25 December 2025, Thursday

Related news

December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025
July 18, 2025
July 2, 2025

വായ്പാ പരിധിയിൽ 5,900 കോടി വെട്ടിക്കുറച്ചു

Janayugom Webdesk
കൊച്ചി
December 18, 2025 10:59 pm

സാമ്പത്തിക വർഷം അവസാനിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ സംസ്ഥാനത്തിന് കനത്ത ആഘാതമേല്പിച്ച് വായ്പാ പരിധിയിൽ 5,900 കോടി രൂപയുടെ കുറവ് വരുത്തി കേന്ദ്രസർക്കാർ. വ്യാഴാഴ്ച രാത്രിയാണ് വായ്പാ പരിധി വെട്ടിക്കുറച്ച് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിലവിൽ അറിയിച്ചിരിക്കുന്ന 5,900 കോടി കുറവിന് പുറമെ, കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ പേരിൽ നേരത്തെ വായ്പാ പരിധി വെട്ടിക്കുറച്ചിരുന്നു. ഇതെല്ലാം ചേർത്താൽ ഈ സാമ്പത്തിക വർഷം മാത്രം വായ്പയിലും ഗ്രാന്റിലുമായി സംസ്ഥാനത്തിന് ഏകദേശം 17,000 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിതെന്നും ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്നും മന്ത്രി പറഞ്ഞു.

വായ്പാ വെട്ടിക്കുറവിന് പുറമെ, തൊഴിലുറപ്പ് പദ്ധതി വിഹിതം കുറച്ചതും തിരിച്ചടിയാണ്. ചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്ഥാനങ്ങൾക്ക്‌ വലിയ ബാധ്യത വരുത്തും. കേരളത്തിൽ കഴിഞ്ഞ വർഷം 9.7 കോടി തൊഴിൽ ദിനങ്ങളാണ് ഉണ്ടായത്. 13.72 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്. കേന്ദ്രത്തിന്റെ പുതിയ നീക്കം ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ വരുമാനത്തെയും തൊഴിലിനെയും ഗുരുതരമായി ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജിഎസ‌്ടി നിരക്കുകൾ ഏകീകരിച്ചതിലൂടെയും സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടമാണ് സംഭവിക്കുന്നത്. അടുത്ത വർഷം കേരളത്തിന് 8,000 മുതൽ 10,000 കോടി വരെ കുറവുണ്ടാകുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു. കാറുകളുടെയും മറ്റും നികുതി കുറച്ചത് ഉപഭോഗം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും, യഥാർത്ഥത്തിൽ വൻകിട കമ്പനികൾക്കാണ് ലാഭം ലഭിക്കുന്നതെന്നും സാധാരണക്കാരുടെ ഉല്പന്നങ്ങൾക്ക് വില കുറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അമേരിക്കയുടെ പുതിയ താരിഫ് നയങ്ങൾ കേരളത്തിന്റെ കയറ്റുമതി മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, പ്ലാന്റേഷൻ മേഖല എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കും. ഈ പ്രതിസന്ധി മറികടക്കാൻ മൂലധന നിക്ഷേപത്തിനായി 0.5% അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. ഇത് കേരളത്തിലെ ജനങ്ങളുടെയാകെ പ്രശ്നമാണ്. സംസ്ഥാനത്തിന് അർഹമായ വിഹിതം നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപെൻഷൻ ഉൾപ്പെടെ മുടങ്ങാതെ കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.