കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസികമായ സമരപോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടംപിടിച്ച ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് ഫെബ്രുവരി 28 ന് 75 വയസാകുന്നു. സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറിന്റെയും സഹപ്രവർത്തകരോടുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും മുന്നിൽ മറ്റൊന്നും ചിന്തിക്കാതെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ നടത്തിയ ഒരു സാഹസികമായ സമരമാണ് ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം.
ലോക്കപ്പിനുള്ളിൽ പൊലീസുകാരുടെ ക്രൂര മർദനത്തിന് വിധേയരാകുന്ന പ്രീയപ്പെട്ട രണ്ടു സഖാക്കളുടെ ജീവൻ രക്ഷിക്കണമെന്ന ഒരു ലക്ഷ്യം മാത്രമാണ് അന്ന് പോണേക്കരയിൽ നിന്നും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി കെ സി മാത്യുവിന്റെ നേതൃത്വത്തിൽ നീങ്ങിയ 17 പേരടങ്ങിയ സംഘത്തിനുണ്ടായിരുന്നത്. 1950 ഫെബ്രുവരി 28 ന് പുലർച്ചയോടെയാണ് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കടന്ന് സഹപ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്.
1950 മാർച്ച് ഒമ്പതിന് അഖിലേന്ത്യാ റെയിൽവേ പണിമുടക്കിന് യൂണിയൻ ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് വിജയിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ബി ടി രണദിവെ എല്ലാ ഘടകങ്ങളോടും ആവശ്യപ്പെട്ടു. റയിൽവേ പണിമുടക്ക് വിജയിക്കണമെങ്കിൽ യൂണിയൻ മാത്രം വിചാരിച്ചാൽ നടക്കില്ലെന്നും പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ ഇടപെടണമെന്നുമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇടപ്പള്ളിയിൽ ട്രെയിൻ തടയുവാനും മറ്റുമുള്ള കാര്യങ്ങൾ ഇടപ്പള്ളി പോണേക്കര കാടിപറമ്പത്ത് യോഗം ചേർന്ന് തീരുമാനിക്കാൻ നിശ്ചയിച്ചിരുന്നു. അതുപ്രകാരം എം എം ലോറൻസ്, എസ് ശിവശങ്കരപ്പിള്ള വി വിശ്വനാഥമേനോൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പോണേക്കരയിലെ യോഗത്തിൽ പങ്കെടുക്കാനെത്തി. അപ്പോഴാണ് കെ സി മാത്യു ‘നമ്മുടെ രണ്ടു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു ഇടപ്പള്ളി ലോക്കപ്പിൽ ഇട്ടിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. അതിൽ ഒരാൾ പൊലീസ് ലോക്കപ്പ് മർദനത്തിൽ മരിച്ചിട്ടുണ്ട്. കൂടെയുള്ള സഖാവിനെയെങ്കിലും നമുക്ക് രക്ഷപെടുത്തണം. ഇനി വൈകിക്കൂടാ, നേരം പുലർന്നാൽ ആ സഖാവും ചിലപ്പോൾ മരണപ്പെടും’ എന്ന് വളരെ വേദനയോടെയും പ്രതിഷേധത്തോടെയും പറയുന്നത്. അങ്ങനെയാണ് പുലർച്ച കൂരാക്കൂരിരുട്ടത്ത് പോണേക്കരയിൽ നിന്നും കുറേദൂരം റെയിലിലൂടെ നടന്ന് ഇടപ്പള്ളി ജങ്ഷനിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കെ സി മാത്യുവിന്റെ നേതൃത്വത്തിൽ പതിനേഴ് അംഗസംഘം നീങ്ങുന്നത്. പോലീസ് സ്റ്റേഷൻ അക്രമണത്തിന്റെ ഭവിഷ്യത്ത് ചിലർക്ക് തോന്നിയെങ്കിലും അതൊന്നും വകവെക്കാതെ സഹപ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള മാർഗം മാത്രമായിരുന്നു അവരുടെ ചിന്ത. കെ സി മാത്യു ”അറ്റാക്ക് ” എന്ന് പറഞ്ഞതോടെ കയ്യിൽ കരുതിയ വാക്കത്തികളും മരവടികളും ഏറുപടക്കവും കയ്യിലേന്തി സ്റ്റേഷനിലേക്ക് ഇരച്ചുകയറിയുള്ള ഒരു മിന്നലാക്രമണമായിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തിൽ പൊലീസ് ഭയന്നു. ചെറുത്തുനിൽപ്പ് തുടർന്നു. പൊലീസുകാരായ ചിലർ ഓടിക്കളഞ്ഞു. ഇതിനിടയിൽ മർദ്ദനത്തിൽ അവശരായി ലോക്കപ്പിൽ കഴിയുന്ന എൻ കെ മാധവൻ, മഞ്ഞുമ്മൽ വറീതുകുട്ടി എന്നിവരെ കണ്ടു. രക്ഷപെടുത്താനുള്ള ശ്രമവും തുടർന്നു. ലോക്കപ്പിന്റെ താഴ് കയ്യിലുണ്ടായിരുന്ന വാക്കത്തിക്കൊണ്ടു വെട്ടിപ്പൊളിക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. അപ്പോഴാണ് അരോഗ്യദൃഢഗാത്രനായ കൊറുങ്കോട്ടയിലെ വി സി ചാഞ്ചൻ അവിടെയുണ്ടായിരുന്ന തോക്കെടുത്ത് അതിന്റെ പാത്തികൊണ്ട് പൂട്ട് പൊളിക്കാൻ ശ്രമിച്ചത്. വലിയ ശബ്ദം ഉണ്ടായതോടെ സമീപത്തെ ആളുകൾ എഴുന്നേൽക്കുവാൻ തുടങ്ങി. ഇതിനിടയിലുണ്ടായ ചെറുത്തുനിൽപ്പിനിടയിൽ മാത്യു, വേലായുധൻ എന്നീ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. മർദനത്തിന് ഇരയായി ലോക്കപ്പിൽ കഴിയുന്ന രണ്ടു സഖാക്കളെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന വിവരം അറിഞ്ഞ് നഗരത്തിലെ ക്യാമ്പിൽ നിന്നും കൂടുതൽ പൊലീസുകാർ എത്തിയേക്കുമെന്ന ആശങ്കയിൽ സംഘം സ്റ്റേഷൻ വിടുകയായിരുന്നു. പിറ്റേദിവസം മുതൽ പൊലീസ് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടി. കൈയിൽ കിട്ടിയവരെയെല്ലാം തല്ലിച്ചതച്ചു.
ക്രൂര മർദനമാണ് പൊലീസ് അഴിച്ചുവിട്ടത്. സംഭവത്തെക്കുറിച്ച് അറിവുപോലുമില്ലാതിരിയുന്ന പയ്യപ്പിള്ളി ബാലൻ, കെ എ രാജൻ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്‍തത്. ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്ത കെ സി മാത്യു, എം എം ലോറൻസ്, എസ് ശിവശങ്കരപ്പിള്ള, കെ യു ദാസ്, വി സി ചാഞ്ചൻ ഉൾപ്പെടെയുള്ളവരെ പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. കൊടിയ മർദനമാണ് ഇവർക്ക് നേരിടേണ്ടിവന്നത്. ജില്ലയിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളും പ്രവർത്തകരുമായ എത്രയോ പേരാണ് പൊലിസിന്റെ മൃഗീയമായ മർദനമുറകൾക്ക് വിധേയനായത്. 17 പേർ പങ്കെടുത്ത സംഭവത്തിൽ 33 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പൊലീസ് മർദനത്തിൽ ഗുരുതരമായ പരിക്കേറ്റ കെ യു ദാസിന് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ആ സഖാവ് മരണത്തിന് കീഴടങ്ങി.
