ന്യൂഡല്‍ഹി
June 13, 2024 8:11 pm
പത്തുവര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളിലായി ജീവന്‍ നഷ്ടമായത് 63,000 ത്തിലേറെ ഇന്ത്യക്കാര്‍ക്ക്. ഇതില്‍ 29,000 പേര്‍ മരിച്ചത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണെന്നും കണക്കുകള്‍ പറയുന്നു. 87,51,086 ഇന്ത്യാക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നുവെന്നാണ് 2022 ഡിസംബര്‍ ഒമ്പതിന് ലോക്‌സഭയില്‍ ഉന്നയിക്കപ്പെട്ട ഒരു ചോദ്യത്തിന് ലഭിച്ച മറുപടി. ഇതില്‍ യുഎഇയില്‍ മാത്രം 35,54,274 ഇന്ത്യാക്കാരുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത് സൗദി അറേബ്യയാണ്. 24,65,464 ഇന്ത്യാക്കാരാണ് സൗദിയിലുള്ളത്.
ഖത്തറില്‍ 8,44,499 ഇന്ത്യാക്കാരുണ്ട്. കുവൈറ്റില്‍ 9,24,687, പേരും ഒമാനില്‍ 6,53,500 ഇന്ത്യാക്കാരും ജീവിക്കുന്നു. ബഹ്റൈനിലാണ് ഇന്ത്യന്‍ പ്രവാസികളുെട എണ്ണം ഏറ്റവും കുറവ്. ഇവിടെ കേവലം 3,08,662 ഇന്ത്യാക്കാര്‍ മാത്രമാണ് ഉള്ളത്. 2014 നും 2023 നുമിടയില്‍ 63,211 ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളാണ് വിവിധ അപകടങ്ങളിലായി മരിച്ചതെന്ന് ലോക്സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2020ലാണ് ഏറ്റവും കൂടുതല്‍ അപകട മരണങ്ങള്‍. 8804 ഇന്ത്യാക്കാര്‍ക്ക് 2020 ല്‍ മാത്രം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവന്‍ നഷ്‌ടമായി. 2021ല്‍ 7928 പേര്‍ മരിച്ചു. 2023 ല്‍ 6692 ഇന്ത്യക്കാരാണ് ഗള്‍ഫ് മേഖലയില്‍ മരിച്ചത്.
2022 ല്‍ 6159 തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്‌ടമായി. 2018 ല്‍ 6014 പേരും 2016 ല്‍ 6013 പേരും മരിച്ചു. 2015 ല്‍ 5786 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. 2017ല്‍ ഇത് 5604 ആയിരുന്നു. 2014ല്‍ 5388 പേര്‍ മരിച്ചു. 2019ല്‍ ഇത് 4823 ആയിരുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 10922 പേരാണ് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇവിടെ മരിച്ചത്. യുഎഇ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ മരണസംഖ്യ യഥാക്രമം 9,509, 3,919, 2,498,1,523 എന്നിങ്ങനെയാണ്. ഏറ്റവും കുറവ് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ജീവന്‍ നഷ്‌ടമായ ഗള്‍ഫ് രാജ്യം ബഹ്റൈന്‍ ആണ്. 1,212 പേര്‍ മാത്രമാണ് ഇവിടെ മരിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു.
1970 ല്‍ എണ്ണ വ്യവസായ രംഗത്തുണ്ടായ കുതിപ്പോടെയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്‍ വര്‍ധനയുണ്ടായത്. സാമ്പത്തിക പുരോഗതി വര്‍ധിക്കുന്നത് അനുസരിച്ച് അങ്ങോട്ടുള്ള കുടിയേറ്റത്തിലും വർധനയുണ്ടായി.
നിലവില്‍ അവിടെ ജോലി ചെയ്യുന്ന 70 ശതമാനം ഇന്ത്യാക്കാരും നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികളോ സാങ്കേതിക വിദഗ്‌ധരോ വീട്ടുജോലിക്കാരോ ഡ്രൈവര്‍മാരോ ആണ്. കഴിഞ്ഞ പതിറ്റാണ്ട് മുതല്‍ നൈപുണ്യവും ഉയര്‍ന്ന നൈപുണ്യവുമുള്ളവരുടെ ഗള്‍ഫ് കുടിയേറ്റത്തിലും വന്‍ വർധന ഉണ്ടായിട്ടുണ്ട്.
കൃത്യമായി വേതനം കിട്ടാത്തതും അധിക സമയം ജോലിചെയ്യുന്നതിന് അലവന്‍സ് കിട്ടാത്തതും തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതും താമസ അവകാശ രേഖകള്‍ പുതുക്കി നല്‍കാത്തതുമടക്കമുള്ള പ്രശ്‌നങ്ങളാണ് നിലവില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫ് മേഖലയില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. പ്രതിവാര അവധി, ദീര്‍ഘമായ ജോലി സമയം, ഒറ്റപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഇവര്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും രാജ്യത്തേക്ക് മടങ്ങി വരാനും വന്നാല്‍ തിരികെ പോകാനുമുള്ള അനുമതി പ്രശ്‌നങ്ങളും ഇവര്‍ അനുഭവിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.