23 September 2024, Monday
KSFE Galaxy Chits Banner 2

കൊലയാളി ഈച്ചകളുടെ കൂടുകളിലേക്ക് ബസ് മറിഞ്ഞു; കുത്തേറ്റ് മരിച്ചത് ആറ് പേര്‍

web desk
നിക്വരാഗ
May 11, 2023 8:51 pm

നിക്വരാഗയില്‍ ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലെ ആഫ്രിക്കന്‍ തേനീച്ചക്കൂട്ടത്തിലേക്ക് മറിഞ്ഞ് ആറ് പേര്‍ ഈച്ചകളുടെ കുത്തേറ്റ് മരിച്ചു. ജിനോടെഗയിൽ നിന്നും സെബാസ്റ്റ്യൻ ഡി യാലിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മലയിടുക്കുകളിലെ റോഡിലൂടെയുള്ള യാത്രക്കിടെ യന്ത്ര തകരാര്‍ സംഭവിച്ചാണ് അപകടമെന്നാണ് ജീവനക്കാര്‍ പറയുന്നത്. റോഡിൽ നിന്നും തെന്നിമാറി 165 അടി താഴ്ച്ചയിലേക്കാണ് ബസ് പതിച്ചത്. താഴെയുള്ള കാപ്പിത്തോട്ടത്തില്‍ നിന്ന ബസിന്റെ വീഴ്ചയുടെ ആഘാതത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല. 

എന്നാൽ, ബസ് നിലത്തേക്ക് തെന്നി പോകുന്നതിനിടെ നിരവധി തീനീച്ച കൂടുകള്‍ തകര്‍ന്നു. ‘കില്ലർ ബീസ്’ എന്ന് വിളിക്കുന്ന ആഫ്രിക്കൻ തേനീച്ചകളുടെ കൂടുകളായിരുന്നു ഇത്. കൂട്ടത്തോടെ പറന്ന തേനീച്ചകളുടെ ആക്രമണത്തിൽ എട്ടു വയസുള്ള ഒരു പെൺകുട്ടി ഉൾപ്പടെ ആറു പേർക്കാണ് ജീവൻ നഷ്ടമായത്. കുത്തേറ്റ 14 പേർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുമാണ്. 

കൊലയാളി ഈച്ചകൾ

യൂറോപ്യൻ തേനീച്ചകളുടെയും ശുദ്ധ ആഫ്രിക്കൻ തേനീച്ചകളുടെയും സങ്കര വർഗത്തില്‍പ്പെട്ടതാണ് കില്ലർ ബീസ് എന്ന കൊലയാളി ഈച്ചകൾ. ബ്രസീലിൽ തേൻ ഉല്പാദനം വർധിപ്പിക്കുന്നതിന് 1956 ൽ ആഫ്രിക്കൻ തേനീച്ചകളെ ഇറക്കുമതി ചെയ്തിരുന്നു. തൊട്ടടുത്ത വർഷം അതിലെ പല ഈച്ചകളും കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് യൂറോപ്യൻ തേനീച്ചകളുമായി ചേര്‍ന്നു. അങ്ങനെയാണ് ഈ കൊലയാളി ഈച്ചകൾ വ്യാപിച്ചതെന്നാണ് നിരീക്ഷകരുടെ പഠനം. തങ്ങളുടെ ആവാസ വ്യവസ്ഥക്ക് ഏതെങ്കിലും വിധത്തിൽ ശല്യമുണ്ടായാൽ മറ്റിനം തേനീച്ചകളെക്കാൾ പത്തിരട്ടി വേഗത്തിൽ ഇവ പ്രതികരിക്കും. മാത്രമല്ല നിശ്ചിത സമയത്ത് മറ്റുള്ളവയെക്കാൾ പത്തിരട്ടി തവണ കുത്താനും ഇവയ്ക്ക് കഴിയും.

1950കളുടെ മധ്യത്തിനു ശേഷം ബ്രസീലിൽ ഈയിനം കൊലയാളി ഈച്ചകൾ ചുരുങ്ങിയത് 1000 പേരെയെങ്കിലും കൊന്നിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. ബ്രസീലിൽ നിന്നും യാത്ര തുടർന്ന് കൊലയാളി ഈച്ചകൾ ഇപ്പോൾ നിക്കാരാഗ്വേയിലും അമേരിക്കൻ ഐക്യനാടുകളിലും വ്യാപിച്ചുകഴിഞ്ഞു.

 

Eng­lish Sam­mury: 6 Peo­ple Killed By ‘Killer Bees’ After Bus Crash­es into Hives In Nicaragua

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.