പിടിക്കപ്പെട്ടവരിൽ ഏറെയും ഈ ഉദ്യമത്തിൽ പങ്കെടുക്കാത്തവരായിരുന്നു. അന്നാ ചാണ്ടിയുടെ കോടതി പ്രതികളെ ജീവനപര്യന്തം തടവിന് ശിക്ഷിച്ചു. വിയ്യൂർ സെൻട്രൽ ജയിലിലിട്ടു. കേസിൽ 22 മാസത്തോളം വിചാരണ തടവുകാരനായി ജയിലിൽ കിടന്ന എം എം ലോറൻസ് കൊൽക്കത്ത ഹൈക്കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിൽ വാദിച്ച് സുപ്രീം കോടതിവരെ പോയാണ് കേസിൽ നിന്നും ഒഴിവാക്കപ്പെട്ടത്. പ്രമുഖ ക്രിമിനൽ വക്കീലന്മാരാണ് ഈ കേസിൽ കോടതിയിൽ ഹാജരായത്. 1957 ൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ എടുത്ത തീരുമാനത്തെ തുടർന്ന് 1957 ഏപ്രിൽ 12 ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലെ എല്ലാ പ്രതികളേയും സർക്കാർ മോചിപ്പിച്ചു.
ഈ സമരത്തിൽ പങ്കെടുത്തവരിൽ അവശേഷിച്ചിരുന്ന എം എം ലോറൻസും ഏതാനും മാസം മുൻപ് വിടപറഞ്ഞു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ അമ്പതാം വാർഷികദിനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ആയിരുന്ന എസ് ശിവശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ വിപുലമായി പരിപാടി സംഘടിപ്പിച്ചിരുന്നു. സമരത്തിൽ പങ്കെടുത്തവരുടെ മക്കളും ബന്ധുക്കളും പാർട്ടി പ്രവർത്തകരും മരണപ്പെട്ട പൊലീസുകാരന്റെ മക്കളുമെല്ലാം ഓർമ്മദിനത്തിൽ ഒത്തുകൂടാറുണ്ട്. സായുധ സമരം നടത്തണമെന്ന കൽക്കത്ത തീസിസിന്റെ പ്രേരണയാണ് ഇത്തരമൊരു ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള ചർച്ചകളും വിവാദങ്ങളും ഉയർന്നിരുന്നു. സിപിഐ അതിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എങ്കിലും ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്ക് ഈ പോരാട്ടം ശക്തി പകർന്നിട്ടുണ്ടെന്ന് സമരത്തിണ് ശേഷം ഇടപ്പള്ളി ശിവൻ എന്നറിയപ്പെട്ട എസ് ശിവശങ്കരപ്പിള്ള ഒരിക്കൽ പറയുകയുണ്ടായി.
കെ സി മാത്യു, കെ യു ദാസ്, എസ് ശിവശങ്കരപ്പിള്ള, കെ എ ഏബ്രഹാം, മഞ്ഞുമ്മൽ കൃഷ്ണൻകുട്ടി, ഒ രാഘവൻ, എം എ അരവിന്ദാക്ഷൻ, വി സി ചാഞ്ചൻ, വി പി സുരേന്ദ്രൻ, വി കെ സുഗുണൻ, കുഞ്ഞൻ ബാവ (കുഞ്ഞുമോൻ), ടി ടി മാധവൻ, സി എൻ കൃഷ്ണൻ, എം എം ലോറൻസ്, വി വിശ്വനാഥമേനോൻ, കുഞ്ഞപ്പൻ, കൃഷ്ണപിള്ള എന്നിവരാണ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്തത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ കെട്ടിടം നിലനിർത്തി ഒരു ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യം പലരും ഇതിനോടകം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
ഇക്കുറി ഫെബ്രുവരി 28 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ 75 -ാം വാർഷികം എറണാകുളം ടൗൺഹാളിൽ വിപുലമായി സംഘടിപ്പിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.