരിന്റെ 16 മന്ത്രാലയങ്ങളും വകുപ്പുകളും സുപ്രധാന പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സിക്കായിബഹുരാഷ്ട്ര കമ്പനികള്‍ക്ക് നൽകിയത് 500 കോടി. വിവരാവകാശ നിയമത്തിലൂടെ (ആർടിഐ) ലഭിച്ച രേഖകള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് അഞ്ച് വര്‍ഷത്തിനിടെ ഇത്രയും തുക നല്‍കിയതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2017ഏപ്രില്‍ മുതല്‍ 2022 ജൂണ്‍ വരെ കാലയളവില്‍ അഞ്ച് സ്വകാര്യ ഏജൻസികള്‍ക്കായാണ് സര്‍ക്കാര്‍ ഇത്രയേറെ തുക ചെലവഴിച്ചത്. പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്സ്(പിഡബ്ല്യൂസി), ഡോലൈറ്റ് ടൗച്ച് തോമത്സു ലിമിറ്റഡ്, ഏണസ്റ്റ് ആന്റ് യങ് ഗ്ലോബല്‍ ലിമിറ്റഡ്, കെപിഎംജി ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവയ്ക്കും യുഎസ് ആസ്ഥാനമായുള്ള മെക്കിൻസേ ആന്റ് കമ്പനിക്കുമാണ് 308 കണ്‍സല്‍ട്ടൻസി ചുമതലകള്‍ക്കായി 500 കോടി രൂപ കൈമാറിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പെട്രോളിയം പ്രകൃതി വാതകം, ഗ്രാമ വികസനം, ഭരണപരിഷ്കരണം, വാണിജ്യം, വ്യവസായം, കല്‍ക്കരി, ഇലക്ട്രോണിക്സ് ആന്റ് ഐടി, ആരോഗ്യ കുടുംബക്ഷേമം, നൈപുണ്യ വികസനം, പ്രതിരോധം, വ്യോമയാനം, പുനരുപയോഗ ഊര്‍ജം, ഗതാഗതം, വനം-പരിസ്ഥിതി കാലാവസ്ഥ, ടൂറിസം മന്ത്രാലയങ്ങളും പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിനുമുള്ള പദ്ധതികള്‍ക്കാണ് തുക ചെലവഴിച്ചത്. ഇതില്‍ പിഡബ്ല്യൂസിക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്. 92 കരാറുകളില്‍ നിന്നായി 156 കോടിയാണ് കമ്പനി നേടിയത്. ഡോലൈറ്റ് 59 കരാറുകളില്‍ നിന്ന് 130.13 കോടിയും സ്വന്തമാക്കി. എന്നാല്‍ നാല് കരാറുകളുടെ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

ഏണസ്റ്റ് ആന്റ് യങ് ഗ്ലോബല്‍ ലിമിറ്റഡിന് 87 കരാറുകളിലായി 88.05 കോടി ലഭിച്ചു. കമ്പനിക്ക് നല്‍കിയ അഞ്ച് കരാറുകളുടെ വിവരങ്ങളും രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കെപിഎംജി ഇന്റര്‍നാഷണല്‍ ലിമിറ്റഡിന് 66 കരാറുകളിലൂടെ 68.46 കോടി രൂപയും മെക്കിൻസേ ആന്റ് കമ്പനിക്ക് മൂന്ന് കരാറുകളിലായി 50.09 കോടി രൂപയും ലഭിച്ചു.
പെട്രോളിയം മന്ത്രാലയത്തിനുള്ള കരാറുകളാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്- 170 കോടി. കല്‍ക്കരി മന്ത്രാലയത്തിന് കീഴിലെ ഒമ്പത് വകുപ്പുകളില്‍ നിന്ന് 166.41 കോടിയാണ് ബഹുരാഷ്ട്ര കമ്പനികള്‍ നേടിയത്. ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശൻ പദ്ധതിക്കായി 18 കോടി രൂപ ഏണസ്റ്റ് ആന്റ് യങ്ങിന് നല്‍കി.

കേന്ദ്ര പദ്ധതികളുടെ വിലയിരുത്തലിനായി നിതി ആയോഗ് ഏഴ് കരാറുകളിലായി 17.43 കോടി രൂപയും വിവിധ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. 2015 മുതല്‍ മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്മാര്‍ട്ട് സിറ്റി മിഷൻ, സ്വച്ഛ് ഭാരത്, നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികള്‍ക്കായി നരേന്ദ്ര മോഡി സര്‍ക്കാര്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തുക വാരിയെറിയുന്നതായി മുൻകാലങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Eng­lish Sum­ma­ry: 500 crores giv­en by Cen­tral gov­ern­ment for con­sul­tan­cy in five years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.